തോക്കുകൾ തിരുവനന്തപുരം സിറ്റി പരിധിയില്‍ തന്നെയുണ്ടെന്ന് പോലീസ്
സിഎജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റയ്ക്ക് എതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഹർജി
തിരുവനന്തപുരം :സി.എ.ജി റിപ്പോര്‍ട്ടില്‍ നഷ്ടപ്പെട്ടെന്ന് കണ്ടെത്തിയ പൊലീസിന്റെ തോക്കുകൾ തിരുവനന്തപുരം സിറ്റി പരിധിയില്‍ തന്നെയുണ്ടെന്ന് പൊലീസ്. തോക്കുകളുടെ കൈമാറ്റം രജിസ്റ്റര്‍ ചെയ്യാത്തതിനാലാണ് കണക്കില്‍പെടാതിരുന്നതെന്നും ആംസ് ഡി.വൈ.എസ്.പി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. തോക്കുകളും, വെടിയുണ്ടകളും കാണാതായ സംഭവത്തില്‍ നടക്കുന്ന അന്വേഷണം രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കിരി നിര്‍ദ്ദേശം നല്‍കി.
കേരള പൊലീസിന്‍റെ തോക്കുകളും തിരകളും നഷ്ട്ടപ്പെട്ടതായുള്ള സി.എ.ജി റിപ്പോര്‍ട്ട് വലിയ വിവാദങ്ങളിലേക്ക് നീങ്ങവേയാണ് പൊലീസ് വിശദീകരണം. തോക്കുകള്‍ നഷ്ട്ടപ്പെട്ടതുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ അന്വേഷണം നടന്നതായാണ് പൊലീസ് വിശദീകരിക്കുന്നത്. ആര്‍മറ്റര്‍ ഡി.വൈ.എസ്.പിയാണ് അന്വേഷിച്ചത്. എസ്.എ.പി ക്യാമ്പിലെ 25 തോക്കുകള്‍ തിരുവനന്തപുരം സിറ്റി പൊലീസിന് കൈമാറിയെന്നാണ് അദ്ദേഹത്തിന്‍റെ കണ്ടെത്തല്‍. ഈ കൈമാററം രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ല. ഇതാണ് തോക്കുകള്‍ മോഷണം പോയെന്ന തരത്തില്‍ വിവരങ്ങള്‍ പുറത്ത് വരാന്‍ കാരണം. നവംബര്‍ 18നാണ് ഡി.വൈ.എസ്.പി ഈ റിപ്പോര്‍ട്ട് ഡി.ജി.പി.ക്ക് കൈമാറിയതെന്നും പൊലീസ് വൃത്തങ്ങള്‍ വിശദീകരിച്ചു.എന്നാല്‍ സി.എ.ജിക്ക് ഈ റിപ്പോര്‍ട്ട് കൈമാറാനായില്ലെന്നും പൊലീസ് പറയുന്നു. നേരത്തെ തോക്കുകള്‍ എ.ആര്‍ ക്യാമ്പിന് കൈമാറിയെന്ന് സി.എ.ജിയോട് പൊലീസ് വിശദീകരിച്ചെങ്കിലും എ.ആര്‍ ക്യാമ്പില്‍ അത് കണ്ടെത്താനായിരുന്നില്ല.
അതേസമയം സിഎജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റയ്ക്ക് എതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഹർജി. തൃശ്ശൂർ വിജിലൻസ് കോടതിയിലാണ് പൊതു പ്രവർത്തകനായ പി ഡി ജോസഫ് ഹർജി സമർപ്പിച്ചത്.തൃശൂർ വിജിലൻസ് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും സി എ ജി റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
മാവോയിസ്റ്റുകളെ നേരിടുന്ന പൊലീസുകാർക്ക് ക്വാർട്ടേഴ്സ് നിർമിക്കാനുള്ള പണം വക മാറ്റി ഉന്നത ഉദ്യോഗസ്ഥർക്ക് വില്ല നിർമിച്ചതും തൃശ്ശൂർ, തിരുവനന്തപുരം പൊലീസ് അക്കാദമികളിൽ നിന്ന് വെടിയുണ്ടകൾ കാണാതായ സംഭവവും ഉൾപ്പെെടെ ലോക് നാഥ് ബെഹ്റയ്ക്ക് എതിരെ സി എ ജി ഉന്നയിച്ച എല്ലാ ആരോപണങ്ങളിലും അന്വേേഷണം നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.ഡിജിപി ലോക് നാഥ് ബെഹ്റ, ചീഫ് സെക്രട്ടറി, തൃശ്ശൂർ പോലീസ് അക്കാദമി കമാൻഡന്റ്, തിരുവനന്തപുരം എസ് എ പി കമാൻഡന്റ് എന്നിവരെ എതിർ കക്ഷികളാക്കിയാണ് ഹർജി. ഹർജി കോടതി ഈ മാസം 20 ന് പരിഗണിക്കും