കോഴിക്കോട് പൊലീസ് ചമഞ്ഞ് യുവാവില്‍ നിന്നു കുഴല്‍പണം തട്ടി; ഒടുവില്‍ പ്രതികളെ പിടികൂടിയത് ആസാമില്‍ നിന്ന്
പോലീസാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയ ശേഷം പണം പിടിച്ചുപറിക്കുകയായിരുന്നു
കല്ലാച്ചി-വളയം റോഡില്‍ പോലീസ് ചമഞ്ഞ് യുവാവില്‍ നിന്നു കുഴല്‍പണം തട്ടിയ കേസില്‍ നാലു പേരെ നാദാപുരം എസ്‌ഐ എന്‍.പ്രജീഷ് അറസ്റ്റ് ചെയ്തു. പയ്യോളി അയനിക്കാട് സ്വദേശി ചൊറിയഞ്ചാല്‍ താരേമ്മല്‍ ഫൈസല്‍ കല്ലാച്ചി സ്വദേശികളായ തണ്ണീര്‍ പന്തല്‍ വീട്ടില്‍ ടി.പി.മുഹമ്മദ് , പുത്തന്‍ പുരയില്‍ നവാസ് കണ്ണൂര്‍ അഴീക്കോട് സ്വദേശിയും സ്വകാര്യ ബസ് ഡ്രൈവറുമായ മുഹമ്മദ് ഫദ്ദര്‍ എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ 14ന് ഉച്ചക്ക് രണ്ടരയോടെയാണ് കേസിനാസ്പദമായസംഭവം. കല്ലാച്ചി സ്വദേശി ചോയിമഠത്തില്‍ ഫഹദിന്റെ 3.6 ലക്ഷം രൂപയാണ് സംഘം തട്ടിയെടുത്തത്. ജാതിയേരി കല്ലമ്മലില്‍ ബൈക്കിലെത്തിയ രണ്ടു പേര്‍ പോലീസാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയ ശേഷം പണം പിടിച്ചുപറിക്കുകയായിരുന്നു.
നാദാപുരം സബ്ഡിവിഷണല്‍ ഡിവൈഎസ്പി ഇ.സുനില്‍കുമാറിന്റെ നിര്‍ദേശത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. തുടര്‍ന്ന് രണ്ടാഴ്ചയായി നടത്തിയഅന്വേഷണത്തില്‍ കേസിലെ ഒന്നാം പ്രതിഫൈസലിനെ തിരിച്ചറിയുകയായിരുന്നു.
ഇയാള്‍ സംഭവ ശേഷം ആസാമിലേക്ക് കടന്നതായി വിവരം ലഭിച്ചു. നാദാപുരം എസ്‌ഐ എന്‍.പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘം ആസാമില്‍ നിന്നാണ് പ്രതിയെ സാഹസികമായ നീക്കത്തിനിടയില്‍ പിടികൂടിയത്.