യുഡിഎഫിന്റെ ചോദ്യം ചെയ്യപ്പെടാത്ത നേതാവാണ് ഉമ്മന്‍ചാണ്ടി പിണറായി വിജയൻ
ആദ്യമായി നിയമസഭയിലേക്ക് വന്ന ഉമ്മന്‍ചാണ്ടിയുടെ പ്രവര്‍ത്തനം 53 വര്‍ഷം നീണ്ടുനില്‍ക്കുന്നതായിരുന്നു. ആ കാലത്ത് തന്നെ നിയമസഭാ പ്രവര്‍ത്തനം ആരംഭിച്ച ആളാണ് ഞാന്‍. ഞങ്ങള്‍ ഒന്നിച്ചാണ് സഭാ പ്രവര്‍ത്തനം തുടങ്ങിയതെങ്കിലും എന്റെ രാഷ്ട്രീയപ്രവര്‍ത്തനം ഇടയ്ക്കിടെ നിന്നുപോയി
തിരുവനന്തപുരം | അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അനുസ്മരണ പരിപാടിയില്‍ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതാദ്യമായാണ് കെപിസിസിയുടെ ഒരു പരിപാടിയില്‍ പിണറായി വിജയന്‍ പങ്കെടുക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെ വിയോഗം കോണ്‍ഗ്രസിനും യുഡിഎഫ് മുന്നണിക്കും നികത്താനാകാത്ത നഷ്ടമാണ്. കോണ്‍ഗ്രസിന്റെ ചലിക്കുന്ന നേതാവായിരുന്നു അദ്ദേഹമെന്നും പിണറായി വിജയന്‍ അനുസ്മരിച്ചു.
പിണറായി വിജയന്റെ വാക്കുകള്‍;
“വിദ്യാര്‍ത്ഥി ജീവിതം മുതല്‍ തന്നെ കോണ്‍ഗ്രസിന്റെ സജീവപ്രവര്‍ത്തനങ്ങളിലുണ്ടായിരുന്ന വ്യക്തിയാണ് ഉമ്മന്‍ചാണ്ടി. അവിടം മുതല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രധാന നേതാക്കളില്‍ ഒരാളായി മാറുകയായിരുന്നു അദ്ദേഹം. ആദ്യമായി നിയമസഭയിലേക്ക് വന്ന ഉമ്മന്‍ചാണ്ടിയുടെ പ്രവര്‍ത്തനം 53 വര്‍ഷം നീണ്ടുനില്‍ക്കുന്നതായിരുന്നു. ആ കാലത്ത് തന്നെ നിയമസഭാ പ്രവര്‍ത്തനം ആരംഭിച്ച ആളാണ് ഞാന്‍. ഞങ്ങള്‍ ഒന്നിച്ചാണ് സഭാ പ്രവര്‍ത്തനം തുടങ്ങിയതെങ്കിലും എന്റെ രാഷ്ട്രീയപ്രവര്‍ത്തനം ഇടയ്ക്കിടെ നിന്നുപോയി. അപ്പോഴും പൊതുരംഗത്ത് സജീവമായി നിന്ന ആളാണ് ഉമ്മന്‍ചാണ്ടി.
