സംസ്ഥാനത്തു 1118 ദുരിതാശ്വാസ ക്യാമ്പുകളില്‍ 1,89,567 പേര്‍ ,ദുരന്ത പ്രതികരണ നിധിയില്‍നിന്ന് അടിയന്തര സഹായം ലഭ്യമാക്കും:പിണറായി വിജയൻ
രണ്ടു സ്ഥലത്തും മണ്ണിനടിയില്‍ അകപ്പെട്ടവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു. ദുരിതബാധിതര്‍ക്കും മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്കും ആകാവുന്ന എല്ലാ ആശ്വാസവും നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു .
തിരുവനന്തപുരം : മഹാപ്രളയത്തിന് ഒരു വര്‍ഷം തികയുമ്പോള്‍ ഉണ്ടായ മഴക്കെടുതി സംസ്ഥാനത്തെ ഗുരുതരമായി ബാധിക്കുന്നതാണ്. വയനാട് ജില്ലയിലെ മേപ്പാടി പുത്തുമലയിലും മലപ്പുറം ജില്ലയിലെ കവളപ്പാറ ഭൂദാനത്തും ഇന്നലെ സന്ദര്‍ശനം നടത്തിയിരുന്നു. ഉരുള്‍പൊട്ടലില്‍ കൂട്ടമരണം സംഭവിച്ച രണ്ടു സ്ഥലങ്ങളിലും ദുരന്തത്തിന്‍റെ നടുക്കം വിട്ടുമാറാതെ ക്യാമ്പുകളില്‍ കഴിയുന്നവരെ നേരില്‍ കണ്ടു. രണ്ടു സ്ഥലത്തും മണ്ണിനടിയില്‍ അകപ്പെട്ടവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു. ദുരിതബാധിതര്‍ക്കും മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്കും ആകാവുന്ന എല്ലാ ആശ്വാസവും നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു .
ഇന്ന് രാവിലെ ഒന്‍പതു മണി വരെ സംസ്ഥാനത്താകെ 95 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 1118 ദുരിതാശ്വാസ ക്യാമ്പുകളില്‍ 1,89,567 പേര്‍ ഇപ്പോള്‍ കഴിയുന്നുണ്ട്. (കുറേ ക്യാമ്പുകള്‍ ഇതിനകം പ്രവര്‍ത്തനം അവസാനിപ്പിച്ചിട്ടുണ്ട്). ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാനുള്ള മാര്‍ഗങ്ങള്‍ ഇന്ന് മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തു. 2018ലെ ദുരന്തത്തിന്‍റെ ആഘാതത്തില്‍നിന്ന് തിരിച്ചുവരവ് നടത്തുന്ന ഘട്ടത്തിലാണ് വീണ്ടും ഒരു ദുരന്തം നമ്മെ ഗ്രസിച്ചത്. ദുരിതബാധിതര്‍ക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍നിന്ന് അടിയന്തര സഹായം ലഭ്യമാക്കും.
കഴിഞ്ഞവര്‍ഷം സംസ്ഥാന ദുരന്ത പ്രതികരണനിധിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയും ഉപയോഗിച്ച് 6,92,966 കുടുംബങ്ങള്‍ക്ക് പതിനായിരം രൂപയുടെ അടിയന്തര സഹായം നല്‍കി. വീട്ടില്‍ വെള്ളം കയറുകയോ 75 ശതമാനത്തിലധികം നാശനഷ്ടമുണ്ടാവുകയോ പൂര്‍ണമായി തകര്‍ന്നുപോയവര്‍ക്ക് ഒറ്റത്തവണയായി സഹായം നല്‍കി. ഇത്തവണ 64ഓളം സ്ഥലങ്ങളില്‍ ഉണ്ടായ ഉരുള്‍പൊട്ടലാണ് കൂടുതല്‍ മരണങ്ങള്‍ക്ക് കാരണമായത്. 84,216 കുടുംബങ്ങളിലുള്ളവരാണ് ക്യാമ്പുകളില്‍ എത്തിയത്. പ്രളയത്തിന്‍റെ തീവ്രതയും ദുരിതത്തിന്‍റെ കാഠിന്യവും കണക്കിലെടുത്ത് അര്‍ഹമായ വില്ലേജുകളെ പ്രളയബാധിത പ്രദേശങ്ങളായി നിശ്ചയിച്ച് വിജ്ഞാപനം ഇറക്കും. ദുരന്ത നിവാരണ നിയമവും ചട്ടങ്ങളും പ്രകാരം ഇതിന് വിജ്ഞാപനം പുറപ്പെടുവിക്കാന്‍ ദുരന്ത നിവാരണ അതോറിറ്റിക്ക് നിര്‍ദേശം നല്‍കും.
