ബാലരാമപുരത്തെ രണ്ട് വയസ്സുകാരിയുടെ കൊലപാതകം പൂജാരി പൊലീസ് കസ്റ്റഡിയിൽ

പൂജാരിയെ ചോദ്യം ചെയ്യലിനായി ഇപ്പോൾ സ്റ്റേഷനിൽ എത്തിച്ചിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്കകം കൊലപാതകത്തിൽ പ്രദീപിനും പങ്കുണ്ടോയെന്ന് വ്യക്തമാകും.ശ്രീതുവിനെതിരെ ഭർത്താവും ഭർതൃപിതാവും പൊലീസിന് മൊഴി നൽകി

തിരുവനന്തപുരം| ബാലരാമപുരത്തെ രണ്ട് വയസ്സുകാരിയുടെ കൊലപാതകത്തിൽ അമ്മ ശ്രീതുവുമായി അടുപ്പമുണ്ടായിരുന്ന പൂജാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കരിക്കകം സ്വദേശി പ്രദീപിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കരിക്കകത്ത് മൂകാംബിക മഠം എന്ന പേരിൽ ഇയാൾ ആശ്രമം നടത്തി വരികയായിരുന്നു. പ്രദീപ് കുമാറിന്റെ ഇപ്പോഴത്തെ പേര് ശംഖുമുഖം ദേവീദാസൻ എന്നാണ്. മുൻപ് കാഥികൻ എസ്‌പി കുമാറായി മാറിയ ഇയാൾ അതിന് ശേഷം ദേവീദേവസനെന്ന മന്ത്രവാദിയായി മാറുകയായിരുന്നു. ഇയാളുടെ കൂടെ മന്ത്രവാദങ്ങളിൽ സഹായിയായി ശ്രീതു പോയിരുന്നു.

കുടുംബത്തിന് സാമ്പത്തിക അഭിവൃദ്ധി നേടുന്നതിന് കുട്ടി തടസ്സമാകുമെന്ന ഉപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ കൊലപാതകമാണോ ഇതെന്നും പൊലീസ് പരിശോധിക്കും. പൂജാരിയെ ചോദ്യം ചെയ്യലിനായി ഇപ്പോൾ സ്റ്റേഷനിൽ എത്തിച്ചിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്കകം കൊലപാതകത്തിൽ പ്രദീപിനും പങ്കുണ്ടോയെന്ന് വ്യക്തമാകും.ശ്രീതുവിനെതിരെ ഭർത്താവും ഭർതൃപിതാവും പൊലീസിന് മൊഴി നൽകി. മരണത്തിൽ ശ്രീതുവിൻ്റെ പങ്ക് പരിശോധിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. തന്നെ ശ്രീതു അനുസരിക്കാറില്ലെന്ന് ശ്രീജിത്ത് പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞിരുന്നു. അതേസമയം, കൊലപാതകത്തിൽ അമ്മയെ കുറ്റവിമുക്തയാക്കിയിട്ടില്ലെന്ന് റൂറൽ എസ്പി കെ.എസ് സുദർശൻ അറിയിച്ചു. പ്രതിയായ ഹരികുമാറിനെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. ഫോൺ രേഖകളും സാഹചര്യതെളിവുകളും പരിശോധിക്കും. നഷ്ടമായ ചാറ്റുകൾ തിരിച്ചെടുത്ത് വാട്സാപ്പ് സന്ദേശങ്ങളെക്കുറിച്ചും അന്വേഷിക്കുമെന്ന് എസ്പി പറഞ്ഞു.

അതേസമയം ബാലരാമപുരത്തെ രണ്ടുവയസുകാരിയുടെ കൊലപാതകത്തിൽ തന്റെ ഭർത്താവിന് ബന്ധമില്ലെന്ന് പൂജാരിയായ ദേവീദാസിന്റ ഭാര്യ. തങ്ങളുടെ വീട്ടിൽ മന്ത്രവാദം നടക്കുന്നില്ല. അദ്ദേഹം ജ്യോതിഷം മാത്രമാണ് പഠിപ്പിക്കുന്നത്. ശ്രീതുവും ഹരികുമാറും ഇതുവരെ വീട്ടിൽ വന്നിട്ടില്ല. സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട കേസ് ആണെന്ന് പറഞ്ഞാണ് പൊലീസ് അദ്ദേഹത്തെ കൊണ്ടുപോയതെന്നും കുട്ടി മരിച്ചത് ഇതുവരെ അറിഞ്ഞിരുന്നില്ലെന്നും ദേവീദാസിന്റെ ഭാര്യ പറഞ്ഞു

You might also like

-