കിഫ്ബി മസാല ബോണ്ട് വിപണിയിൽ ഇറക്കൽ: ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിലേക്ക് മുഖ്യമന്ത്രിക്ക് ക്ഷണം
കിഫ്ബി മസാല ബോണ്ട് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യും. മസാലബോണ്ട് വ്യാപാരം തുടങ്ങുന്ന ചടങ്ങിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന് ക്ഷണം ലഭിച്ചിട്ടുണ്ട് . മേയ് 17ലെ ചടങ്ങില്‍ പങ്കെടുക്കാന്‍ ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചാണ് മുഖ്യമന്ത്രിയെ ക്ഷണിച്ചത്
തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ട് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യും. മസാലബോണ്ട് വ്യാപാരം തുടങ്ങുന്ന ചടങ്ങിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന് ക്ഷണം ലഭിച്ചിട്ടുണ്ട് . മേയ് 17ലെ ചടങ്ങില്‍ പങ്കെടുക്കാന്‍ ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചാണ് മുഖ്യമന്ത്രിയെ ക്ഷണിച്ചത്. ബോണ്ടിന്റെ സബ്‌സ്‌ക്രൈബിങ് നടപടികള്‍ നേരത്തെ തന്നെ പൂര്‍ത്തിയായിരുന്നു. ചടങ്ങില്‍ പങ്കെടുക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടേണ്ടതുണ്ട്. ഇതിനു ശേഷമായിരിക്കും മുഖ്യമന്ത്രി ചടങ്ങില്‍ പങ്കെടുക്കുക..മേയ് പകുതിയോടെ പ്രളയാനന്തര പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് ജനീവയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രിക്കു പങ്കെടുക്കേണ്ടതുണ്ട്. ഈ ചടങ്ങില്‍ പങ്കെടുക്കുന്നിനൊപ്പം ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നടക്കുന്ന ചടങ്ങിലും പങ്കെടുത്തേക്കുമെന്നാണ് സൂചന.
മസാലാ ബോണ്ട് പുറത്തിറക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് കേരളം. ലാവലിനുമായി ബന്ധമുള്ള സിഡിപിക്യൂവാണ് മസാല ബോണ്ട് വാങ്ങിയതെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾക്കിടെയാണ് ഈ വാർത്ത പുറത്തുവരുന്നത്. ഇന്ത്യയ്ക്ക് പുറത്ത് നിന്ന് ധനസമാഹരണത്തിനായി ഇന്ത്യൻ രൂപയിൽ പുറത്തിറക്കുന്ന ബോണ്ടുകളാണ് മസാലബോണ്ട്. അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങൾ അംഗീകരിച്ചതനുസരിച്ചാണ് ഈ ഏർപ്പാട്. ഇന്ത്യയിൽ നിന്ന് സ്ഥാപനങ്ങൾ പുറത്തിറക്കുന്ന ഇന്ത്യൻ രൂപയിലുള്ള ബോണ്ടിന് മസാലബോണ്ടെന്നും ജപ്പാനിൽ നിന്നുള്ളതിന് സമുറായ് ബോണ്ട്, ചൈനയിൽ നിന്നുളളതിന് ദിസംബോണ്ട് എന്നിങ്ങിനെയാണ് പേര്. 2016ലാണ് ഇന്ത്യൻ റിസർവ്വ് ബാങ്ക് ഇത്തരത്തിലുള്ള ധനസമാഹരണത്തിന് അനുമതി നൽകിയത്