പ്രളയജലം പ്രവേശിച്ച വീടുകളില്‍ വസിച്ച കുടുംബങ്ങള്‍, പ്രകൃതിക്ഷോഭത്തില്‍ ഭാഗികമായോ പൂര്‍ണമായോ (15 ശതമാനം മുതല്‍ 100 ശതമാനം വരെ) തകര്‍ച്ച നേരിട്ട വീടുകളില്‍ താമസിച്ചിരുന്ന കുടുംബങ്ങള്‍, പ്രകൃതിദുരന്ത സാധ്യത സംബന്ധിച്ച മുന്നറിയിപ്പ് അനുസരിച്ച് വീടുവിട്ട് സര്‍ക്കാര്‍ അംഗീകൃത ക്യാമ്പുകളിലേക്ക് മാറിയ കുടുംബങ്ങള്‍ എന്നിവരെ ദുരന്തബാധിത കുടുംബമായി കണക്കാക്കും. വില്ലേജ് ഓഫീസര്‍മാര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ എന്നിവര്‍ പരിശോധിച്ചാണ് അന്തിമ തീരുമാനത്തിലെത്തുക.
സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍നിന്നും ദുരന്തബാധിത കുടുംബങ്ങള്‍ക്ക് എസ്ഡിആര്‍എഫ് മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി പതിനായിരം രൂപ വരെ അടിയന്തരസഹായം നല്‍കും. കാലവര്‍ഷക്കെടുതി ബാധിച്ച മേഖലകളിലെ കുടുംബങ്ങള്‍ക്കാണ് ഈ സഹായം നല്‍കുക. പ്രകൃതിദുരന്തത്തില്‍ മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് എസ്ഡിആര്‍എഫ് മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി നഷ്ടപരിഹാരം നല്‍കും. പൂര്‍ണമായും തകര്‍ന്നതോ വാസയോഗ്യമല്ലാതാവുകയോ ചെയ്ത വീടിന് ഒന്നിന് നാലുലക്ഷം രൂപ നല്‍കും.
വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് സ്ഥലം വാങ്ങാന്‍ ആറുലക്ഷം രൂപ അനുവദിക്കും. രണ്ടും ചേര്‍ത്ത് പരമാവധി നല്‍കുന്ന തുക പത്തുലക്ഷം രൂപയാണ്. കൃഷിനാശം, കുടിവെള്ള, ജലസേചന പദ്ധതികളുടെ തകരാര്‍ പരിഹരിക്കല്‍, റോഡുകള്‍, കെട്ടിടങ്ങള്‍ എന്നിവയുടെ പുനര്‍നിര്‍മാണം, അറ്റകുറ്റപ്പണി എന്നിവയ്ക്ക് കഴിഞ്ഞ പ്രളയകാലത്തെ അതേ മാനദണ്ഡപ്രകാരം പണം അനുവദിക്കും. ദുരിതാശ്വാസനിധിയിലേക്ക് ലഭിക്കുന്ന സംഭാവനകള്‍ കൈമാറി നല്‍കുന്നതിന് പൊതുമേഖല-സഹകരണ ബാങ്കുകള്‍ ഈടാക്കുന്ന കമ്മീഷനും എക്സ്ചേഞ്ച് ചാര്‍ജും ഒഴിവാക്കണമെന്ന് സംസ്ഥാന ബാങ്കിങ് സമിതിയോട് ആവശ്യപ്പെടും
