കെപിസിസി അധ്യക്ഷ സ്ഥാനം സംബന്ധിച്ച പട്ടികയെക്കുറിച്ച് തനിക്കറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
മലയോര മേഖലയെ ചേര്‍ത്തുപിടിക്കുന്നതാവും യുഡിഎഫിന്റെ മലയോര സമര ജാഥയെന്നും വി ഡി സതീശന്‍ പറഞ്ഞു. യാത്രയ്‌ക്കൊടുവില്‍ വന്യജീവി പ്രശ്‌നത്തിന് കൃത്യമായ ഒരു ബദല്‍ തയ്യാറാക്കും.

കൊച്ചി | കെപിസിസി അധ്യക്ഷ സ്ഥാനം സംബന്ധിച്ച പട്ടികയെക്കുറിച്ച് തനിക്കറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.
അങ്ങനെയൊരു ചര്‍ച്ച നടന്നിട്ടില്ല. സംസ്ഥാന നേതൃത്വം നല്‍കാത്ത പട്ടികയെ കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ച നടക്കുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.കെ സുധാകരന്‍ അധ്യക്ഷസ്ഥാനത്ത് നിന്നും മാറിയാല്‍ ആ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധ്യതയുള്ള ആറ് പേരുകള്‍ അടങ്ങിയ പട്ടിക തിരഞ്ഞെടുപ്പ് തന്ത്രഞ്ജന്‍ സുനില്‍ കനഗോലു നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ തള്ളിയാണ് വി ഡി സതീശന്റെ പ്രതികരണം.
ഹൈക്കമാന്‍ഡാണ് കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത്. സര്‍ക്കാരിനെതിരെയുള്ള വിഷയങ്ങള്‍ വഴിതിരിച്ചുവിടാനാണ് ഇത്തരത്തിലുള്ള ചര്‍ച്ച എന്നും വി ഡി സതീശന്‍ ആരോപിച്ചു. താനും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും തമ്മില്‍ അഭിപ്രായ വ്യത്യാസം ഇല്ല. ഒന്നു പിണങ്ങിയിട്ട് പോലുമില്ലെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.മദ്യ നിര്‍മ്മാണശാല -പി പി ഇ കിറ്റ് വിവാദങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതിരിക്കാനാണ് ഇത്തരം ആരോപണങ്ങള്‍. ബ്രൂവറി പദ്ധതി കേരളത്തില്‍ നടപ്പാക്കാന്‍ സമ്മതിക്കില്ല എന്നും വി ഡി സതീശന്‍ പറഞ്ഞു. നെടുമ്പാശേരിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
മലയോര മേഖലയെ ചേര്‍ത്തുപിടിക്കുന്നതാവും യുഡിഎഫിന്റെ മലയോര സമര ജാഥയെന്നും വി ഡി സതീശന്‍ പറഞ്ഞു. യാത്രയ്‌ക്കൊടുവില്‍ വന്യജീവി പ്രശ്‌നത്തിന് കൃത്യമായ ഒരു ബദല്‍ തയ്യാറാക്കും. ഇത് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.താൻ മന്ത്രി ആയത് കൊണ്ടാണോ വന്യജീവികൾ ഇറങ്ങുന്നത് എന്നാണ് മന്ത്രി ചോദിക്കുന്നത്. വന്യജീവികളെ വെടിവെച്ചു കൊല്ലുക എന്നത് മാത്രമല്ല പരിഹാരം. ഫെൻസിങ്ങിന് പോലും സർക്കാർ ഒരു ചിലവാക്കിയിട്ടില്ലെന്ന് വിഡി സതീശൻ കുറ്റപ്പെടുത്തി. വന നിയമത്തിൽ കേന്ദ്ര – സംസ്ഥാന സർക്കാറുകൾ ചർച്ച നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.