ജോസ് കെ മാണിയുടെ നോട്ടീസ് “തൊപ്പിയില്ലാത്ത പൊലീസുകാരന്‌റെ എഫ്.ഐ.ആര്‍ പോലെ”
ജോസ് കെ മാണിയടക്കമുള്ളവര്‍ പാര്‍ട്ടിക്ക് പുറത്താണെന്നും ജോസഫ് വിഭാഗം വ്യക്തമാക്കി
ജോസ് കെ മാണി വിഭാഗത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കാനൊരുങ്ങി ജോസഫ് വിഭാഗം. കാരണം കാണിക്കല്‍ നോട്ടീസ് തൊപ്പിയില്ലാത്ത പൊലീസുകാരന്‌റെ എഫ്.ഐ.ആര്‍ പോലെയാണെന്നും കോടതി ഉത്തരവ് ലംഘിച്ച് യോഗം ചേര്‍ന്നതിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും ജോസഫ് വിഭാഗം പറഞ്ഞു. ജോസ് കെ മാണിയടക്കമുള്ളവര്‍ പാര്‍ട്ടിക്ക് പുറത്താണെന്നും ജോസഫ് വിഭാഗം വ്യക്തമാക്കി.
21 പേരെ സസ്‌പെന്‍ഡ് ചെയ്തതടക്കം ജോസഫ് സ്വീകരിച്ച നടപടികള്‍ പാര്‍ട്ടി വിരുദ്ധമാണെന്ന് കാട്ടിയാണ് ഇന്നലെ ജോസ് കെ മാണി വിഭാഗം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. എന്നാല്‍ ഈ കാരണം കാണിക്കല്‍ നോട്ടീസ് ജോസഫ് വിഭാഗം കണക്കിലെടുത്തിട്ടില്ല. ഒപ്പം കോടതി ഉത്തരവ് ലംഘിച്ചുവെന്ന് കാട്ടി ജോസ് കെ മാണിയടക്കമുള്ളവര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം.
ജോസ് കെ മാണി അടക്കമുള്ള നേതാക്കള്‍ പാർട്ടിക്ക് പുറത്താണെന്ന് പരസ്യമായി പറയാനും ജോസഫ് വിഭാഗം തയ്യാറായി. പുറത്തായത് കൊണ്ടാണ് നടപടിയെടുക്കാത്തതെന്ന് മോന്‍സ് ജോസഫ് പറഞ്ഞു. 23ആം തിയതി തൊടുപുഴയില്‍ വെച്ച് സ്റ്റിയറിംഗ് കമ്മിറ്റി ചേരാന്‍ ജോസഫ് വിഭാഗം തീരുമാനിച്ചിട്ടുണ്ട്. ഈ യോഗത്തില്‍ കോടതിയലക്ഷ്യ നടപടികള്‍ അടക്കം ചര്‍ച്ച ചെയ്യും. യോഗത്തിലേക്ക് എല്ലാവരേയും ക്ഷണിച്ചിട്ടുണ്ടെന്നാണ് ജോസഫ് വിഭാഗം പറയുന്നത്