പാലാരിവട്ടം മേൽപാലം അഴിമതി കേസ്; വികെ ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യും
ഇബ്രാഹിംകുഞ്ഞിനെതിരായ അന്വേഷണത്തിന് ഗവർണറുടെ അനുമതി ലഭിച്ചതിന് പിന്നാലെ വിജിലൻസ് പ്രത്യേക സംഘം യോഗം ചേർന്നിരുന്നു
കൊച്ചി :പാലാരിവട്ടം മേൽപാലം അഴിമതി കേസിൽ മുൻ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെ അടുത്തയാഴ്ച ചോദ്യം ചെയ്യും. നിയമസഭ അവസാനിക്കുന്ന മുറയ്ക്ക്ബുധനാഴ്ചയ്ക്ക് ശേഷം ചോദ്യം ചെയ്യാനാണ് തീരുമാനം.അതേസമയം, ആർബിഡിസികെ മുൻ എംഡി മുഹമ്മദ് ഹനീഷിനെ ചോദ്യം ചെയ്യാൻ വിജിലൻസ് സർക്കാരിനോട് ആവശ്യപ്പെട്ടു. ഇബ്രാഹിംകുഞ്ഞിനെതിരായ അന്വേഷണത്തിന് ഗവർണറുടെ അനുമതി ലഭിച്ചതിന് പിന്നാലെ വിജിലൻസ് പ്രത്യേക സംഘം യോഗം ചേർന്നിരുന്നു. മുൻ മന്ത്രിയെ ചോദ്യം ചെയ്യുന്ന തീയതി നിശ്ചയിക്കുക, ചോദ്യാവലി തയാറാക്കുക തുടങ്ങിയവയായിരുന്നു അജണ്ട. ഇതിന്റെ അടിസ്ഥാനത്തിൽ നിയമസഭാ സമ്മേളനം തീരുന്ന മുറയ്ക്ക് അടുത്ത ബുധനാഴ്ചയ്ക്ക് ശേഷം ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യും. പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട് ആദ്യഘട്ട മൊബിലൈസേഷൻ ഫണ്ട് അനുവദിച്ചതിൽ മന്ത്രിയുടെ ഇടപെടൽ ഉണ്ടെന്ന് മുൻ പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജ് വിജിലൻസിന് മൊഴി നൽകിയിരുന്നു. ഇതിന് പുറമെ റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപറേഷനിലെ രേഖകളും മന്ത്രിക്ക് എതിരാണ്.
കേസിൽ ആർബിഡിസികെ മുൻ എംഡി മുഹമ്മദ് ഹരീഷ് ഐഎഎസിനെയും വിജിലൻസ് ചോദ്യം ചെയ്യുമെന്നാണ് വിവരം. ഇതിനായി സർക്കാരിന്റെ അനുമതി വിജിലൻസ് തേടിയിട്ടുണ്ട്. കൊച്ചിയിലെ ഓഫീസിൽ വിളിച്ചുവരുത്തിയാകും ഇരുവരെയും വിജിലൻസ് ചോദ്യം ചെയ്യുക.