ദുരിതബാധിതകര്‍ക്ക് ആശ്വാസമായി സര്‍ക്കാര്‍ നല്‍കുന്ന തുക നിക്ഷേപിക്കുന്ന ബാങ്ക് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കണമെന്ന നിബന്ധന ഒഴിവാക്കാന്‍ ബാങ്കുകളോട് ആവശ്യപ്പെടും. സമയബന്ധിതമായി ദുരിതാശ്വാസത്തിനുള്ള നഷ്ടപരിഹാരം നല്‍കാനും തീരുമാനങ്ങള്‍ എടുക്കാനും വ്യാപാരസ്ഥാപനങ്ങളുടെ നഷ്ടപരിഹാരം സംബന്ധിച്ച് ശുപാര്‍ശ നല്‍കാനും മന്ത്രിസഭാ ഉപസമിതിയെ നിശ്ചയിച്ചു. ഇ.പി. ജയരാജന്‍, ഇ. ചന്ദ്രശേഖരന്‍, കെ. കൃഷ്ണന്‍കുട്ടി, എ.കെ. ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരടങ്ങുന്നതാണ് ഈ സമിതി. എഎവൈ (അന്ത്യോദയ അന്നയോജന) അനുസരിച്ച് 35 കിലോ അരി സൗജന്യ റേഷന്‍ ലഭിക്കുന്നവര്‍ക്ക് ഒഴികെയാണ് കാലവര്‍ഷക്കെടുതി ബാധിച്ച പ്രദേശങ്ങളിലെ എല്ലാവര്‍ക്കും 15 കിലോ അരി വീതം സൗജന്യമായി നല്‍കും.
തീരദേശങ്ങളില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും 15 കിലോ സൗജന്യ അരി അനുവദിക്കും. ഈ ദുരന്തത്തെത്തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ കണക്കാക്കി കേന്ദ്ര സര്‍ക്കാരില്‍നിന്ന് സഹായം ആവശ്യപ്പെട്ട് വിശദമായ മെമ്മോറാണ്ടം നല്‍കും. ഇത് തയ്യാറാക്കാന്‍ ചീഫ് സെക്രട്ടറി ടോം ജോസ്, ആഭ്യന്തര-ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി മനോജ് ജോഷി, റവന്യുവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി വേണു, കൃഷിവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡി.കെ.സിങ് എന്നിവരടങ്ങുന്ന ഉദ്യോഗസ്ഥ സമിതിയെ ചുമതലപ്പെടുത്തി. ദുരന്തത്തില്‍ മരണമടഞ്ഞ എല്ലാവരുടെ വിയോഗത്തിലും അനുശോചനം രേഖപ്പെടുത്തുന്നു. ദുരന്തങ്ങള്‍ ആവര്‍ത്തിക്കുകയാണ്. അതിന്‍റെ ആഘാതം കൂടുതലായി നാം അനുഭവിക്കേണ്ടിവരുന്നു.
പരിസ്ഥിതി പ്രശ്നങ്ങള്‍ ഇതിനു കാരണമാണ്. ഇക്കാര്യത്തില്‍ സാധ്യമായ എല്ലാ ഇടപെടലും നടത്തും. ദുരന്ത തീവ്രത വര്‍ധിപ്പിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ കണ്ടെത്തുകയും പരിഹരിക്കാനുള്ള ഇടപെടല്‍ നടത്തുകയും ചെയ്യും. കേരളത്തിന് ഈ ഘട്ടത്തില്‍ ലഭിക്കുന്ന നിയമവിധേയമായ ഏതു സഹായവും നാം സ്വീകരിക്കേണ്ടതുണ്ട്. കഴിഞ്ഞ വര്‍ഷം പ്രളയം സൃഷ്ടിച്ച തകര്‍ച്ചയില്‍ നിന്ന് കേരളത്തെ പുനര്‍നിര്‍മിക്കാന്‍ മുപ്പത്തി ഒന്നായിരം കോടി രൂപയെങ്കിലും വേണം എന്നാണ് യുഎന്‍ ഏജന്‍സികള്‍ കണക്കാക്കിയത് എന്നത് നമുക്കെല്ലാം അറിവുള്ളതാണ്. ഇപ്പോള്‍ ആ ബാധ്യത വര്‍ധിച്ചിരിക്കുന്നു.
