ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് പാക് ഹെലികോപ്റ്റര്‍; വെടിയുതിര്‍ത്ത് സൈന്യം

0

ശ്രീനഗർ :ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് പാക് ഹെലികോപ്റ്ററിന്റെ നിരീക്ഷണ പറക്കല്‍. ജമ്മുകശ്മീരിലെ പൂഞ്ച് സെക്ടറില്‍ ഇന്ന് ഉച്ചയോടെയാണ് സംഭവം. ഇന്ത്യന്‍ സൈന്യം പാക് ഹെലികോപ്റ്ററിന് നേരെ വെടിയുതിര്‍ത്തതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാക് ഹെലികോപ്റ്ററിന്റെ നിരീക്ഷണ പറക്കലിന്റെ 30 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടു.

ഇന്ന് ഉച്ചയ്ക്ക് 12.13നായിരുന്നു സംഭവം. വെളുത്ത നിറമുള്ള പാകിസ്താന്റെ ഹെലികോപറ്ററാണ് നിരീക്ഷണ പറക്കല്‍ നടത്തിയത്. ഏതാനും നേരം ആകാശത്തു നിന്നതിനു ശേഷം വിമാനം തിരികെ പോയി. സിവിലിയന്‍ ഹെലികോപ്റ്ററാണ് ഇതെന്നാണു കരുതുന്നത്. ഇന്ത്യയിലേക്കുള്ള വ്യോമപരിധി പാകിസ്താന്‍ ലംഘിച്ചതായും ആര്‍മി ലഫ്. കേണല്‍ ദേവേന്ദര്‍ ആനന്ദ് വ്യക്തമാക്കി. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
പാകിസ്താന്‍ വിമാനം തിരികെ പോകുന്നതിനിടെയായിരുന്നു ഇന്ത്യന്‍ സൈന്യം വെടിയുതിര്‍ത്തത്. പുറത്തു വന്ന വീഡിയോയില്‍ തുടരെത്തുടരെ വെടിയൊച്ചയും കേള്‍ക്കുന്നുണ്ട്. തോക്കുപയോഗിച്ചായിരുന്നു വെടിവയ്പ്.

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ പാകിസ്താന്റെ സൈനിക ഹെലികോപ്റ്റര്‍ പൂഞ്ച് മേഖലയില്‍ നിയന്ത്രണ രേഖയ്ക്ക് തൊട്ടടുത്തുവരെ എത്തിയിരുന്നു. ഇന്ത്യയും പാകിസ്താനും തമ്മില്‍ 1991 ല്‍ ഒപ്പുവച്ച കരാര്‍ ലംഘിച്ചായിരുന്നു ഇത്. യുദ്ധവിമാനങ്ങള്‍ ഇരുരാജ്യങ്ങളുടെയും വ്യോമാതിര്‍ത്തിയുടെ പത്ത് കിലോമീറ്റര്‍ പരിധിയിലും മറ്റ് വിമാനങ്ങള്‍ ഒരു കിലോമീറ്റര്‍ പരിധിയിലും പ്രവേശിക്കരുതെന്ന് വ്യവസ്ഥ ചെയ്യുന്നതായിരുന്നു ഈ കരാര്‍. എന്നാല്‍ ഇത്തവണ പാകിസ്താന്‍ മനഃപൂര്‍വമാണോ അതോ അറിയാതെയാണോ വ്യോമാതിര്‍ത്തി ലംഘിച്ചതെന്ന് വ്യക്തമല്ല.

You might also like

-