മോസ്കോയിൽ വിമാനാപകടത്തിൽ 41 മരണം. അന്വേഷണത്തിന് ഉത്തരവിട്ട് പുചിൻ
സുഖോയ് സൂപ്പർജെറ്റ് വിമാനമാണ് അപകടത്തിൽ പെട്ടത്. പ്രാദേശിക സമയം വൈകുന്നേരം 5:50 ഓടെയായിരുന്നു അപകടം. മോസ്കോയിൽ നിന്നും റഷ്യയുടെ വടക്ക് പടിഞ്ഞാറൻ നഗരമായ മർമാൻസ്കിലേക്ക് പോകുകയായിരുന്ന വിമാനമാണ് അപകടത്തിൽപെട്ടത്.
മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ വിമാനാപകടത്തിൽ 41 മരണം. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന ആശങ്ക യുണ്ട് , സുഖോയ് സൂപ്പർജെറ്റ് വിമാനമാണ് അപകടത്തിൽ പെട്ടത്. പ്രാദേശിക സമയം വൈകുന്നേരം 5:50 ഓടെയായിരുന്നു അപകടം. മോസ്കോയിൽ നിന്നും റഷ്യയുടെ വടക്ക് പടിഞ്ഞാറൻ നഗരമായ മർമാൻസ്കിലേക്ക് പോകുകയായിരുന്ന വിമാനമാണ് അപകടത്തിൽപെട്ടത്. പറന്നുയർന്ന ഉടൻ സിഗ്നൽ തകരാറിനെത്തുടർന്ന് വിമാനം തിരിച്ചിറക്കിയെങ്കിലും തീ പിടിക്കുകയായിരുന്നു.
വിമാനത്തിൽ 78 യാത്രക്കാരും 5 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. യാത്രക്കാരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്നതിനിടെയാണ് അപകടം നടന്നത്. മരിച്ചവരിൽ വിമാനത്തിലെ ജീവനക്കാരും രണ്ട് കുട്ടികളും ഉൾപ്പെടുന്നു. പൊള്ളലേറ്റതിൽ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
അപകടത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. ഇടമിന്നലേറ്റതാണ് അപകട കാരണമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ റഷ്യൻ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തിൽ റഷ്യൻ പ്രസിഡന്‍റ് വള്ഡിമർ പുചിൻ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ ധനസഹായംപ്രഖ്യാപിച്ചിട്ടുണ്ട്. പൊള്ളലേറ്റവരുടെ ചികിത്സ സർക്കാർ വഹിക്കുമെന്ന് പുചിൻ അറിയിച്ചു