കേരള പുനര്‍നിര്‍മാണ പദ്ധതിയുടെ വ്യാപ്തി കൂടിയിരിക്കുന്നു. അതിനനുസരിച്ചുള്ള വിഭവസമാഹരണം നടത്തുക എന്ന ലക്ഷ്യമാണ് ഇനി മുന്നിലുള്ളത്. കഴിഞ്ഞവര്‍ഷത്തെ ദുരന്തത്തില്‍നിന്ന് കരകയറി വരുന്നതേയുള്ളു. നഷ്ടങ്ങള്‍ നികത്തിവരുന്നതേയുള്ളു. തകര്‍ന്നതൊക്കെ പുനര്‍നിര്‍മിച്ചു വരുന്നതേയുള്ളു. അതിജീവിക്കുന്ന സമൂഹമാണ് നമ്മുടേത് എന്നത് ആവര്‍ത്തിച്ചുറപ്പിക്കേണ്ട ഘട്ടമാണിത്. ദുരന്തത്തില്‍പ്പെട്ടവരെ രക്ഷിക്കാനും ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാനും അവര്‍ക്കുവേണ്ട കുടിവെള്ളവും ഭക്ഷണവും വസ്ത്രവും മറ്റും ലഭ്യമാക്കാനും ഒരേ മനസ്സോടെയുള്ള പ്രവര്‍ത്തനങ്ങള്‍ നാം നടത്തി. പൊലീസ്, അഗ്നിരക്ഷാസേന മുതലായ സംസ്ഥാന സര്‍ക്കാര്‍ വിഭാഗങ്ങള്‍ക്കൊപ്പം, കേന്ദ്ര സേന പ്രതികരണ സേനാ വിഭാഗങ്ങളും നാട്ടുകാരെത്തന്നെയും ഒരേ ഹൃദയത്തോടെ പ്രവര്‍ത്തിച്ചു. സാഹസികമായ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇനി ജനജീവിതം സാധാരണ നിലയിലേക്ക് പുനഃസ്ഥാപിക്കുക എന്ന ശ്രമകരമായ ദൗത്യമാണ് മുന്നിലുള്ളത്.
അതിനായി സര്‍ക്കാരിനോടൊപ്പം എല്ലാ വിഭാഗം ജനങ്ങളും കൈകോര്‍ക്കണം. മലയാളികള്‍ക്കെന്നും അഭിമാനിക്കാവുന്ന തരത്തിലുള്ള ആ ഒരുമയും സഹകരണവും ഉണ്ടാകേണ്ട ഘട്ടമാണിത്. കേന്ദ്രസര്‍ക്കാര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളോട് സഹകരിച്ചിട്ടുണ്ട്. വേദനിക്കുന്നവര്‍ക്കൊപ്പം നില്‍ക്കുന്ന മനസ്സാണ് മനുഷ്യനെ സംസ്കാരമുള്ളവനാക്കുന്നത്. ഓഖി ദുരന്തം വന്ന ഘട്ടത്തിലും കഴിഞ്ഞ പ്രളയഘട്ടത്തിലും നാം ഇത് അനുഭവിച്ചു. അതുപോലെയുള്ള മനസ്സിന്‍റെ ഒരുമ വീണ്ടും പ്രകടമാകേണ്ട സന്ദര്‍ഭമാണിത്. എത്ര ചെറിയ തുകയും ചെറുതല്ല. എത്ര വലിയ തുകയും വലുതുമല്ല. അത്രമേല്‍ വ്യാപ്തിയുള്ളതാണ് നാം നേരിടുന്ന ദുരന്തം. അതിനെ മറികടക്കാന്‍ എല്ലാവരുടെയും സഹായമുണ്ടാകണം.
