കേരളാ കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റുമാരുടെ വിപ്പും ചിഹ്നവും നല്‍കാനുള്ള അധികാരം പി ജെ ജോസഫ്ന്
ചെയര്‍മാനില്‍ നിക്ഷിപ്തമായ അധികാരത്തിന്റെ ഭാഗമായാണ് ജില്ലാ പ്രസിഡന്റുമാരുടെ അധികാരം തിരിച്ചെടുത്തതെന്നാണ് ആക്ടിങ്ങ് ചെയര്‍മാനായ പി ജെ ജോസഫിന്റെ വാദം.
തിരുവനതപുരം :കേരളാ കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റുമാരുടെ വിപ്പും ചിഹ്നവും നല്‍കാനുള്ള അധികാരം പി ജെ ജോസഫ് ന് .തദ്ദേശ സ്ഥാപനങ്ങളിലെ സ്ഥാനാര്‍ഥികള്‍ക്കു ചിഹ്നവും വിപ്പും നല്‍കാന്‍ ജില്ലാ പ്രസിഡന്റുമാര്‍ക്കായിരുന്നു അധികാരം. എന്നാല്‍ പാര്‍ട്ടി ഭരണഘടനയില്‍, ചെയര്‍മാനില്‍ നിക്ഷിപ്തമായ അധികാരത്തിന്റെ ഭാഗമായാണ് ജില്ലാ പ്രസിഡന്റുമാരുടെ അധികാരം തിരിച്ചെടുത്തതെന്നാണ് ആക്ടിങ്ങ് ചെയര്‍മാനായ പി ജെ ജോസഫിന്റെ വാദം.
ഇതു സംബന്ധിച്ച കത്ത് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷനു കൈമാറി. ജോസഫിന്റെ പുതിയ നീക്കത്തോടെ ഈ മാസം 24 ന് നടക്കുന്ന കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് എം അംഗങ്ങള്‍ക്ക് ആരു വിപ്പ് നല്‍കുമെന്ന ആശയക്കുഴപ്പം ഉടലെടുത്തിരിക്കുകയാണ്.
ജോസഫിനെ കൈവിട്ടെത്തിയ അഡ്വ. സെബാസ്റ്റിയന്‍ കുളത്തുങ്കലിനെയാണ് ജോസ് കെ മാണി പക്ഷം കോട്ടയം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പ്രസിഡന്റായി മത്സരിപ്പിക്കുന്നത്. കോട്ടയം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം ഇതുസംബന്ധിച്ചു പാര്‍ട്ടി നിര്‍ദേശവും ജില്ലാ പഞ്ചായത്തംഗങ്ങള്‍ക്കു നല്‍കി. എന്നാല്‍ പി ജെ ജോസഫിന്റെ നടപടികള്‍ അപലപനീയവും ഭരണഘടനയ്ക്ക് നിരക്കാത്തതുമാണെന്നും റോഷി അഗസ്റ്റിന്‍ എം എല്‍ എ പ്രസ്താവനയില്‍ വ്യക്തമാക്കി.ജോസഫിന്റെ തീരുമാനത്തോട് ശക്തമായ എതിര്‍പ്പ് കോണ്‍ഗ്രസ്സിലും ഉയര്‍ന്നിട്ടുണ്ട്. അതേസമയം, വിപ്പും ചിഹ്നവും നല്‍കാനുള്ള അധികാരം എടുത്തു മാറ്റിയ ജോസഫിന്റെ തീരുമാനം നിലനില്‍ക്കുകയില്ല എന്നതാണ് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്