വര്‍ഗീയ കൊലപാതക കേസുകളിൽ പൊലീസ് അപ്പീല്‍ നല്‍കും: ലോക്നാഥ് ബെഹ്റ
2006 മുതല്‍ 2018 വരെ കാസര്‍കോട് ജില്ലയില്‍ ഒമ്പത് വര്‍ഗീയ സ്വഭാവമുള്ള കൊലപാതകങ്ങളാണ് നടന്നത്
തിരുവനന്തപുരം :കാസര്‍കോട് ജില്ലയിലെ വര്‍ഗീയ സ്വഭാവമുള്ള കൊലപാതക കേസുകളിലെ പ്രതികളെ വെറുതെ വിട്ട നടപടിക്കെതിരെ പൊലീസ് അപ്പീല്‍ നല്‍കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. ജില്ലാ കോടതി വിധിക്കെതിരെയാണ് അപ്പീല്‍ നല്‍കുക. ഇത്തരം നാല് കേസുകളിലെ പ്രതികളെ ജില്ലാ കോടതി വെറുതെ വിട്ടിരുന്നു. 2006 മുതല്‍ 2018 വരെ കാസര്‍കോട് ജില്ലയില്‍ ഒമ്പത് വര്‍ഗീയ സ്വഭാവമുള്ള കൊലപാതകങ്ങളാണ് നടന്നത്.
ഇതില്‍ വിചാരണ പൂര്‍ത്തിയായ നാല് കേസുകളിലെയും പ്രതികളെ വിചാരണ കോടതി വെറുതെ വിട്ടിരുന്നു. ഏറ്റവുമൊടുവില്‍ ഇക്കഴിഞ്ഞ മെയ് മാസം മീപ്പുഗിരി സാബിത് വധക്കേസിലെ പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. കൊലപാതകത്തിന് ദൃസാക്ഷിയുള്ള കേസ് കൂടിയാണിത്. പ്രമാദമായ ഇത്തരം കേസുകളില്‍ പ്രതികളെ വെറുതെ വിട്ടതോടെ പൊലീസിനെതിരെയും വ്യാപക ആക്ഷേപമുയര്‍ന്നിരുന്നു.
ഈ കേസുകളിലെ പ്രതികളെ വെറുതെ വിട്ട കോടതി വിധിക്കെതിരെ മേല്‍ കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് സംസ്ഥാന പൊലീസ് മോധാവി പറഞ്ഞു. അതേ സമയം കഴിഞ്ഞ ദിവസം മഞ്ചേശ്വരം ബീച്ച് ചര്‍ച്ചിന് നേരെയുണ്ടായ ആക്രമണത്തില്‍ അന്വേഷണം ശക്തമാക്കണമെന്നാവശ്യപ്പെട്ട് ബീച്ച് ചര്‍ച്ച് വികാരി സംസ്ഥാന പൊലീസ് മേധാവിയെക്കണ്ടു. ചര്‍ച്ചിന് നേരെയുണ്ടായ ആക്രമണത്തില്‍ അന്വേഷണം കാര്യക്ഷമമായി പുരോഗമിക്കുകയാണെന്നും, പ്രതികളെ ഉടന്‍ പിടികൂടുമെന്നും കേസന്വേഷിക്കുന്ന മഞ്ചേശ്വരം പൊലീസ് വ്യക്തമാക്കി.