ദുഷ്പ്രചാരണങ്ങളില്‍ പെട്ടുപോകാതെ നാടിനെ രക്ഷിക്കാന്‍ നാം ഒരുമിക്കേണ്ടതിന്‍റെ ആവശ്യകത ബോധ്യപ്പെട്ടുകൊണ്ടുള്ള പ്രതികരണമാണ് പ്രതീക്ഷിക്കുന്നത്. എല്ലാ വേര്‍തിരിവുകള്‍ക്കും അതീതമായി ഉദാരമാം വിധം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണം. മന്ത്രിമാര്‍ ഒരുലക്ഷം രൂപ വീതം സിഎംഡിആര്‍എഫിലേക്ക് സംഭാവന നല്‍കും. നാടിന്‍റെയാകെ ദുരന്തത്തെ മറികടക്കാനാണ് നാം ശ്രമിക്കുന്നതെന്നു തിരിച്ചറിഞ്ഞുകൊണ്ട് കഴിയുന്നത്ര രീതിയില്‍ സഹായിക്കണമെന്ന് എല്ലാ നല്ല മനസ്സുകളോടും അഭ്യര്‍ത്ഥിക്കുകയാണ്. വെള്ളപ്പൊക്കത്തില്‍ പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ട 1 മുതല്‍ 12 ക്ലാസ്സുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ പാഠപുസ്തകങ്ങള്‍ നല്‍കും. വിദ്യാര്‍ത്ഥികളില്‍ നിന്ന് പ്രഥമാദ്ധ്യാപകര്‍ വിവരം ശേഖരിച്ച് ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസര്‍മാര്‍ മുഖേന പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണം. പാഠപുസ്തകങ്ങള്‍ അടിയന്തിരമായി ലഭിക്കുന്നതിനു വേണ്ട നടപടി ആരംഭിച്ചിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടവരുണ്ട്. അവ ലഭ്യമാക്കുന്നതിന് അദാലത്തുകള്‍ നടത്തും. ആധാര്‍ കാര്‍ഡ്, എസ്എസ്എല്‍സി, റേഷന്‍ കാര്‍ഡ്, വാഹന രജിസ്ട്രേഷന്‍ രേഖ, ഡ്രൈവിങ് ലൈസന്‍സ്, രജിസ്ട്രേഷന്‍ സംബന്ധിച്ച രേഖകള്‍, ജനനമരണ, വിവാഹ രേഖകള്‍, ഇ-ഡിസ്ട്രിക്റ്റ് സംവിധാനത്തിലൂടെ ലഭിക്കുന്ന രേഖകള്‍ തുടങ്ങിയവയുടെ പകര്‍പ്പ് സൗജന്യമായി ഈ അദാലത്തുകളില്‍ നല്‍കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സുതാര്യവും ആര്‍ക്കും പരിശോധിക്കാവുന്ന കണക്കുകള്‍ ഉള്ളതും ആണ്. അത്തിന്‍റെ പ്രയോജനം ലഭിക്കുന്നത് അര്‍ഹതയുള്ളവര്‍ക്കു മാത്രമാണ്. അതുകൊണ്ടാണ് അതിനു ആരൊക്കെ ദുഷ്പ്രചാരണം നടത്തിയിട്ടും അതിലേക്കു സംഭാവന നല്‍കാന്‍ ജനങ്ങള്‍ തയ്യാറാകുന്നത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളുടെയും ദുരിതാശ്വസ നിധികള്‍ ഓഡിറ്റ് ചെയ്യുന്നത് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ആണ്. സംസ്ഥാനനിധി നിയമസഭയിലും ദേശീയ നിധി പാര്‍ലമെന്‍റിലും കണക്കു പറയണം. ഇതെല്ലാം മറച്ചുവെച്ച് പ്രചാരണം നടത്തുന്നവരുടെ ലക്ഷ്യം വേറെയാണ്.
