പത്മജ വേണു​ഗോപാൽ ബിജെപിയിൽ,ചാലക്കുടിയിൽ മത്സരിച്ചേക്കും

സംസ്ഥാന ഘടകത്തെ കാര്യങ്ങളൊന്നും ധരിപ്പിക്കാതെയായിരുന്നു കേന്ദ്ര നേതൃത്വത്തിന്‍റെ നീക്കങ്ങള്‍. ചര്‍ച്ചകള്‍ക്കായി പല കുറി പദ്മജ ദില്ലിയില്‍ വന്നു. ജെ പി നദ്ദയുള്‍പ്പടെയുള്ള നേതാക്കളുടെ നിരീക്ഷണത്തിലായിരുന്നു ചര്‍ച്ചകള്‍ പുരോഗമിച്ചത്

0

ഡൽഹി| മുൻമുഖ്യമന്ത്രി കെ കരുണാകരന്റെ മകൾ പത്മജ വേണു​ഗോപാൽ ബിജെപിയിൽ ചേർന്നു. ഡൽഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് പത്മജ അം​ഗത്വം സ്വീകരിച്ചത്. പ്രകാശ് ജാവ്ദേക്കറുടെ വീട്ടിലെത്തി ചര്‍ച്ചകള്‍ നടത്തിയശേഷമാണ് പത്മജ പാർട്ടി ആസ്ഥാനത്തെത്തിയത്.ഡൽഹിയിൽ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇന്ന് തന്നെ ബിജെപി അംഗത്വമെടുക്കാൻ പത്മജ തീരുമാനിച്ചത്. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ അടക്കമുള്ള നേതാക്കളുമായി ഇന്നലെ ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഇന്ന് പാര്‍ട്ടി അംഗത്വമെടുക്കാന്‍ പത്മജ വേണുഗോപാല്‍ തീരുമാനിച്ചത്. ഒഴിവുള്ള ഗവർണർ സ്ഥാനം ബിജെപി നേതൃത്വം വാഗ്ദാനം ചെയ്തതായും റിപ്പോർട്ടുണ്ട്.

പത്മജ ബിജെപിയിലേക്ക് പോകുന്നു എന്ന അഭ്യൂഹം ഇന്നലെ രാവിലെ മുതല്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഉച്ച കഴിഞ്ഞ് ഇത് നിഷേധിച്ച് പത്മജ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടു. വൈകിട്ടോടെ ആ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു. അതിനിടയിലാണ് പത്മജ ഇന്ന് ബിജെപി അംഗത്വം സ്വീകരിക്കുമെന്ന വാര്‍ത്ത പുറത്തുവന്നത്. ഭർത്താവ് വേണു​ഗോപാലാണ് പത്മജ ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്ക് ആദ്യം സ്ഥിരീകരണം നൽകിയത്. തൊട്ട് പിന്നാലെ വാർത്തയോട് പ്രതികരിച്ച പത്മജയും ബിജെപി പ്രവേശനം നിഷേധിച്ചിരുന്നില്ല.

ഉപാധികളൊന്നുമില്ലാതെയാണ് ബിജെപിയിലേക്ക് പോകുന്നതെന്ന് പദ്മജ വേണുഗോപാല്‍ പറയുമ്പോഴും ഗവര്‍ണ്ണര്‍ പദവിയടക്കം ചര്‍ച്ചയിലുണ്ടെന്നാണ് സൂചന. ചാലക്കുടിയില്‍ മത്സരിപ്പിക്കുന്നതിലും ആലോചനകളുണ്ട്. കേന്ദ്ര നേതൃത്വം നേരിട്ടിടപെട്ടാണ് ചര്‍ച്ചകള്‍ നടത്തിയത്. എഐസിസി നേതൃത്വമടക്കം അനുനയത്തിന് ശ്രമിച്ചെങ്കിലും പദ്മജ വഴങ്ങിയില്ല.
കെ കരുണാകരന്‍റെ മകള്‍ ബിജെപിയിലെന്നത് ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് നടത്തിയ മികച്ച ഓപ്പറേഷനായാണ് കേന്ദ്ര നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. സംസ്ഥാന ഘടകത്തെ കാര്യങ്ങളൊന്നും ധരിപ്പിക്കാതെയായിരുന്നു കേന്ദ്ര നേതൃത്വത്തിന്‍റെ നീക്കങ്ങള്‍. ചര്‍ച്ചകള്‍ക്കായി പല കുറി പദ്മജ ദില്ലിയില്‍ വന്നു. ജെ പി നദ്ദയുള്‍പ്പടെയുള്ള നേതാക്കളുടെ നിരീക്ഷണത്തിലായിരുന്നു ചര്‍ച്ചകള്‍ പുരോഗമിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ഓഫര്‍ മുതൽ ഗവര്‍ണ്ണര് പദവി വരെ ചര്‍ച്ചകളിലുണ്ടെന്നാണ് വിവരം. ചാലക്കുടി മണ്ഡലത്തിൽ മത്സരിക്കണം എന്നാണ് നിർദ്ദേശം. അങ്ങനെയെങ്കില്‍ ചാലക്കുടി സീറ്റ് ബിജെപിയെടുത്ത് എറണാകുളം സീറ്റ് ബിഡിജെഎസിന് നല്‍കിയേക്കും.

പാര്‍ട്ടിയില്‍ ചേരുന്നതിന് മുന്‍പ് ജെപി നദ്ദയുമായി പദ്മജ അവസാന വട്ട ചര്‍ച്ചകള്‍ നടത്തി. പ്രധാനമന്ത്രിയും പദ്മജയെ കാണും. കോണ്‍ഗ്രസ് അനുനയത്തിന് ശ്രമിച്ചെങ്കിലും പദ്മജ വഴങ്ങിയില്ല. തെരഞ്ഞെടുപ്പ് കാലത്തെ തിരിച്ചടി ഒഴിവാക്കാന്‍ ഇടപെട്ട എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന് മുന്നില്‍ പദ്മജ ഉപാധികള്‍ വച്ചു. ഇനി കോണ്‍ഗ്രസിന് കിട്ടുന്ന രാജ്യസഭ സീറ്റ് തരുമെന്ന ഉറപ്പ് നല്‍കണം. പരാതിപ്പെട്ട നേതാക്കള്‍ക്ക് നല്‍കിയ പദവികള്‍ തിരിച്ചെടുക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ മുന്‍പോട്ട് വച്ചു. അതേസമയം കോൺഗ്രസിൻ്റെ ശക്തികേന്ദ്രങ്ങളായ മണ്ഡലങ്ങൾ നല്കിയിട്ടും പദ്മജയ്ക്ക് വിജയിക്കാനായില്ലെന്നും ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും കോണ്‍ഗ്രസ് വ്യക്തമാക്കുന്നു.

You might also like

-