കേരളത്തിലെ പ്രധാനപ്പെട്ട നിരവധി വകുപ്പുകള്‍ നല്ല രീതിയില്‍ തന്നെ കൈകാര്യം ചെയ്തിരുന്നു ഉമ്മന്‍ചാണ്ടി. ആ വിപുലമായ അനുഭവ പരിജ്ഞാനം രണ്ട് തവണ മുഖ്യമന്ത്രിയായ ഘട്ടത്തില്‍ അദ്ദേഹത്തിന് ശക്തിപകര്‍ന്നു. ഈ ഘട്ടങ്ങളിലെല്ലാം പാര്‍ട്ടിയെ എല്ലാ രീതിയിലും ശക്തിപ്പെടുത്തുന്നതിന് അങ്ങേയറ്റം പ്രാധാന്യം കൊടുത്തു ഉമ്മന്‍ചാണ്ടി. കോണ്‍ഗ്രസിന്റെ ചലിക്കുന്ന നേതാവായിരുന്നു അദ്ദേഹം. കോണ്‍ഗ്രസില്‍ അദ്ദേഹത്തിനുണ്ടായ സ്വീകാര്യത അദ്ദേഹത്തിന്റെ നേതൃശേഷിയുടെ പ്രത്യേകത തന്നെയായിരുന്നു. യുഡിഎഫിന്റെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായും ഉമ്മന്‍ചാണ്ടി മാറി. അതിലെല്ലാം പ്രത്യേക നേതൃപാടവം അദ്ദേഹം പ്രകടിപ്പിച്ചു
അവസാന കാലത്ത് രോഗം വേട്ടയാടിയെങ്കിലും ഒരു ഘട്ടത്തിലും തളരാതെ തന്റെ കര്‍ത്തവ്യം കൃത്യമായി നിറവേറ്റി. ഒരുസമയത്ത് ഉമ്മന്‍ചാണ്ടിയെ ചികിത്സിക്കുന്ന ഡോക്ടറെ ഞാന്‍ വിളിച്ചിരുന്നു. നല്ല വിശ്രമം വേണെന്നും അദ്ദേഹം അതിന് തയ്യാറാകുമോ എന്നറിയില്ലെന്നുമായിരുന്നു ഡോക്ടറുടെ വാക്കുകള്‍. വിശ്രമം അദ്ദേഹത്തിന്റെ കൂടപ്പിറപ്പല്ലായിരുന്നു. അസുഖ കാലത്തും കോണ്‍ഗ്രസ് പാര്‍ട്ടിയെ എങ്ങനെയൊക്കെ ശക്തിപ്പെടുത്താമെന്നതിനാണ് അദ്ദേഹം പ്രാമുഖ്യം കൊടുത്തത്. അതികഠിന രോഗാവസ്ഥയിലും അദ്ദേഹം പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ വിയോഗം കോണ്‍ഗ്രസിനും യുഡിഎഫിനും നികത്താനാകാത്ത കനത്ത നഷ്ടമാണ്..
അതേസമയം കോൺഗ്രസ്സ് പ്രത്യയ ശാസ്ത്രം ജീവിതത്തിൽ സ്വീകരിച്ചയാളാണ് ഉമ്മൻ ചാണ്ടിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. വിദ്യാർത്ഥി യുവജന നേതൃത്വത്തിലിരുന്ന കാലം സുവർണ കാലമായിരുന്നു. കേരളത്തിലെ ഏത് മുക്കിലും മൂലയിലും ഓടി എത്തുന്ന ആളായിരുന്നു ഉമ്മൻ ചാണ്ടിയെന്നും ഉമ്മൻചാണ്ടി അനുസ്മരണത്തിൽ കെ സുധാകരൻ പറഞ്ഞു. 24 മണിക്കൂർ തുറന്നിട്ട വാതിൽ ആയിരുന്നു ഉമ്മൻചാണ്ടി. ഉമ്മൻ ചാണ്ടിയെ പോലെ വേട്ടയാടപ്പെട്ട മറ്റൊരു മുഖ്യമന്ത്രി ഉണ്ടായിരുന്നില്ല. തരംതാണ രീതിയിൽ വേട്ടയാടിയവരെ പോലും വാക്ക് കൊണ്ട് വേദനിപ്പിക്കാത്ത ആളാണ് ഉമ്മൻ ചാണ്ടി. ഉമ്മൻചാണ്ടിയാവുക എന്നതാകണം എല്ലാ രാഷ്ട്രീയക്കാരുടെയും ലക്ഷ്യം. കാരുണ്യത്തിന്റെ ഉടയോനാണ് ഉമ്മൻ ചാണ്ടിെയെന്നും ഉമ്മൻചാണ്ടിയുടെ സ്മരണ നിലനിർത്താൻ കെപിസിസി കാരുണ്യ പ്രവർത്തനങ്ങൾ സജീവമാക്കുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു