ധനകാര്യ മാത്രാലയത്തിൽ മാധ്യമ വിലക്ക്, പ്രതിക്ഷേധം വിപാകം
ഡൽഹിയിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം, എഡിറ്ററുടെ സമ്മതപത്രം എന്നിവയും, മാധ്യമപ്രവർത്തകന്‍റെ മുൻകാല ചരിത്രവും പരിശോധിച്ചാണ് പിഐബി കാർഡ് നൽകുക
ഡൽഹി :മുൻകാലങ്ങളിൽനിന്നും വിഭിന്നമായി പ്രസ് അക്രഡിറ്റേഷൻ ബ്യൂറോയുടെ അംഗീകാരമുള്ള മുതിർന്ന മാധ്യമപ്രവർത്തകർക്കും, ധനകാര്യ മന്ത്രാലയത്തിൽ പ്രവേശിക്കാനും ഉദ്യോഗസ്ഥരെ കാണാനും നേരത്തേ മുൻകൂർ അനുമതി വാങ്ങണമെന്ന ചട്ടത്തിനെതിരെ കടുത്ത പ്രതിഷേധം.മുതിർന്ന മാധ്യമപ്രവർത്തകർക്ക്, കേന്ദ്രസർക്കാരിന്‍റെ വാർത്താ വിതരണ ഏജൻസിയായ പ്രസ് അക്രഡിറ്റേഷൻ ബ്യൂറോ (പിഐബി) നൽകുന്ന തിരിച്ചറിയൽ രേഖയാണ് പിഐബി കാർഡ്. മന്ത്രാലയങ്ങളിലും വാർത്താ സമ്മേളനങ്ങൾക്കും, മുതിർന്ന മാധ്യമപ്രവർത്തകർക്ക് പ്രവേശനം നൽകുന്ന തിരിച്ചറിയൽ രേഖ കൂടിയാണിത്. ഡൽഹിയിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം, എഡിറ്ററുടെ സമ്മതപത്രം എന്നിവയും, മാധ്യമപ്രവർത്തകന്‍റെ മുൻകാല ചരിത്രവും പരിശോധിച്ചാണ് പിഐബി കാർഡ് നൽകുക. വർഷാവർഷം അപേക്ഷ നൽകുന്നവർക്കാണ് പിഐബി കാർഡ് നൽകുന്നത്.
കേന്ദ്രസർക്കാരിന്‍റെ തന്നെ തിരിച്ചറിയൽ രേഖ അംഗീകരിക്കാത്ത മന്ത്രാലയത്തിന്‍റെ നടപടി മാധ്യമസ്വാതന്ത്ര്യം അടിച്ചമർത്തുന്നതാണെന്ന് കാട്ടി പ്രതിഷേധമുയർത്തുകയാണ് ഡൽഹിയിലെ മാധ്യമപ്രവർത്തകർ. ഒരോ വാർത്തകളും അന്വേഷിക്കാനും, അതേക്കുറിച്ചുള്ള വിശദാംശങ്ങൾ ചോദിച്ചറിയാനും, അതിനായി മുതിർന്ന ഉദ്യോഗസ്ഥരെ നേരിട്ട് കാണാനും മുതിർന്ന മാധ്യമപ്രവർത്തകർ മന്ത്രാലയത്തിൽ എത്തുന്നത് അംഗീകരിക്കുക കൂടി ചെയ്യുന്നതാണ് പിഐബി തിരിച്ചറിയൽ രേഖ. ഇത് തിരിച്ചറിയൽ രേഖയായി അംഗീകരിക്കാത്തത് വഴി, വാർത്തകൾ ധനകാര്യ മന്ത്രാലയത്തിൽ നിന്ന് പുറത്തുപോകുന്നത് തടയുകയാണ് കേന്ദ്രസർക്കാരിന്‍റെ ലക്ഷ്യമെന്ന് ആരോപണമുയരുകയാണ്.