കേരളത്തിന്‍റെ സിഎംഡിആര്‍എഫിനോട് സാമ്യമുള്ള ഒരു അഡ്രസ്സ് ഉണ്ടാക്കി ഒരാള്‍ പണം തട്ടുന്നതാണ് ഇന്നലെ കണ്ടെത്തിയത്. ഈ നിധി മുടക്കാന്‍ മാത്രമല്ല കൊള്ളയടിക്കാനും ശ്രമമുണ്ടാകുന്നു. ഇത്തരം ശ്രമങ്ങളെ ശക്തമായി നേരിടും. പ്രളയത്തിനു വേണ്ടി ജനങ്ങള്‍ നല്‍കിയ സംഭാവന പ്രളയ ദുരിതാശ്വാസത്തിനു മാത്രമാണ് ഉപയോഗിക്കുക. ഇക്കഴിഞ്ഞ പ്രളയത്തിനുശേഷം 2276.4 കോടി രൂപയാണ് സര്‍ക്കാര്‍ അങ്ങനെ ചെലവിട്ടത്. അതില്‍ 457.6 കോടി രൂപ ആശ്വാസ ധനസഹായമാണ്. വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്കുള്ള ആശ്വാസമായി നല്‍കിയത് 1636 കോടി രൂപയാണ്. ഈ കണക്കുകളൊക്കെ പരസ്യമായി വെബ്സൈറ്റില്‍ ലഭ്യമാണ്. എല്ലാവര്‍ഷവും ദുരിതാശ്വാസ നിധിയിലേക്ക് ബജറ്റില്‍ നിന്നു പണം നീക്കിവെയ്ക്കാറുണ്ട്. അതില്‍ നിന്നാണ് മാറ്റാവശ്യങ്ങള്‍ക്കായി പണം നല്‍കുന്നത്. സര്‍ക്കാരിന്‍റെ ബോധ്യത്തിനനുസരിച്ച് സഹായം അനുവദിക്കുന്നതും പുതിയ കാര്യമല്ല. ചികിത്സാ ചെലവുള്‍പ്പെടെ അങ്ങനെ എല്ലാ കാലത്തും നല്‍കിയിട്ടുണ്ട്.
പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനുള്ള ചെലവടക്കം നല്‍കിയ അനുഭവമുണ്ട്. ഇന്നുതന്നെ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തകന്‍റെ കുടുംബത്തിന് നല്‍കുന്ന സഹായമുണ്ട്. അതും പ്രളയവുമായി കൂട്ടിക്കുഴയ്ക്കേണ്ടതില്ല. പിന്നെ ഫിക്സഡ് ഡിപ്പോസിറ്റ് ഇട്ടു എന്നാണു ഒരു പ്രചാരണം. അതിനൊന്നും ഞാന്‍ വിശദീകരണം നല്‍കുന്നില്ല. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നെങ്കിലും ഒന്ന് പരിശോധിച്ചാല്‍ തീരുന്ന സംശയമേ ഉള്ളൂ. കഴിഞ്ഞ തവണത്തേത് മുഴുവന്‍ ചെലവാക്കിയില്ല എന്നു പറയുന്നു. അങ്ങനെ ഒറ്റയടിക്ക് ചെലവാക്കാനുള്ളതല്ല ആ തുക. ഉദാഹരണത്തിന് ഒരു വീട് നിര്‍മിക്കാന്‍ തുക അനുവദിച്ചാല്‍ അത് പൂര്‍ത്തിയാകുന്ന മുറയ്ക്കാണ് കൊടുത്തുതീര്‍ക്കുക.
നിലവില്‍ പ്രളയ ദുരിതാശ്വാസത്തിനായി നീക്കിവെച്ച ഫണ്ട് തീരുമാനിച്ചുറപ്പിച്ച ആവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ളതാണ്. മത്സ്യത്തൊഴിലാളികളുടെ ഭവനപദ്ധതി ഉള്‍പ്പെടെ വലിയ തുക അതിന് വേണ്ടതുണ്ട്. അതില്‍നിന്ന് എടുത്ത് മറ്റാവശ്യങ്ങള്‍ക്കു ചെലവാക്കിയാല്‍ കഴിഞ്ഞ പ്രളയകാലത്തെ ദുരന്തബാധിതകര്‍ക്കുള്ള സഹായത്തെയാണ് ബാധിക്കുക. അതുകൊണ്ടാണ് ദുരിതാശ്വാസനിധിയിലേക്ക് കൂടുതല്‍ സംഭാവന വേണമെന്ന് സര്‍ക്കാര്‍ പറയുന്നത്. വാഹനാപകടത്തില്‍ മരണമടഞ്ഞ മാധ്യമപ്രവര്‍ത്തകന്‍ മുഹമ്മദ് ബഷീറിന്‍റെ രണ്ട് മക്കള്‍ക്കും മാതാവിനും രണ്ടുലക്ഷം രൂപ വീതം നല്‍കാന്‍ തീരുമാനിച്ചു. ബഷീറിന്‍റെ ഭാര്യയ്ക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസൃതമായി മലയാളം സര്‍വകലാശാലയില്‍ ജോലി നല്‍കും.