പി.സി. ജോര്‍ജിനെതിരായ പരാതി വൈകിയത് ദുരൂഹമാണ്,അറസറ്റ് ചെയ്തത് സുപ്രിം കോടതിയുടെ മാനദണ്ഡം പാലിച്ചല്ല

പീഡന പരാതിയിൽ പി സി ജോർജിനെ അറസ്റ്റ് ചെയ്തതിൽ പൊലീസിനെയും കോടതി വിമർശിച്ചു. പിസി ജോര്‍ജിനെ അറസറ്റ് ചെയ്തത് സുപ്രിം കോടതിയുടെ മാനദണ്ഡം പാലിച്ചല്ല. അറസ്റ്റിന് മുമ്പ് പ്രതിയുടെ ഭാഗം കേള്‍ക്കാനുള്ള നിയമപരമായ അവകാശം നല്‍കിയില്ലെന്ന് കോടതി വിമർശിച്ചു

0

തിരുവനന്തപുരം | പി.സി. ജോര്‍ജിനെതിരായ പീഡന പരാതിയില്‍ സംശയമെന്ന് തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി. പരാതി വൈകിയത് ദുരൂഹമാണ്.പരാതിക്കാരിയായ വ്യക്തിക്ക് കോടതി വ്യവഹാരങ്ങളെക്കുറിച്ചും നിയമനടപടികളെക്കുറിച്ചും വ്യക്തമായ ധാരണയുണ്ട്. മുൻ മുഖ്യമന്ത്രി അടക്കമുള്ളവർക്കെതിരെ സമാന വിഷയത്തിൽ നിയമനടപടി സ്വീകരിച്ച വ്യക്തിയാണ്. എന്നിട്ടും പരാതി നൽകാൻ അഞ്ച് മാസം വൈകി. എന്നാൽ എന്തുകൊണ്ട് വൈകിയെന്നതിൽ കൃത്യമായ കാരണം ബോധിപ്പിക്കാൻ പരാതിക്കാരിക്ക് കഴിഞ്ഞിട്ടില്ലെന്നും ഇതിൽ ദുരൂഹതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

പിസി ജോർജ്ജിന്റെ അറസ്റ്റിൽ പോലീസിനും വീഴ്ച സംഭവിച്ചിട്ടുണ്ട്. അറസ്റ്റിന് മുമ്പ് പ്രതിയുടെ ഭാഗം കേൾക്കാനുള്ള നിയമപരമായ അവകാശം കുറ്റാരോപിതന് നൽകിയില്ലെന്നും കോടതി ഉത്തരവിൽ പറയുന്നു.  പിസി ജോര്‍ജിനെ അറസറ്റ് ചെയ്തത് സുപ്രിം കോടതിയുടെ മാനദണ്ഡം പാലിച്ചല്ല. അറസ്റ്റിന് മുമ്പ് പ്രതിയുടെ ഭാഗം കേള്‍ക്കാനുള്ള നിയമപരമായ അവകാശം നല്‍കിയില്ലെന്ന് കോടതി വിമർശിച്ചു. തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ ജാമ്യ ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം.

അതേസമയം പി സി ജോര്‍ജ് തന്നോട് മോശമായി പെരുമാറുമെന്ന് കരുതിയിരുന്നില്ലെന്ന് സോളാര്‍ കേസ് പ്രതിയായ പരാതിക്കാരി പറഞ്ഞിരുന്നു. സ്വപ്‌ന സുരേഷിനെക്കുറിച്ച് പി സി ജോര്‍ജ് തന്നോട് പറഞ്ഞപ്പോള്‍ തന്നെ ഗൂഢാലോചന മണത്തിരുന്നുവെന്ന് പരാതിക്കാരി പറഞ്ഞു. ഈ വിഷയത്തില്‍ തന്നെ എന്തിന് ഉള്‍പ്പെടുത്തുന്നുവെന്ന് അറിയാനാണ് പി സി ജോര്‍ജ് പറഞ്ഞ പ്രകാരം ഗസ്റ്റ്ഹൗസിലേക്ക് പോയത്. മുറിയിലുണ്ടായിരുന്ന അതിഥിയെ പി സി ജോര്‍ജ് പരിചയപ്പെടുത്തി. അതിഥി പോയതിനുശേഷമാണ് പി സി ജോര്‍ജ് തന്നോട് മോശമായി പെരുമാറിയതെന്ന് പരാതിക്കാരി പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു സോളാർ കേസ് പ്രതി സമർപ്പിച്ച പീഡനക്കേസിൽ പിസി ജോർജ്ജിനെ പോലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ അന്നേദിവസം തന്നെ ജോർജ്ജിന് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ പിസി ജോർജ്ജ് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് സോളർ തട്ടിപ്പ് കേസ് പ്രതിയുടെ പരാതി. ഗസ്റ്റ് ഹൗസിൽ വെച്ച് ലൈംഗിക താൽപ്പര്യത്തോടെ കടന്നുപിടിച്ചുവെന്നും ഫോണിലൂടെ അശ്ലീല സന്ദേശങ്ങൾ അയച്ചുവെന്നും പരാതിയിൽ പറയുന്നു. എന്നാൽ പിസി ജോർജ്ജിന് ജാമ്യം ലഭിച്ചതോടെ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് പരാതിക്കാരി അറിയിച്ചിരിക്കുന്നത്.

 

You might also like

-