ഓർത്തഡോക്സ് സഭാ വൈദികർക്കെതിരായ ലൈംഗിക ആരോപണം; ക്രൈംബ്രാഞ്ച് പരാതിക്കാരന്റെ മൊഴിയെടുത്തു

മല്ലപ്പള്ളി ആനിക്കാടുള്ള വീട്ടിലെത്തിയാണ് ക്രൈം ബ്രാഞ്ച് എസ് പി സാബു മാത്യു പരാതിക്കാരന്റെ മൊഴിയെടുത്തത്. രാവിലെ 8.30 ഓടെ ആരംഭിച്ച മൊഴിയെടുക്കല്‍ 5 മണിക്കൂറോളം നീണ്ടുനിന്നു

0

പത്തനംതിട്ട: ഓർത്തഡോക്സ് സഭാ വൈദികർക്കെതിരായ ലൈംഗിക ആരോപണത്തിൽ പരാതിക്കാരന്‍റ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. പരാതിക്ക് ആധാരമായ തെളിവുകളുടെ പകർപ്പുകൾ പരാതിക്കാരന്‍ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറി. അതേസമയം പരാതിയിൽ പരാമർശിക്കുന്ന വീട്ടമ്മയ്ക്ക് വൈദികരെ കൂടാതെ മറ്റ് ചിലരുമായും ബന്ധമുണ്ടെന്ന് ഓർത്തഡോക്സ് സഭ ട്രസ്റ്റി ഫേസ്‍ബുക്കിൽ കുറിച്ചു.

മല്ലപ്പള്ളി ആനിക്കാടുള്ള വീട്ടിലെത്തിയാണ് ക്രൈം ബ്രാഞ്ച് എസ് പി സാബു മാത്യു പരാതിക്കാരന്റെ മൊഴിയെടുത്തത്. രാവിലെ 8.30 ഓടെ ആരംഭിച്ച മൊഴിയെടുക്കല്‍ 5 മണിക്കൂറോളം നീണ്ടുനിന്നു. സഭാ നേതൃത്വത്തിന് നല്‍കിയ പരാതിക്കൊപ്പം ഹാജരാക്കിയ തെളിവുകളുടെ പകര്‍പ്പുകള്‍ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറിയെന്നും ഭാര്യയുടെ മൊഴി രേഖപ്പെടുത്തണമെന്നും പരാതിക്കാരന്‍ പറഞ്ഞു.

കേസ് രജിസ്റ്റര്‍ ചെയ്യുന്നുണ്ടെങ്കില്‍ തെളിവുകളുടെ അസ്സല്‍ പകര്‍പ്പുകള്‍ പൊലീസിനോ കോടതിക്കോ കൈമാറുമെന്നും പരാതിക്കാരന്‍ വ്യക്തമാക്കി. മൊഴികളുടെയും തെളിവുകളുടെയും പ്രാഥമിക പരിശോധനകള്‍ക്ക് ശേഷമെ കേസ് രജിസ്റ്റര്‍ ചെയ്യുന്നത് സംബന്ധിച്ച് തീരുമാനമെടുക്കൂ.

അതേസമയം സംഭവത്തില്‍ ഉള്‍പ്പെട്ട വീട്ടമ്മയ്ക്ക് വൈദികരല്ലാതെ മറ്റ് നാലുപേരുമായും ബന്ധമുണ്ടെന്ന് ഓര്‍ത്തഡോക്സ് സഭ ട്രസ്റ്റി ഫാദര്‍ എം ഒ ജോണ്‍ ഫേസ്ബുക്കില്‍ പ്രതികരിച്ചു. ഇക്കാര്യം സഭയ്ക്ക് ലഭിച്ച പരാതിയിലും വ്യക്തമാക്കുന്നുണ്ടെന്നും എം ഒ ജോണ്‍ വ്യക്തമാക്കി.

You might also like

-