“ആംബര്‍ ഡെയ്ല്‍ “പ്ലംജൂഡിയുടെ പട്ടയം റദ്ദാക്കിയതിന് ഹൈക്കോടതി സ്റ്റേ
തങ്ങളുടെ ഭാഗം കേള്‍ക്കാതെ ഏകപക്ഷീയമായാണ് കലക്ടറുടെ നടപടിയെന്നും റിസോര്‍ട്ട് ഉടമകളുടെ ഹര്‍ജിയില്‍ പറയുന്നു. തുടര്‍ന്ന് പട്ടയം റദ്ദാക്കിയത് സ്റ്റേ ചെയ്ത കോടതി സംസ്ഥാന സര്‍ക്കാരിന്‍റെ വിശദീകരണത്തിനായി കേസ് മാറ്റി
കൊച്ചി :മൂന്നാർ പള്ളിവാസലിലെ പ്ലം ജൂഡി റിസോർട്ടിന്‍റെ പട്ടയം റദ്ദാക്കിയ ജില്ലാ കലക്ട്ടറുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. കലക്ടറുടെ നടപടി ചട്ടങ്ങള്‍ പാലിച്ചല്ലെന്ന് കാണിച്ച് റിസോര്‍ട്ട് ഉടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ഭൂപതിവ് ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് കലക്ടര്‍ മൂന്നു റിസോര്‍ട്ടുകളുടെ പട്ടയം റദ്ദാക്കിയത്.
ഭൂപതിവ് ചട്ടങ്ങള്‍ ലംഘിച്ച് കൃഷി ഭൂമിയില്‍ ബഹുനില കെട്ടിടങ്ങള്‍ നിര്‍മിച്ചുവെന്ന വിജിലന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഇടുക്കി കലക്ടര്‍ മൂന്നാര്‍ പള്ളിവാസലിലെ മൂന്നു റിസോര്‍ട്ടുകളുടെ പട്ടയം റദ്ദാക്കിയത്. ഇപ്പോള്‍ ആംബര്‍ ഡെയ്ല്‍ എന്ന പേരില്‍ അറിയപ്പെടുന്ന പ്ലം ജൂഡി റിസോര്‍ട്ടിന്‍റെയും നിര്‍മാണത്തിലിരിക്കുന്ന മറ്റ് രണ്ട് റിസോര്‍ട്ടുകളുടെയും ഭൂമിയുടെ പട്ടയമാണ് റദ്ദാക്കിയത്. എന്നാല്‍ കലക്ടറുടെ നടപടി നിയമപരമല്ലെന്ന് കാണിച്ച് പ്ലം ജൂഡി റിസോര്‍ട്ട് ഉടമകള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.വിജിലന്‍സ് കേസിന്‍റെ അടിസ്ഥാനത്തിലാണ് കലക്ടറുടെ നടപടി. എന്നാല്‍ വിജിലന്‍സ് കേസിന്‍റെ അടിസ്ഥാനത്തില്‍ പട്ടയം റദ്ദാക്കാന്‍ കലക്ടര്‍ക്ക് അധികാരമില്ലെന്നാണ് റിസോര്‍ട്ട് ഉടമകളുടെ വാദം. തങ്ങളുടെ ഭാഗം കേള്‍ക്കാതെ ഏകപക്ഷീയമായാണ് കലക്ടറുടെ നടപടിയെന്നും റിസോര്‍ട്ട് ഉടമകളുടെ ഹര്‍ജിയില്‍ പറയുന്നു. തുടര്‍ന്ന് പട്ടയം റദ്ദാക്കിയത് സ്റ്റേ ചെയ്ത കോടതി സംസ്ഥാന സര്‍ക്കാരിന്‍റെ വിശദീകരണത്തിനായി കേസ് മാറ്റി. അടുത്തമാസം 25ന് കേസ് വീണ്ടും പരിഗണിക്കും.