ശസ്ത്രക്രിയ വിശ്രമത്തിലായിരുന്ന ആരോഗ്യപ്രവർത്തകയെ പോലീസ് മർദിച്ചതായിപരാതി

ലാത്തിയടിയേറ്റ് ഓടിയവർ സമീപത്തെ വീടുകളിലേക്ക് കയറി. പിന്തുടർന്നെത്തിയ പോലീസുകാർ ഗർഭപാത്രം നീക്കം ചെയ്ത് വീട്ടിൽ വിശ്രമത്തിലായിരുന്ന അജിതയെ മർദിച്ചതായി നാട്ടുകാർ പറയുന്നു.

0

വട്ടിയൂർക്കാവ് : ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിൽ വിശ്രമത്തിലായിരുന്ന ആരോഗ്യപ്രവർത്തകയെ പോലീസ് മർദിച്ചതായി ആരോപണം. മർദനമേറ്റ കാഞ്ഞിരംപാറ വി.കെ.പി. നഗർ സ്വദേശിനി അജിതയെ(52) പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം.കോളനിയിൽ രണ്ടുപേർ മദ്യപിച്ച് ബഹളമുണ്ടാക്കുന്നതായി വിവരം ലഭിച്ചതിനെത്തുടർന്നാണ് വട്ടിയൂർക്കാവ് പോലീസ് കോളനിയിൽ എത്തിയത്. പോലീസ് ഇടപെട്ടിട്ടും പിരിഞ്ഞു പോകാൻ ഇവർ തയ്യാറായില്ല. ഇതോടെ ഇൻസ്പെക്ടറും കൂടുതൽ പോലീസുകാരും സ്ഥലത്തെത്തി. തുടർന്ന് നാട്ടുകാരും പോലീസും തർക്കത്തിലായി. ഇതിനിടെ പോലീസ് ലാത്തിച്ചാർജ് ചെയ്തതായി നാട്ടുകാർ പറയുന്നു. ലാത്തിയടിയേറ്റ് ഓടിയവർ സമീപത്തെ വീടുകളിലേക്ക് കയറി. പിന്തുടർന്നെത്തിയ പോലീസുകാർ ഗർഭപാത്രം നീക്കം ചെയ്ത് വീട്ടിൽ വിശ്രമത്തിലായിരുന്ന അജിതയെ മർദിച്ചതായി നാട്ടുകാർ പറയുന്നു. ഇതിനിടെ അജിതയുടെ മകൻ അരവിന്ദിനും മർദനമേറ്റു.

ജനറൽ ആശുപത്രിയിലെ നഴ്‌സിങ് അസിസ്റ്റൻറായ അജിത പേരൂർക്കട ആശുപത്രിയിൽ ചികിത്സയിലാണ്. മർദിക്കാൻ ഉപയോഗിച്ച ലാത്തി ഈ വീട്ടിലെ തറയിൽ കിടക്കുകയാണ്. പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ രംഗത്തെത്തി. മരുതൻകുഴി ലോക്കൽ കമ്മിറ്റിയിലെ പ്രവർത്തകർ രാത്രിയോടെ വട്ടിയൂർക്കാവിൽ പ്രകടനം നടത്തിയ ശേഷം പോലീസ് സ്‌റ്റേഷനു മുന്നിലിരുന്ന് പ്രതിഷേധിച്ചു.
ഏഴു പേർക്കെതിരേ കേസെടുത്തതായും വട്ടിയൂർക്കാവ് ഇൻസ്പെക്ടർ എ.എസ്.ശാന്തകുമാർ പറഞ്ഞു.

You might also like

-