ജനവാസ കേന്ദ്രങ്ങളെ ബഫർ സോണിൽ ഉൾപ്പെടുത്തിയത് പിണറായി സർക്കാർ വി ഡി സതീശൻ
"ജനങ്ങളെ ദ്രോഹിക്കുന്ന ഉത്തരവാണ് സർക്കാർ ഇറക്കിയത്. ഉമ്മൻ ചാണ്ടി സർക്കാർ ഭംഗിയായി ചെയ്ത കാര്യങ്ങൾ പിണറായി സർക്കാർ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തിലാക്കി. പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി ഇനിയും മറുപടി നൽകിയിട്ടില്ല. ദേശീയ ശരാശരിയേക്കാൾ വനം കേരളത്തിലുണ്ട്. ജനസാന്ദ്രത കൂടുതൽ, വാസഭൂമിയുടെ കുറവ് ഇതൊക്കെയാണ് സുപ്രിം കോടതിയിൽ അറിയിക്കേണ്ടത്
തിരുവനന്തപുരം | ജനവാസ കേന്ദ്രങ്ങളെ ബഫർ സോണിൽ ഉൾപ്പെടുത്തിയത് പിണറായി സർക്കാരാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തികഞ്ഞ അനാസ്ഥയും കെടുകാര്യസ്ഥതയും കാണിച്ച സർക്കാർ, ബഫർ സോണിൽ വീണിടത്ത് കടന്ന് ഉരുളുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി.
“ജനങ്ങളെ ദ്രോഹിക്കുന്ന ഉത്തരവാണ് സർക്കാർ ഇറക്കിയത്. ഉമ്മൻ ചാണ്ടി സർക്കാർ ഭംഗിയായി ചെയ്ത കാര്യങ്ങൾ പിണറായി സർക്കാർ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തിലാക്കി. പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി ഇനിയും മറുപടി നൽകിയിട്ടില്ല. ദേശീയ ശരാശരിയേക്കാൾ വനം കേരളത്തിലുണ്ട്. ജനസാന്ദ്രത കൂടുതൽ, വാസഭൂമിയുടെ കുറവ് ഇതൊക്കെയാണ് സുപ്രിം കോടതിയിൽ അറിയിക്കേണ്ടത്. എന്നാൽ ഇതൊന്നും സർക്കാർ ചെയ്യുന്നില്ല. സർക്കാരിന് എന്തു ചെയ്യണമെന്നറിയാതെയുള്ള ആശയക്കുഴപ്പമുണ്ട്. ബിജെപിയെ സഹായിക്കാനാണ് ഇപ്പോൾ ജയറാം രമേഷിനെ ഇടത് സർക്കാർ കുറ്റപെടുത്തുന്നത്’. ആദ്യ പിണറായി സർക്കാർ ചെയ്തു വച്ച ദുരന്തമാണിതെന്ന് കുറ്റപ്പെടുത്തിയ സതീശൻ, ഉറങ്ങിക്കിടന്ന സർക്കാരിനെ ഉണർത്താൻ പ്രതിപക്ഷത്തിനു സാധിച്ചു”വെന്നും പറഞ്ഞു .
അതേ സമയം, സീറോ ബഫർ സോൺ റിപ്പോർട്ടും ഭൂപടവും സംസ്ഥാന സർക്കാർ പ്രസിദ്ധീകരിച്ചു. 2021 ൽ കേന്ദ്രത്തിന് സംസ്ഥാനം നൽകിയ റിപ്പോർട്ടാണ് പ്രസിദ്ധീകരിച്ചത്. സർക്കാർ വെബ് സൈറ്റുകളിൽ റിപ്പോർട്ട് ലഭ്യമാണ്.
ബഫർ സോണിൽ വിവരങ്ങൾ ഉൾപെടുത്താൻ എന്തുചെയ്യണം
സംസ്ഥാനത്തെ സംരക്ഷിത പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ പരിധിയിലുള്ള സ്ഥാപനങ്ങൾ, വീടുകൾ, മറ്റു നിർമാണങ്ങൾ, വിവിധ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച് ഉപഗ്രഹ ചിത്രങ്ങൾ മുഖേന തയ്യാറാക്കിയ പ്രാഥമിക റിപ്പോർട്ടിന്റെ സംക്ഷിപ്ത വിവരങ്ങളിൽ അഭിപ്രായമുണ്ടെങ്കിലും ഇതിൽ ഉൾപ്പെടാതെ പോയ വിവരങ്ങൾ ഉണ്ടെങ്കിൽ അറിയിക്കാനും പൊതുജനങ്ങൾക്ക് അവസരം. റിപ്പോർട്ടിൻ്റെ സംക്ഷിപ്തവും വിവരങ്ങൾ അറിയിക്കാനുള്ള പ്രൊഫോർമയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രൊഫോർമ പൂരിപ്പിച്ച് ഡിസംബർ 23നകം eszexpertcommittee@gmail.com ലേക്ക് അയയ്ക്കുകയോ ജോയിന്റ് സെക്രട്ടറി, വനം വന്യജീവി വകുപ്പ്, അഞ്ചാം നില, സെക്രട്ടേറിയറ്റ് അനക്സ് 2, തിരുവനന്തപുരം 695001 എന്ന വിലാസത്തിൽ ലഭ്യമാക്കുകയോ വേണം. പഞ്ചായത്തുതല, വില്ലേജ്തല സർവേ നമ്പർ ഉൾപ്പെടെയുള്ള നിർമിതികളുടെ വിവരങ്ങളും മാപ്പുകളും സഹിതമുള്ള റിപ്പോർട്ടാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
കൂടുതൽ വിവരങ്ങൾക്ക് ക്ലിക്ക് ചെയ്യുക