സി.പി.ഐ.എം പാർട്ടി കോൺഗ്രസ് സെമിനാർ വേദിയിയിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ,കോൺഗ്രസ് നേതാവ് കെ.വി തോമസും
ഹൈക്കമാൻഡ് രണ്ട് തവണ സെമിനാറിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടിട്ടും കെ.വി. തോമസ് അത് നിരസിക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവർ വേദിയിലുണ്ട്.
കണ്ണൂർ | കണ്ണൂരിൽ നടക്കുന്ന സി.പി.ഐ.എം പാർട്ടി കോൺഗ്രസ് സെമിനാർ വേദിയിലെത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ മുഖ്യമന്ത്രി പിണറായി വിജയൻ പൂച്ചെണ്ടുകൽ നൽകി സ്വീകരിച്ചു. രണ്ട് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ കരുത്തരായ മുഖ്യമന്ത്രിമാരാണ് ഒരേ വേദിയിലെത്തിയിരിക്കുന്നത്. വലിയ രാഷ്ട്രീയ ചിത്രമാണിത്. ദേശീയ രാഷ്ട്രീയത്തിൽ ബി.ജെ.പിക്കെതിരായ രാഷ്ട്രീയ ബദലിന് രൂപം നൽകുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച സെമിനാറിലാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും കോൺഗ്രസ് നേതാവ് കെ.വി തോമസും പങ്കെടുക്കുന്നത്. കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് നേതാക്കൾ സെമിനാറിലും പാർട്ടി കോൺഗ്രസിലും നടത്തുന്നത്.
ഹൈക്കമാൻഡ് രണ്ട് തവണ സെമിനാറിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടിട്ടും കെ.വി. തോമസ് അത് നിരസിക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവർ വേദിയിലുണ്ട്. എഐസിസി അംഗം കെ.വി. തോമസിനെ കോടിയേരി ബാലകൃഷ്ണൻ സി.പി.എമ്മിലേക്ക് ക്ഷണിച്ചിരുന്നു. സഹകരിക്കാൻ തയ്യാറായാൽ കെ.വി. തോമസിനെ സ്വീകരിക്കും. സെമിനാറിൽ പങ്കെടുക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുകയാണെന്നും ഇതിന്റെ പേരിൽ കെ.വി. തോമസ് വഴിയാധാരമാകില്ലെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു.
കെ വി തോമസിനെ വേദിയിലിരുത്തി കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരെ രൂക്ഷമായ വിമർശനമാണ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ നടത്തിയത്. കോൺഗ്രസ് അധ്യക്ഷ പദവിയിൽ കോണ്ഗ്രസുകാർ പോലും വെറുക്കുന്ന ഒരാൾ കടന്നു കയറിയതിന്റെ ദുരന്തമാണ് കെവി തോമസിന്റെ വിലക്കെന്ന് സ്വാഗത പ്രസംഗത്തിൽ എം.വി.ജയരാജൻ പറഞ്ഞു. ഇത് ഊരുവിലക്കാണെന്നും ജയരാജൻ തുറന്നടിച്ചു.
കെവി തോമസിനെ ക്ഷണിച്ചത് കോൺഗ്രസ് പ്രതിനിധിയായിട്ടാണ്. കോൺഗ്രസ് നേതാവായി തന്നെ പങ്കെടുക്കുന്നു.
നാളെയും വലുത് ഒന്നും സംഭവിക്കാനില്ലെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചിലർ അദ്ദേഹത്തിന്റെ മുക്ക് ചെത്തിക്കളയും എന്നു പറഞ്ഞു. പങ്കെടുക്കില്ല എന്നും പറഞ്ഞു. ഒരു ചുക്കും സംഭവിക്കില്ലെന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു.
പാർട്ടി വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുന്ന കെവി തോമസിനെതിരായ അച്ചടക്ക നടപടിയിൽ കോൺഗ്രസ്സിൽ ചർച്ചകൾ തുടരുകയാണ്. വിലക്കണമെന്ന് നിർബന്ധം പിടിച്ച കെപിസിസിയുടെ തലയിലേക്ക് തന്നെയാണ് നടപടിയുടെ ഉത്തരവാദിത്വം എഐസിസി വെച്ചത്. ബിജെപി വിരുദ്ധ ചേരിക്കുള്ള ശ്രമത്തിനിടെ കേന്ദ്ര സർക്കാരിനെതിരായ സെമിനാറിലെ പങ്കാളിത്തത്തിന്‍റെ പേരിൽ നടപടി എടുത്താൽ ദേശീയതലത്തിൽ തന്നെ തിരിച്ചടിക്കുമോ എന്ന ആശങ്ക എഐസിസിക്കുണ്ട്. ഉത്തരവാദിത്വം പൂർണ്ണമായും കെപിസിസിക്ക് മേൽ വരുന്നതിൽ സുധാകരൻ സമ്മർദ്ദത്തിലാണ്. എന്നാൽ എഐസിസി അംഗമായ തോമസിനെതിരെ ഹൈക്കമാൻഡ് അനുമതിയോടെ മാത്രമേ നടപടി എടുക്കാനാകു എന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാട്. കണ്ണൂരിലുള്ള കെസി വേണുഗോപാലുമായി സുധാകരനും സതീശനും കൂടിയാലോചന തുടരും.