തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കാനുള്ള പി.വി.അൻവറിൻ്റെ പത്രിക തള്ളി ,സ്വതന്ത്രനായി മത്സരിക്കും

അൻവറിന് 52.21 കോടിയുടെ ആസ്തിയുണ്ടെന്നാണ് നാമനിർദേശ പത്രികയ്‌ക്കൊപ്പം നൽകിയ സ്വത്ത് വിവരത്തിലെ കണക്ക്. 20.60 കോടിയുടെ ബാധ്യതയുണ്ടെന്നാണ് അൻവർ സത്യവാങ്മൂലത്തിൽ പറയുന്നത്

മലപ്പുറം |നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കാനുള്ള പി.വി.അൻവറിൻ്റെ പത്രിക തള്ളി. എന്നാൽ സ്വതന്ത്ര സ്ഥാനാര്‍ഥിയായി അന്‍വറിന് മത്സരിക്കാം. സ്വതന്ത്രനായി മത്സരിക്കാനുള്ള അൻവറിൻ്റെ പത്രിക വരണാധികാരി സ്വീകരിച്ചു. സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാനുള്ള പത്രികയും അന്‍വര്‍ സമര്‍പ്പിച്ചിരുന്നു.ടിഎംസി സ്ഥാനാർഥിയാവാൻ സമർപ്പിച്ച പത്രികയിൽ പ്രശ്നമുണ്ടെന്നാണ് വരണാധികാരി വ്യക്തമാക്കുന്നത്. ടിഎംസി ദേശീയ പാർട്ടി അല്ലാത്തതിനാൽ നോമിനേഷനിൽ 10 പേർ ഒപ്പ് ഇടണമായിരുന്നു. അത് ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പത്രിക തള്ളിയതെന്നാണ് വിവരം. ചിഹ്നം അനുവദിച്ച് കൊണ്ടുള്ള കത്ത് തെരഞ്ഞെടുപ്പ് കമ്മീഷന് തൃണമൂൽ നേതൃത്വം അയച്ചിട്ടുണ്ടെന്നാണ് അൻവറിൻ്റെ വിശദീകരണം.

അതേസമയം, അൻവറിന് 52.21 കോടിയുടെ ആസ്തിയുണ്ടെന്നാണ് നാമനിർദേശ പത്രികയ്‌ക്കൊപ്പം നൽകിയ സ്വത്ത് വിവരത്തിലെ കണക്ക്. 20.60 കോടിയുടെ ബാധ്യതയുണ്ടെന്നാണ് അൻവർ സത്യവാങ്മൂലത്തിൽ പറയുന്നത്. യുഡിഎഫിന്‍റെ ആര്യാടൻ ഷൗക്കത്തിന് 8.12 കോടിയുടെയും എല്‍ഡിഎഫ് സ്ഥാനാർഥി എം. സ്വരാജിന് 63.89 ലക്ഷം രൂപയുടെയും ആസ്തിയാണുള്ളത്.

You might also like

-