തിരുവിതാംകൂര്‍ ദേവസത്തിനു കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഓണ്‍ലൈന്‍ വഴിപാടിന് സൗകര്യം
തിരുവനന്തപുരം: ഭക്തര്‍ക്ക് പ്രവേശന വിലക്കുള്ളതിനാല്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഓണ്‍ലൈന്‍ വഴിപാടിന് സൗകര്യം ഏര്‍പ്പെടുത്തും. ചൊവ്വാഴ്ച ചേര്‍ന്ന ബോര്‍ഡിന്റെ യോഗത്തിലാണ് തീരുമാനം. കോവിഡിനെത്തുടര്‍ന്ന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലാണിപ്പോള്‍ ദേവസ്വം ബോര്‍ഡ്. ശബരിമലയില്‍ വിഷുവിനുതന്നെ ഓണ്‍ലൈന്‍ വഴിപാടിന് ക്രമീകരണമാകുമെന്ന് ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു പറഞ്ഞു.ഏപ്രില്‍ 14-നുശേഷം ക്ഷേത്രങ്ങളിലെ നിയന്ത്രണം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദേശിക്കുന്നതുപോലെ നടപ്പാക്കും.
ഇതിന് ബാങ്കുകളുമായി ധാരണയുണ്ടാക്കും. ശബരിമലയ്ക്കുശേഷം മറ്റ് പ്രധാന ക്ഷേത്രങ്ങളിലും തുടര്‍ന്ന് എല്ലാ ക്ഷേത്രങ്ങളിലും ഇത് നടപ്പാക്കാനാണ് തീരുമാനം. ഗണപതിഹോമം, നീരാഞ്ജനം, ഭഗവതിസേവ, അര്‍ച്ചന തുടങ്ങിയവയാണ് ഓണ്‍ലൈന്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുക. ഭക്തരുടെ സാന്നിധ്യം ആവശ്യമായതിനാല്‍ ശബരിമലയില്‍ പടിപൂജപോലുള്ള സുപ്രധാന വഴിപാടുകള്‍ ഓണ്‍ലൈനില്‍ നടത്താനാവില്ല.നിയന്ത്രണത്തില്‍ സര്‍ക്കാര്‍ ഇളവുവരുത്തിയാല്‍പ്പോലും ശബരിമലയില്‍ തീര്‍ഥാടകരെ പ്രവേശിപ്പിക്കില്ല. രോഗവ്യാപനം ഭയന്നാണിത്. സാമ്ബത്തിക പ്രതിസന്ധിയുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുകോടി രൂപ നല്‍കാനും ബോര്‍ഡ് യോഗം തീരുമാനിച്ചു.