പീതാംബരം ചുവക്കുമോ ?മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും വെള്ളാപ്പള്ളിയെ സന്ദര്‍ശിച്ചു
എസ്.എന്‍.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി മുഖ്യമന്ത്രിയും മന്ത്രിമാരും കൂടിക്കാഴ്ച നടത്തി. വെള്ളാപ്പള്ളിയുടെ ആലപ്പുഴ കാണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച
ആലപ്പുഴ :മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും വെള്ളാപ്പള്ളിയെ സന്ദര്‍ശിച്ചു. കടകംപള്ളി സുരേന്ദ്രന്‍, ജി സുാധാകരന്‍ എന്നിവരും മന്ത്രിയോടൊപ്പമുണ്ട്. ലോക് സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഇടത് പക്ഷം നടത്തിയ നിര്‍ണ്ണായ നീക്കമാണ് ഈ കൂടിക്കാഴ്ച. വെള്ളാപ്പള്ളിയുടെ വസതിയില്‍ എത്തിയായിരുന്നു കൂടിക്കാഴ്ച. മന്ത്രി സഭയുടെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളി ചെയര്‍മാനായ ദേവി ക്ഷേത്രത്തിലെ പില്‍ഗ്രിം സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്യാനാണ് പിണറായി വിജയന്‍ ഇവിടെ എത്തിയത്. വനിതാ മതിലിന്റെ കണ്‍വീനര്‍ കൂടിയായിരുന്നു വെള്ളാപ്പള്ളി. എന്‍എസ്എസുമായി ഭിന്നത കൂടി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മറ്റൊരു സാമുദായിക മുന്നണിയായ എസ്എന്‍ഡിപിയുമായി നടത്തുന്ന ചര്‍ച്ചകള്‍ പ്രധാന്യമേറിയതാണ്.
ഇരുപത് മിനിറ്റോളം നീണ്ട് നിന്ന ചർച്ചയിൽ മന്ത്രിമാരായ തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രൻ, ജീസുധാകരൻ, തിലോത്തമൻ എന്നിവരും പങ്കെടുത്തു. രാഷ്ട്രീയ ചർച്ചകളല്ല, മറിച്ച് സൗഹൃദ സന്ദർശനം മാത്രമായിരുന്നു നടന്നതെന്ന് സി പി എം നേതാക്കൾ പറയുമ്പോഴും ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണങ്ങൾ നടത്താൻ നേതാക്കൾ തയ്യാറായിട്ടില്ല.
കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ഇടത് മുന്നണിയുമായി അകന്ന് നിന്നിരുന്ന എസ് എൻഡിപിയുടെ പിന്തുണ ഇത്തവണ ഉറപ്പാകുന്നതിന്റെ ഭാഗമായുള്ള നീക്കമാണ് പിണറായിയും സംഘവും നടത്തിയത് എന്ന് വ്യക്തം. ഒപ്പം ശബരിമല വിഷയത്തിൽ ഉൾപ്പടെ സർക്കാരിന് ഉറച്ച പിന്തുണയാണ് എസ്എന്‍ഡിപി യോഗം നൽകിയിരുന്നത്. ഇതു കൂടി കണക്കാക്കികൊണ്ടുള്ള വിശാല സൗഹൃദത്തിലേക്കും സഖ്യത്തിലേക്കും നയിക്കുന്ന ചർച്ചകളാണ് ഇന്നത്തെ കൂടിക്കാഴ്ച്ചയിൽ ഉയർന്നിരിക്കുന്നത്. അതേസമയം മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ എൻ എസ്എസുമായി ഭിന്നത രൂക്ഷമായിരിക്കെയാണ് എസ് എൻഡിപിയുമായുള്ള പിണറായിയുടെ പരസ്യ സൗഹൃദപ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്.വോട്ടിനായി പിണറായി സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് ആരോപിച്ചു.കൂടിക്കാഴ്ചയില്‍ അസ്വാഭാവികത ഇല്ലെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം