സ്മാര്‍ട്ട് സിറ്റി ടീകോമിന് നഷ്ടപരിഹാരം നല്‍കാനുള്ള നീക്കം കരാറിന് വിരുദ്ധം അഴിമതിയെന്ന് പ്രതിപക്ഷം

2007 ലെ സ്മാര്‍ട്ട് സിറ്റി കരാറില്‍ ഇക്കാര്യം വ്യക്തമാണ്.ടീകോമിന്റെ കൈവശമുള്ള 246 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിച്ച് നഷ്ടപരിഹാരം നല്‍കാനായിരുന്നു

കൊച്ചി | കൊച്ചി സ്മാര്‍ട്ട് സിറ്റി ഭൂമി തിരിച്ചുപിടിക്കുന്നതില്‍ ടീകോമിന് നഷ്ടപരിഹാരം നല്‍കാനുള്ള നീക്കം കരാറിന് വിരുദ്ധം. പദ്ധതി പരാജയപ്പെട്ടാല്‍ നഷ്ടപരിഹാരം ഈടാക്കേണ്ടത് ടീകോമില്‍ നിന്നാണ്. സര്‍ക്കാരിന് ടീകോമില്‍ നിന്ന് പണം തിരിച്ചുപിടിക്കാം. 2007 ലെ സ്മാര്‍ട്ട് സിറ്റി കരാറില്‍ ഇക്കാര്യം വ്യക്തമാണ്.ടീകോമിന്റെ കൈവശമുള്ള 246 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിച്ച് നഷ്ടപരിഹാരം നല്‍കാനായിരുന്നു ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലെ തീരുമാനം. പദ്ധതിയില്‍ നിന്ന് പിന്മാറുന്നതായി ടീകോം അറിയിച്ചതിനെ തുടര്‍ന്നായിരുന്നു സര്‍ക്കാര്‍ തീരുമാനത്തിലെത്തിയത്. ടീകോമില്‍ നിന്ന് ഭൂമി തിരിച്ചുപിടിക്കുന്ന പക്ഷം നഷ്ടപരിഹാരം നല്‍കും. ഇതിനായി ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ പ്രത്യേക സമിതിയെ രൂപീകരിക്കുകയും ചെയ്തിരുന്നു.എന്നാല്‍ ഇത് 2007ലെ സ്മാര്‍ട്ട് സിറ്റി കരാറിന്റെ ലംഘനമാണ്. പദ്ധതി ഏതെങ്കിലും കാരണവശാല്‍ പരാജയപ്പെട്ടാല്‍, അതിന് കാരണക്കാര്‍ ടീകോമാണെങ്കില്‍ നഷ്ടപരിഹാരം നല്‍കേണ്ടത് അവര്‍ തന്നെയാണ്. നിര്‍മാണ പ്രവര്‍ത്തനം അടക്കം സര്‍ക്കാരിനുണ്ടായ മുഴുവന്‍ നഷ്ടവും ടീകോമില്‍ നിന്ന് തിരിച്ചുപിടിക്കാമെന്നും സ്മാര്‍ട്ട് സിറ്റി കരാര്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.

ടീകോമിന് നഷ്ടപരിഹാരം നല്‍കി ഭൂമി തിരിച്ചുപിടിക്കാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. ഇത്രയും വലിയ പദ്ധതി എന്തുകൊണ്ടാണ് പാതി വഴിയില്‍ ഉപേക്ഷിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ചോദിച്ചു. നഷ്ടപരിഹാരം നിശ്ചയിക്കാനുള്ള സമിതിയില്‍ ടീകോമിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമായ വ്യക്തിയുണ്ടെന്നും ഇത് അഴിമതിക്ക് വഴിയൊരുക്കുമെന്നുമായിരുന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. ടീകോമിന് നഷ്ടപരിഹാരം നല്‍കാനുള്ള നീക്കത്തില്‍ അഴിമതിയുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും ആരോപിച്ചു.

You might also like

-