കോണ്‍ഗ്രസ് അധ്യക്ഷനെ ഉൾപ്പടെ തെറ്റിദ്ധരിപ്പിച്ചു ഉമ്മൻ ചാണ്ടിക്കെതിരേ വീണ്ടും ആഞ്ഞടിച്ച് പി.ജെ കുര്യൻ
സീറ്റ് വിട്ട് നൽകിയാലേ മുന്നണി ബന്ധത്തിന് കെട്ടുറുപ്പുണ്ടാകു എന്ന വിധത്തിൽ സംസ്ഥാന നേതാക്കൾ കോണ്‍ഗ്രസ് അധ്യക്ഷനെ ഉൾപ്പടെ തെറ്റിദ്ധരിപ്പിച്ചതായി കുര്യൻ ആരോപിച്ചു.
ഡൽഹി: രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടു കൊടുത്തതിൽ ഉമ്മൻ ചാണ്ടിക്കെതിരേ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ച് പ്രഫ. പി.ജെ കുര്യൻ. സീറ്റ് വിട്ട് നൽകിയാലേ മുന്നണി ബന്ധത്തിന് കെട്ടുറുപ്പുണ്ടാകു എന്ന വിധത്തിൽ സംസ്ഥാന നേതാക്കൾ കോണ്‍ഗ്രസ് അധ്യക്ഷനെ ഉൾപ്പടെ തെറ്റിദ്ധരിപ്പിച്ചതായി കുര്യൻ ആരോപിച്ചു.
കേരള കോണ്‍ഗ്രസ് ഒരിക്കലും തങ്ങൾക്ക് രാജ്യസഭ സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ, ഉമ്മൻ ചാണ്ടി പ്രത്യേക അജണ്ട മുന്നിൽവച്ചു വ്യക്തി താത്പര്യവും അതോടൊപ്പം തന്നെ വ്യക്തിവിരോധവും നടപ്പാക്കുകയായിരുന്നു. വീണ്ടും രാജ്യസഭയിലേയ്ക്ക് താൻ എത്തണമെന്ന് ഹൈക്കമാന്റിഡ് ആഗ്രഹമുണ്ടായിരുന്നു. ഇക്കാര്യം രാജ്യസഭയിലെ ഹൈക്കമാൻഡിന് അടുത്ത വൃത്തങ്ങൾ നേരിട്ട് അറിയിച്ചു. അത് കൊണ്ടാണ് രാഹുൽഗാന്ധിക്ക് നൽകിയ കത്തിലും സീറ്റ് വേണ്ടന്നു പറയാതിരുന്നത്. പക്ഷെ സീറ്റ് കേരള കോണ്‍ഗ്രസിന് നൽകിയതിലൂടെ താൻ വീണ്ടും തിരികെ എത്താനുള്ള നീക്കം ഉമ്മൻചാണ്ടി തടഞ്ഞുവെന്നും കുര്യൻ പറഞ്ഞു.
സീറ്റ് വിട്ടു നൽകാനുള്ള തീരുമാനം പാർട്ടി വേദികളിൽ ചർച്ച ചെയ്ത് രൂപീകരിച്ചതല്ല. രാജ്യസഭ സീറ്റ് കൊടുത്തില്ല എങ്കിലും കേരള കോണ്‍ഗ്രസ് യുഡിഎഫിലേക്കു മടങ്ങിയെത്തുമായിരുന്നു. എന്നാൽ, സീറ്റ് കിട്ടും എന്ന തോന്നൽ കോണ്‍ഗ്രസ് നേതാക്കൾ തന്നെ അവരുടെ മുന്നിലേക്ക് ഇട്ടു കൊടുക്കുകയായിരുന്നു എന്നും പി.ജെ കുര്യൻ പറഞ്ഞു.