പി ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി

ഇ പി ജയരാജനെ എൽഡിഎഫ് കണ്‍വീനറായി തെരഞ്ഞെടുത്ത സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനത്തിനും സംസ്ഥാന കമ്മിറ്റി അംഗീകാരം നൽകി

0

തിരുവനന്തപുരം | മുഖ്യമന്ത്രിയുടെ പുതിയ പൊളിറ്റിക്കൽ സെക്രട്ടറിയായി പി ശശിയെ തീരുമാനിച്ചു. ഇന്ന് ചേർന്ന സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിന്‍റേതാണ് തീരുമാനം. പുത്തലത്ത് ദിനേശൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് മാറ്റം. പാർട്ടി നടപടിയിൽ പുറത്തു പോയ പി ശശി അടുത്തിടെയാണ് സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിലും സംസ്ഥാന കമ്മിറ്റിയിലും മടങ്ങിയെത്തിയത്. ഇ കെ നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ പൊളിറ്റിക്കൽ സെക്രട്ടറിയായി പ്രവർത്തിച്ച പരിചയവും പിണറായിക്കുള്ള വിശ്വസ്തതയുമാണ് പി ശശിക്ക് അനുകൂലമായത്. നായനാർ മന്ത്രിസഭയിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാനി പി ശശിയായിരുന്നു. സുപ്രധാന ചുമതലയിലെ അനുഭവവും പൊലീസിനെയും ഐഎഎസ് ഉദ്യോഗസ്ഥരെയും നിയന്ത്രിച്ച പരിചയവും ശശിക്ക് കൈമുതലാണ്. അതേസമയം ദേശാഭിമാനിയുടെ പുതിയ പത്രാധിപരായി പുത്തലത്ത് ദിനേശനെ തീരുമാനിച്ചു. തോമസ് ഐസക്കിന് ചിന്തയുടെ ചുമതല നൽകി. പിബിയിൽ നിന്നും ഒഴിഞ്ഞ എസ് രാമചന്ദ്രൻ പിള്ളക്കാണ് ഇഎംഎസ് അക്കാദമിയുടെ ചുമതല.

ഇ പി ജയരാജനെ എൽഡിഎഫ് കണ്‍വീനറായി തെരഞ്ഞെടുത്ത സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനത്തിനും സംസ്ഥാന കമ്മിറ്റി അംഗീകാരം നൽകി. എ വിജയരാഘവൻ പിബി അംഗമായതോടെയാണ് പുതിയ മാറ്റം. അഞ്ച് പതിറ്റാണ്ടോളം നീണ്ട പൊതുപ്രവർത്തനത്തിന്റെ അനുഭവ സമ്പത്തുമായാണ് ഇ പി ജയരാജൻ ഇടത് മുന്നണിയെ നയിക്കാനെത്തുന്നത്.രാഷ്ടിയ എതിരാളികളുടെ ആക്രമണങ്ങളെ അതിജീവിച്ച ഉൾക്കരുത്തും നേതൃപാടവും സംഘാടന മികവുമാണ് ഇ പി യുടെ കരുത്ത്.
അടിയന്തരാസസ്ഥക്കാലത്തെ തീക്ഷ്ണാനുഭവങ്ങളിൽ ഉരുകി തെളിഞ്ഞതാണ് ഇപി ജയരാജന്റെ രാഷ്ടീയ ജീവിതം.എസ്എഫ്ഐയിലൂടെ പൊതുരംഗത്ത് സജീവമായ ഇ പി 1980‐ൽ ഡിവൈഎഫ്ഐ രൂപംകൊണ്ടപ്പോൾ ആദ്യത്തെ അഖിലേന്ത്യാ പ്രസിഡന്റായി.ദീർഘകാലം സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി പ്രവർത്തിച്ചു. ജില്ലാ സെക്രട്ടറിയായിരിക്കെ രണ്ടു തവണ ആർഎസ്എസ് ബോംബാക്രമണത്തിൽനിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

You might also like

-