പാലക്കാട് ദുരഭിമാനക്കൊലയില്‍ തെളിവെടുപ്പ്
കാലില്‍ ഉണ്ടായ മുറിവില്‍ നിന്ന് രക്തം വാര്‍ന്നാണ് അനീഷ് മരിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ കണ്ടെത്തല്‍. അതേസമയം ദുരഭിമാനക്കൊലയ്ക്ക് പിന്നില്‍ ഗൂഡാലോചനയെന്ന് അച്ഛന്‍ അറുമുഖന്‍ പറഞ്ഞു
പാലക്കാട് :തേങ്കുറിശിലെ ദുരഭിമാനക്കൊലയില്‍ തെളിവെടുപ്പ് നടത്തി . കൊലപാതകം നടന്ന സ്ഥലത്ത് കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛന്‍ പ്രഭു കുമാര്‍, അമ്മാവന്‍ സുരേഷ് എന്നീ പ്രതികളെ എത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്. വൈകുന്നേരത്തിനുള്ളില്‍ പ്രതികളെ മജിസ്‌ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കും.രാവിലെ പത്തരയോടെ ആണ് പ്രതികളായ സുരേഷ്, പ്രഭുകുമാർ എന്നിവരെ കൊലപാതകം നടന്ന മാനാം കുളമ്പ് കവലയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ഇരുവരും കൃത്യം നടത്തിയ രീതി പോലീസിനോട് വിശദീകരിച്ചു. കത്തി, ഇരുമ്പുവടി എന്നിവ ഉപയോഗിച്ച് ആക്രമിച്ച ശേഷം സമീപത്തുള്ള ഓടയിലേക്ക് അനീഷിന് തള്ളിയിട്ടു എന്നാണ് പ്രതികൾ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത്
പിന്നീട് ഒന്നാം പ്രതി സുരേഷ് ചെറുതുപ്പലൂർ ഉള്ള വീട്ടിൽ നിന്ന് കൊലക്ക് ഉപയോഗിച്ച കത്തി കണ്ടെത്തി. സംഭവ സമയത്ത് സുരേഷ് ധരിച്ച വസ്ത്രങ്ങൾ ഉൾപ്പെടെ കണ്ടെടുത്തു. പിന്നീട് രണ്ടാം പ്രതി പ്രഭു കുമാറിൻറെ വീട്ടിൽ നിന്ന് ഇരുമ്പ് വടിയും, വസ്ത്രങ്ങളും കണ്ടെടുത്തു. കൊലപാതകത്തിന് ഉപയോഗിച്ച ഇരുമ്പ് കമ്പി സമീപത്തുള്ള തോട്ടിൽ ആണ് ഇവർ ഉപേക്ഷിച്ചത്.
കാലില്‍ ഉണ്ടായ മുറിവില്‍ നിന്ന് രക്തം വാര്‍ന്നാണ് അനീഷ് മരിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ കണ്ടെത്തല്‍. അതേസമയം ദുരഭിമാനക്കൊലയ്ക്ക് പിന്നില്‍ ഗൂഡാലോചനയെന്ന് അച്ഛന്‍ അറുമുഖന്‍ പറഞ്ഞു. അനീഷ് പുറത്തുപോയ വിവരം ആരോ സുരേഷിനെ വിളിച്ച് പറഞ്ഞു. ഇതറിഞ്ഞാണ് കൃത്യം നടപ്പാക്കാനായി പ്രതികള്‍ എത്തിയതെന്നും അച്ഛന്‍ അറുമുഖന്‍.അനീഷിന്റെ കുടുംബത്തിന് പണം നല്‍കിയും ഭാര്യ ഹരിതയെ വീട്ടിലെത്തിക്കാന്‍ ശ്രമം നടന്നു. ഹരിത വീട്ടിലെത്തിയാല്‍ അനീഷിന് പണം നല്‍കാമെന്ന് മുത്തച്ഛന്‍ കുമരേശന്‍ പിള്ള പറഞ്ഞതായാണ് വിവരം.കഴിഞ്ഞ ദിവസം ദുരഭിമാനകൊലയില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. കൊലകുറ്റത്തിനാണ് കേസ് എടുത്തത്. കേസ് അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി പാലക്കാട് എസ്പി ഉത്തരവിറക്കിയിട്ടുണ്ട്.