കൈതോലപ്പായയിൽ പണകടത്ത് പോലീസ് അന്വേഷണം
ഡിജിപിക്ക് നൽകിയ പരാതി തിരുവനന്തപുരം ഡിസിപി അജിത് കുമാർ അന്വേഷിക്കും. സാമൂഹിക മാധ്യമങ്ങൾ വഴി അപമാനിക്കുന്നുവെന്ന കെ സുധാകരന്റെ പരാതിയും ഡിസിപിക്ക് കൈമാറിയിട്ടുണ്ട്. സിപിഎമ്മിന് എതിരായ പരാതികൾ അന്വേഷിക്കുന്നില്ലെന്ന രാഷ്ട്രീയ വിമർശനം ശക്തമായിരിക്കെയാണ് കോൺഗ്രസ് നേതാക്കളുടെ പരാതികളിൽ അന്വേഷണത്തിനുള്ള നിർദേശം
തിരുവനന്തപുരം | കൈതോലപ്പായയിൽ പണം കൊണ്ടുപോയെന്ന ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി ശക്തിധരന്റെ ആരോപണത്തിൽ പൊലീസ് അന്വേഷണം. ശക്തിധരന്റെ ആരോപണം അന്വേഷിക്കണമെന്ന കോൺഗ്രസ് നേതാവ് ബെന്നി ബഹ്നാന്റെ പരാതിയിലാണ് അന്വേഷണം. ഡിജിപിക്ക് നൽകിയ പരാതി തിരുവനന്തപുരം ഡിസിപി അജിത് കുമാർ അന്വേഷിക്കും. സാമൂഹിക മാധ്യമങ്ങൾ വഴി അപമാനിക്കുന്നുവെന്ന കെ സുധാകരന്റെ പരാതിയും ഡിസിപിക്ക് കൈമാറിയിട്ടുണ്ട്. സിപിഎമ്മിന് എതിരായ പരാതികൾ അന്വേഷിക്കുന്നില്ലെന്ന രാഷ്ട്രീയ വിമർശനം ശക്തമായിരിക്കെയാണ് കോൺഗ്രസ് നേതാക്കളുടെ പരാതികളിൽ അന്വേഷണത്തിനുള്ള നിർദേശം.കൈതോലപ്പായയിൽ ഉന്നത സിപിഎം നേതാവ് പണം കടത്തിയെന്നാണ് ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി ശക്തിധരന്റെ ആരോപണം. കൈതോലപ്പായയിൽ പൊതിഞ്ഞ് രണ്ട് കോടി മുപ്പത്തിഅയ്യായിരം രൂപ (2,00,35,000) ഉന്നത സിപിഎം നേതാവ് കൈപ്പറ്റിയെന്നായിരുന്നു ജി ശക്തിധരന്റെ ആരോപണം. ഫെയ്സ്ബുക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഗുരുതര ആരോപണം ഉന്നയിച്ചത്. പണം കൊണ്ടുപോയത് നിലവിലെ മന്ത്രിസഭയിലെ ഒരു അംഗം സഞ്ചരിച്ച കാറിലാണെന്നും ശക്തിധരൻ ഫേസ് ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു.
ആരോപണം ഉയർന്നതിന് പിന്നാലെ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പരാതി നൽകി. എന്നാൽ ദിവസങ്ങൾ പിന്നിട്ടിട്ടും നടപടിയുണ്ടായില്ല. ആക്ഷേപത്തിൽ കേസെടുക്കാത്തതും മുഖ്യമന്ത്രി മൗനം തുടരുന്നതും കോൺഗ്രസ് തുടർച്ചയായി ആയുധമാക്കി. കേസെല്ലാം പ്രതിപക്ഷനേതാക്കൾക്കെതിരെ മാത്രം, മുഖ്യമന്ത്രിക്കും സിപിഎം സംസ്ഥാന സെക്രട്ടറിക്കുമെതിരെ ആരോപണങ്ങളും പരാതികളുമുണ്ടായിട്ടും പൊലീസിന് അനക്കമില്ലെന്നും പ്രതിപക്ഷനേതാവ് അടക്കം വിമർശിച്ചു. പിന്നാലെയാണ് പൊലീസ് പ്രാഥമികാന്വേഷണത്തിന് തീരുമാനിച്ചത്.