പൗരത്വനിയമത്തിനെതിരെ ഒന്നിക്കണം ആഹ്വാനം ; 11 മുഖ്യമന്ത്രിമാർക്ക് പിണറായികത്തെഴുതി
ബംഗാള്‍, ഡല്‍ഹി, മഹാരാഷ്ട്ര, ബിഹാര്‍, ജാര്‍ഘണ്ഡ്, ആന്ധ്ര, പുതുച്ചേരി, മധ്യപ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍, ഒഡീഷ മുഖ്യമന്ത്രിമാര്‍ക്കാണ് പിണറായി കത്തയച്ചത്.
തിരുവനന്തപുരം :പൗരത്വഭേദഗതി നിയമത്തിനെതിരെ ഒരുമിച്ച് നില്‍ക്കാന്‍ ആവശ്യപ്പെട്ട് ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്ക് പിണറായി വിജയന്‍റെ കത്ത്. വ്യത്യാസങ്ങള്‍ മറന്ന് പൗരത്വ നിയമഭേദഗതിക്കെതിരെ ഒന്നിക്കണമെന്ന് പതിനൊന്ന് മുഖ്യമന്ത്രിമാര്‍ക്കയച്ച കത്തില്‍ പിണറായി പറയുന്നു. നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരെ ഗവര്‍ണറും ബിജെപിയും നിലപാട് കടുപ്പിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പുതിയ നീക്കം. പൗരത്വഭേദഗതി നിയമത്തിനെതിരെ സമാന അഭിപ്രായമുള്ളവര്‍ യോജിച്ചു പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പതിനൊന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചു. ബംഗാള്‍, ഡല്‍ഹി, മഹാരാഷ്ട്ര, ബിഹാര്‍, ജാര്‍ഘണ്ഡ്, ആന്ധ്ര, പുതുച്ചേരി, മധ്യപ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍, ഒഡീഷ മുഖ്യമന്ത്രിമാര്‍ക്കാണ് പിണറായി കത്തയച്ചത്.
രാജയത്തെ എല്ലാ വിഭാഗങ്ങളും വ്യത്യാസങ്ങള്‍ മറന്ന് പൗരത്വ നിയമഭേദഗതിക്കെതിരെ ഒന്നിക്കണം. ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കുക കാലഘട്ടത്തിന്‍റെ ആവശ്യമാണ്. ഏകത്വം എന്ന ആശയം വെല്ലുവിളികളെ അതിജീവിച്ച് ശക്തിപ്രാപിക്കും. കേരള നിയമസഭ പാസാക്കിയപ്രമേയം, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് നിറുത്തിവെച്ചത് എന്നിവയും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് അഭിപ്രായമുള്ള സംസ്ഥാനങ്ങള്‍ കേരളം കൈക്കൊണ്ടതുപോലുള്ള നടപടികള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സംസഥാനങ്ങള്‍ ഒരുമിച്ച് അഭിപ്രായം പറഞ്ഞാല്‍ നിയമഭേദഗതിയെ പിന്തുണക്കുന്നവരുടെ കണ്ണുതുറക്കുമെന്നും കത്ത് പറയുന്നു.
നിയമസഭയില്‍ ഭരണ, പ്രതിപക്ഷങ്ങള്‍ ഒരുമിച്ച് പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയതിനെ ഗവര്‍ണരും ബിജെപിയും ശക്തമായി എതിര്‍ക്കുന്നതിനിടെയാണ് മറ്റ് മുഖ്യമന്ത്രിമാരെക്കൂടി ഒപ്പം നിറുത്തി പിണറായി നിലപാട് കടുപ്പിക്കുന്നത്. പൗരത്വനിയമത്തിനെതിരെ സംസ്ഥാനത്ത് കോണ്‍ഗ്രസിന്‍റെയും യുഡിഎഫിന്റെയും പ്രതിഷേധം ശക്തമല്ല എന്ന വിമര്‍ശനം നിലനില്‍ക്കുമ്പോഴാണ് രാജ്യമെമ്പാടും ശ്രദ്ധിക്കുന്ന നിലയിലുള്ള പിണറായിയുടെ രാഷ്ട്രീയ നീക്കം.