ഗുജറാത്ത് തീരത്ത് പാക് മത്സ്യബന്ധന ബോട്ടുകള്‍ , ആറ് പാകിസ്താന്‍ സ്വദേശികള്‍ പിടിയില്‍
പ്രദേശത്ത് പാക് ബോട്ടുകളുടെ സാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ ബിഎസ്എഫും ഗുജറാത്ത് പോലീസും ഊർജ്ജിതമായ തിരച്ചിൽ നടത്തിയിരുന്നു. ഒടുവിലാണ് 11 പാകിസ്താൻ ബോട്ടുകളും ആറ് പാക് പൗരന്മാരെയും പിടികൂടാനായത്.
ലക്‌നൗ | ഗുജറാത്ത് തീരത്ത് പാക് മത്സ്യബന്ധന ബോട്ടുകള്‍ പിടികൂടിയ സംഭവത്തില്‍ ആറ് പാകിസ്താന്‍ സ്വദേശികള്‍ പിടിയില്‍. 11 ബോട്ടുകളാണ് നുഴഞ്ഞുകയറ്റത്തിനിടെ പിടികൂടിയത്. ബിഎസ്എഫ് ഗുജറാത്തും പൊലീസും വ്യോമസേനയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ആറുപേരെ കസ്റ്റഡിയിലെടുത്തതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
ബുധനാഴ്ചയാണ് ഗുജറാത്തിലെ ബുജ് തീരത്തെ കടലിടുക്കില്‍ 11 ബോട്ടുകള്‍ കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ വ്യാപക തെരച്ചില്‍ നടത്തുകായയിരുന്നു അധികൃതര്‍. പ്രദേശത്ത് ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്. മറ്റ് വിവരങ്ങള്‍ ബിഎസ്എഫ് പുറത്തുവിട്ടിട്ടില്ല.ഇന്ത്യയിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾക്ക് പ്രവേശന വിലക്കുള്ള മേഖലയാണിത്. ഇവിടെ ഡ്രോണുകളുടെ സഹായത്തോടെ ബോട്ട് കണ്ടെത്തുകയായിരുന്നു. പ്രദേശത്ത് വ്യോമനിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.യഥാർത്ഥ മത്സ്യത്തൊഴിലാളികൾ അബദ്ധത്തിൽ സമുദ്രാതിർത്തി ലംഘിച്ച് എത്തിയതാണോ അതോ ഭീകരർ മത്സ്യത്തൊഴിലാളികളെന്ന വ്യാജേന എത്തിയതാണോ എന്നാണ് നിലവിൽ അന്വേഷിക്കുന്നത്.