ഓര്‍ത്തഡോക്സ് -യാക്കോബായ തർക്കം ,ആറുപള്ളികളിലും തല്‍സ്ഥിതി തുടരാന്‍ സുപ്രീം കോടതി നിര്‍ദേശം.
പള്ളികള്‍ കൈമാറാനാകില്ലെന്നും കൈമാറിയാൽ ആരാധനാലയ നിയമത്തിന് വിരുദ്ധമാകുമെന്നും യാക്കോബായ സഭ അഭിഭാഷകന്‍ വാദിച്ചു. പള്ളികള്‍ ഏറ്റെടുത്താല്‍ സെമിത്തേരികളില്‍ യാക്കോബായ പുരോഹിതരെ അനുവദിക്കാനാകില്ലെന്ന് ഓര്‍ത്തഡോക്സ് സഭയും കോടതിയെ അറിയിച്ചു.
ഡൽഹി |ഓര്‍ത്തഡോക്സ് -യാക്കോബായ സഭകള്‍ തമ്മില്‍ അവകാശതര്‍ക്കം നിലനില്‍ക്കുന്ന ആറുപള്ളികളിലും തല്‍സ്ഥിതി തുടരാന്‍ സുപ്രീം കോടതി നിര്‍ദേശം. ഹര്‍ജികള്‍ വീണ്ടും പരിഗണിച്ച് മറ്റൊരു ഉത്തരവുണ്ടാകുന്നതുവരെ ഭരണത്തില്‍ നിലവിലെ സ്ഥിതി തുടരണം. ആറ് പള്ളികള്‍ കൈമാറണമെന്ന ഇടക്കാല ഉത്തരവ് നടപ്പാക്കാന്‍ ഇരുവിഭാഗത്തിനും പ്രയാസമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭകളുടെ നിയന്ത്രണത്തിലുള്ള പള്ളികളുടെയും സഭാംഗങ്ങളുടെയും കണക്ക് നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. ജനുവരി 29, 30 തീയതികളില്‍ ഹര്‍ജികള്‍ വീണ്ടും പരിഗണിക്കും
പള്ളികള്‍ കൈമാറാനാകില്ലെന്നും കൈമാറിയാൽ ആരാധനാലയ നിയമത്തിന് വിരുദ്ധമാകുമെന്നും യാക്കോബായ സഭ അഭിഭാഷകന്‍ വാദിച്ചു. പള്ളികള്‍ ഏറ്റെടുത്താല്‍ സെമിത്തേരികളില്‍ യാക്കോബായ പുരോഹിതരെ അനുവദിക്കാനാകില്ലെന്ന് ഓര്‍ത്തഡോക്സ് സഭയും കോടതിയെ അറിയിച്ചു. തുടര്‍ന്ന് രണ്ട് മണിക്കൂര്‍ നീണ്ട വാദപ്രതിവാദത്തിനൊടുവിലാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. അനിഷ്ട സംഭവങ്ങളുണ്ടാകരുതെന്നും ഉണ്ടായാൽ സംസ്ഥാനത്തിന് ഇടപെടാമെന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്വൽ ഭുയാൻ എന്നിവരുടെ ബെഞ്ച് പറഞ്ഞു.
നേരത്തെ യാക്കോബായ സഭയുടെ കൈവശമുള്ള 6 പള്ളികളുടെ ഭരണം ഓർത്തഡോക്സ് സഭയ്ക്ക് കൈമാറണമെന്ന് കോടതി നിർദേശിച്ചിരുന്നു. യാക്കോബായ സഭയുടെ കൈവശമുള്ള പള്ളികളുടെ കാര്യത്തിലായിരുന്നു സുപ്രീം കോടതിയുടെ നിർദേശം. സെമിത്തേരി അടക്കമുള്ള സൗകര്യങ്ങൾ എല്ലാ വിഭാഗങ്ങൾക്കും നൽകണമെന്നും സുപ്രീം കോടതി നിർദേശിച്ചു. ഇക്കാര്യത്തിൽ ഓർത്തഡോക്സ് സഭ സത്യവാങ്മൂലം നൽകണമെന്നും കോടതി അറിയിച്ചു. സൗഹൃദപരമായി പ്രശ്നം തീർക്കാനാണ് കോടതി ഉദ്ദേശിക്കുന്നതെന്നും ജസ്റ്റിസ് സൂര്യകാന്ത് ചൂണ്ടിക്കാട്ടിയിരുന്നു.തര്‍ക്കത്തിലുള്ള ആറ് പള്ളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയിരുന്നു. പള്ളികള്‍ ഏറ്റെടുക്കുന്ന ഉത്തരവ് നടപ്പാക്കാൻ അപ്പീലിൽ സാവകാശം തേടിയിരുന്നു. ഏറ്റെടുക്കുന്നതിൽ ക്രമസമാധാന പ്രശ്നമുണ്ടെന്നും സര്‍ക്കാര്‍ അപ്പീലിൽ വ്യക്തമാക്കി.ഇതുമായി ബന്ധപ്പെട്ട് കോടതിയലക്ഷ്യ നടപടി സ്റ്റേ ചെയ്യണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ യാക്കോബായ സഭയും അപ്പീല്‍ നല്‍കിയിട്ടുണ്ട്. തങ്ങളുടെ ഭാഗം കേള്‍ക്കാതെ തീരുമാനമെടുക്കരുതെന്ന് ഓര്‍ത്തഡോക്‌സ് സഭ തടസ ഹര്‍ജിയും നല്‍കി. സുപ്രീംകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ യാക്കോബായ സഭയുടെ കൈവശമുള്ള ആറ് പള്ളികൾ ഏറ്റെടുക്കാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് നിർദേശിച്ചിരുന്നു. ഉത്തരവ് നടപ്പാക്കാത്തതിൽ സംസ്ഥാന സർക്കാരിനെതിരെ ഹൈക്കോടതി കഴിഞ്ഞ ദിവസം കോടതിയലക്ഷ്യ നടപടികള്‍ ആരംഭിച്ചിരുന്നു.