ഓ പി എസ് ,ഇ പി എസ് – തര്ക്കം മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വത്തെ അണ്ണാ ഡിഎംകെ പുറത്താക്കി
നാല് മാസത്തിനുള്ളില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്തി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കാനും തീരുമാനിച്ചു. യോഗം തുടങ്ങിയതുതന്നെ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള കയ്യാങ്കളിയോടെയായിരുന്നു. ചേരിതിരിഞ്ഞ് നടന്ന ഏറ്റുമുട്ടലില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
ചെന്നൈ | തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെയിലെ അധികാരത്തര്‍ക്കം ചേരിതിരിഞ്ഞ ഏറ്റുമുട്ടലില്‍ കലാശിച്ചതിന് പിന്നാലെ എടപ്പാടി പളനിസ്വാമി പക്ഷം പാര്‍ട്ടി പിടിച്ചെടുത്തു. പാര്‍ട്ടിയുടെ കടിഞ്ഞാണിന് വേണ്ടിയുള്ള പോരാട്ടത്തിനിടെ മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വത്തെ (OPS) അണ്ണാ ഡിഎംകെ പുറത്താക്കി. ഇടക്കാല ജനറല്‍ സെക്രട്ടറിയായി എടപ്പാടി പളനിസാമിയെ തെരഞ്ഞെടുത്തതിന് തൊട്ടുപിന്നാലെയാണ് പ്രത്യേക പ്രമേയത്തിലൂടെ പനീര്‍ശെല്‍വത്തെ പുറത്താക്കിയ നടപടിയുണ്ടായത്. പനീര്‍ശെല്‍വത്തെ പിന്തുണക്കുന്ന മൂന്നുപേരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്.
പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം ആരോപിച്ചാണ് പുറത്താക്കല്‍. 2500 പേര്‍ വരുന്ന ജനറല്‍ കൗണ്‍സില്‍ പാര്‍ട്ടിയില്‍ തുടര്‍ന്നുവന്ന ഇരട്ട നേതൃത്വം തള്ളി ഇപിഎസ്സിനെ നേതാവായി തെരഞ്ഞെടുക്കുകയായിരുന്നു. ഇതുവരെ പാര്‍ട്ടി കോഓർഡിനേറ്ററായി പനീര്‍ശെല്‍വവും ജോയിന്റ് കോഓര്‍ഡിനേറ്ററായി പളനിസ്വാമിയും തുടര്‍ന്നുവരികയായിരുന്നു. പളനിസ്വാമി പക്ഷം വിളിച്ച യോഗം സ്റ്റേ ചെയ്യണമെന്ന പനീര്‍ശെല്‍വത്തിന്റെ ഹര്‍ജി കോടതി അംഗീകരിച്ചിരുന്നില്ല.
നാല് മാസത്തിനുള്ളില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്തി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കാനും തീരുമാനിച്ചു. യോഗം തുടങ്ങിയതുതന്നെ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള കയ്യാങ്കളിയോടെയായിരുന്നു. ചേരിതിരിഞ്ഞ് നടന്ന ഏറ്റുമുട്ടലില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ജനറൽ കൗൺസിൽ യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് മുതിർന്ന നേതാവ് നത്തം വിശ്വനാഥൻ, പനീർശെൽവത്തെ രൂക്ഷമായി വിമർശിച്ചു. ‘ശാന്തനായ വ്യക്തി’ എന്ന പുറത്ത് അറിയപ്പെടുന്ന പനീർശെൽവം തികച്ചും ‘ക്രൂരമുഖം’ ആണെന്ന് അദ്ദേഹം ആരോപിച്ചു.ഇന്ന് രാവിലെ രാവിലെ 9.15 ന് യോഗം ചേരാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ കോടതി ഒന്‍പതു മണിക്ക് വിധി പറഞ്ഞു. ഇതോടെയാണ് പാര്‍ട്ടിയുടെ നേതൃഘടന സംബന്ധിച്ച് നിര്‍ണായക തീരുമാനം കൈക്കൊള്ളുന്ന ജനറല്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നത്.
അതേസമയം, ഹൈക്കോടതി വിധി വരുന്നതിന് മുന്‍പേ തന്നെ പാര്‍ട്ടി ആസ്ഥാനത്ത് സംഘര്‍ഷം രൂപപ്പെട്ടിരുന്നു. ഒ പനീര്‍സെല്‍വം-എടപ്പാടി പളനിസ്വാമി പക്ഷങ്ങള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷത്തില്‍ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഒരാള്‍ക്ക് കുത്തേറ്റു. കൈകളില്‍ വടികളും മുദ്രാവാക്യവുമായി പനീര്‍സെല്‍വം അനുകൂലികള്‍ എഐഡിഎംകെ ഓഫീസിന്റെ വാതില്‍ തകര്‍ത്ത് അകത്തു കയറാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോകള്‍ പുറത്തെത്തിയിട്ടുണ്ട്. മാത്രമല്ല, പാര്‍ട്ടി ആസ്ഥാന മന്ദിരത്തിന് മുന്നില്‍ പ്രവര്‍ത്തകര്‍ ബാനറുകളും പോസ്റ്ററുകളും അഗ്നിക്കിരയ്ക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തെത്തിയിട്ടുണ്ട്. ഇതിന് പിന്നാലെ പാർട്ടി ആസ്ഥാനത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.ഇരുവിഭാഗങ്ങളും തമ്മില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് എഐഎഡിഎംകെ ആസ്ഥാനത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. നൂറ് കണക്കിനാളുകളാണ് എഐഎഡിഎംകെ ആസ്ഥാനത്ത് എത്തിയത്. ഒ പനീര്‍ശെല്‍വത്തിന്റെ കാര്‍ ഇപിഎസ് വിഭാഗം അടിച്ചുതകര്‍ത്തു. ഇപിഎസ് വിഭാഗത്തിന്റെ പോസ്റ്ററുകള്‍ ഒ പനീര്‍ശെല്‍വത്തിന്റെ അനുയായികള്‍ നശിപ്പിക്കുകയും ചെയ്തു. സംഘര്‍ഷം രൂക്ഷമായതോടെ പൊലീസ് ലാത്തിവീശി.ജയലളിതയുടെ മരണശേഷം എഐഎഡിഎംകെയില്‍ കോ-ഓര്‍ഡിനേറ്റര്‍ ഒ പനീര്‍സെല്‍വം, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ എടപ്പാടി പളനിസ്വാമി എന്നിവരുള്‍പ്പെട്ട ഇരട്ട നേതൃത്വമാണുള്ളത്. ഇതില്‍ മാറ്റംവരുത്താനാണ് എടപ്പാടി വിഭാഗം ജനറല്‍ കൗണ്‍സില്‍ വിളിക്കാന്‍ തീരുമാനിച്ചത്.