ഐഎൻഎക്സ് മീഡിയ അഴിമതി കേസിൽ പി ചിദംബരം ഡൽഹി ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു

കേസിൽ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടയച്ച ഉത്തരവിനെയും ചോദ്യം ചെയ്താണ് ചിദംബരം ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്

0

ഡൽഹി : ഐഎൻഎക്സ് മീഡിയ അഴിമതി കേസിൽ തിഹാർ ജയിലിൽ കഴിയുന്ന കോൺഗ്രസ് നേതാവും മുൻ ധനമന്ത്രി പി ചിദംബരം ഡൽഹി ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. കേസിൽ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടയച്ച ഉത്തരവിനെയും ചോദ്യം ചെയ്താണ് ചിദംബരം ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. സെപ്തംബർ അഞ്ചിനാണ് പി ചിദംബരത്തെ ഡൽഹി റോസ് അവന്യു കോടതി റിമാൻഡ് ചെയ്തത്. ഈ മാസം പത്തൊൻപത് വരെ ചി​ദംബരം തിഹാർ ജയിലിൽ കഴിയും.

ഓ​ഗസ്റ്റ് 21നാണ് ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തത്. കേസിൽ ചിദംബരത്തിനെതിരെയുള്ള ആരോപണങ്ങൾ ​ഗൗരവതരമാണെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. സുരക്ഷിതമായതും സൗകര്യങ്ങളുള്ളതുമായ ജയില്‍മുറി അനുവദിക്കണമെന്ന ചിദംബരത്തിന്‍റെ അപേക്ഷ കോടതി അംഗീകരിച്ചിരുന്നു. എന്നാല്‍, ഐഎൻഎക്സ് മീഡിയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‍സ്മെന്‍റ് തന്നെ അറസ്റ്റ് ചെയ്യരുതെന്നാവശ്യപ്പെട്ട് ചിദംബരം നൽകിയ ഹർജി സുപ്രീംകോടതി തള്ളിയിരുന്നു.

ഒന്നാം യുപിഎ സർക്കാരിൽ ധനമന്ത്രിയായിരിക്കെ ഐഎൻഎക്‌സ് മീഡിയ എന്ന കമ്പനിക്ക് വിദേശ ഫണ്ട് ലഭിക്കാൻ വിദേശ നിക്ഷേപ പ്രോത്സാഹന ബോർ‍ഡിന്റെ (എഫ്ഐപിബി) അനുമതി ലഭ്യമാക്കുന്നതിന് അനധികൃതമായി പി ചിദംബരം ഇടപെട്ടെന്നാണ് കേസ്. ഇതേതുടർന്ന് 2017 മേയ് 15ന് ചി​ദംബരമുൾപ്പടെ കേസിൽ ഉൾപ്പെട്ട മുഴുവൻ പേർക്കുമെതിരെ സിബിഐ എഫ്‌ഐആർ റജിസ്റ്റർ ചെയ്തു. സ്റ്റാർ ഇന്ത്യ മുൻ സിഇഒ പീറ്റർ മുഖർജിയുടെയും ഭാര്യ ഇന്ദ്രാണി മുഖർജിയുടെയും ഉടമസ്ഥതയിലുള്ള കമ്പനിയാണ് ഐഎൻഎക്‌സ് മീഡിയ.കേസിൽ ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരവും പ്രതിയാണ്. ഇതുസംബന്ധിച്ച ആദായനികുതി നടപടികൾ ഒഴിവാക്കാൻ 5 കോടി രൂപ കൈക്കൂലി കൈപ്പറ്റിയെന്നതാണ് കാർത്തിക്ക് എതിരെയുള്ള ആരോപണം.

You might also like

-