കർതാർപുർ ഇടനാഴി ഉദ്ഘാടനത്തിന് മുൻപ്രധാന മന്ത്രി മൻമോഹൻ സിംഗിന് പാകിസ്ഥാന്റെ ക്ഷണം

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചടങ്ങിലേക്ക് ക്ഷണിക്കില്ലെന്നാണ് പാകിസ്ഥാന്റെ പുതിയ നീക്കം വ്യക്തമാക്കുന്നത്.

0

ന്യൂഡൽഹി: കർതാർപുർ ഇടനാഴിയുടെ ഉദ്ഘാടന ചടങ്ങിലേക്ക് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ ക്ഷണിച്ച് പാകിസ്ഥാൻ. പാക് വിദേശകാര്യ മന്ത്രി ഷാ മഹമ്മൂദ് ഖുറേഷിയാണ് നവംബർ ഒൻപതിനു നടക്കുന്ന ചടങ്ങിലേക്ക് മൻമോഹൻ സിംഗിനെ ക്ഷണിച്ചിട്ടുണ്ടെന്നു വ്യക്തമാക്കിയത്.നവംബര്‍ 9ന് ഇന്ത്യയില്‍ നിന്നുള്ള സിഖ് മത വിശ്വാസികള്‍ക്കായി ഇടനാഴി തുറന്നു കൊടുക്കുന്ന ചടങ്ങ് ആഘോഷപൂര്‍വ്വമായി നടത്താനാണ് പാകിസ്താന്റെ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചടങ്ങിലേക്ക് ക്ഷണിക്കില്ലെന്നാണ് പാകിസ്ഥാന്റെ പുതിയ നീക്കം വ്യക്തമാക്കുന്നത്.

ഔദ്യോഗികമായി ക്ഷണക്കത്ത് മൻമോഹൻ സിംഗിന് ഉടൻ കൈമാറുമെന്നും ഖുറേഷി വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കുന്നു.മൻമോഹൻ സിംഗിനെ സംബന്ധിച്ചടുത്തോളം കർതാർപുർ വിശ്വാസത്തിന്റെ വിഷയം കൂടിയാണെന്നും ഖുറേഷി വ്യക്തമാക്കി. പാകിസ്ഥാനും പ്രധാനമന്ത്രി ഇമ്രാൻ ഖാനും പ്രത്യേക താൽപര്യമെടുത്താണ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്താനിലെ കര്‍താര്‍പുര്‍ ഗുരുദ്വാര ദര്‍ബാര്‍ സാഹിബിലേക്ക് ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് സന്ദര്‍ശനം സാധ്യമാക്കുന്ന ഇടനാഴിയാണിത്. സിഖ് മത സ്ഥാപകനായ ഗുരു നാനാക് ദേവ് 1539ല്‍ മരണമടഞ്ഞത് ഗുരുദ്വാരാ സാഹിബിലാണ്. നാലു കിലോ മീറ്റര്‍ ദൂരമുള്ള ഇടനാഴി യാഥാര്‍ഥ്യമാകുന്നതോടെ സിഖ് മത വിശ്വാസികള്‍ക്ക് കര്‍താര്‍പുരിലെ ഗുരുദ്വാര ദര്‍ബാര്‍ സാഹിബ് വിസയില്ലാതെ സന്ദര്‍ശിക്കാനാകും. ഗുരു നാനാക് ദേവിന്റെ 550ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചാണ് ഇടനാഴി പൂര്‍ത്തിയാക്കിയത്. 500 കോടി രൂപയാണ് ഇടനാഴിക്കായി ഇന്ത്യ ചെലവഴിച്ചത്.

You might also like

-