പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ ,സംയുക്ത പാര്‍ലമെന്‍ററി സമിതിക്ക് വിടും

പ്രതിപക്ഷ ആവശ്യം പരിഗണിച്ച് ബില്ല് സംയുക്ത പാര്‍ലമെന്‍ററി സമിതിക്ക് വിടും.മൂന്നാം മോദി സര്‍ക്കാരിലെ ആദ്യ വോട്ടെടുപ്പിനാണ് ഇന്ന് പാർലമെന്റ് സാക്ഷ്യം വഹിച്ചത്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലില്‍ നിയമമന്ത്രി ഹൃസ്വ വിവരണം നല്‍കിയെങ്കിലും ബിൽ ലോകസഭയിൽ അവതരിപ്പിക്കുന്നതിൽ വോട്ടിംഗ് വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു

ഡൽഹി | പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ വോട്ടിംഗിലൂടെ സര്‍ക്കാര്‍ സഭയിൽ അവതരിപ്പിച്ചു. പ്രതിപക്ഷ ആവശ്യം പരിഗണിച്ച് ബില്ല് സംയുക്ത പാര്‍ലമെന്‍ററി സമിതിക്ക് വിടും.മൂന്നാം മോദി സര്‍ക്കാരിലെ ആദ്യ വോട്ടെടുപ്പിനാണ് ഇന്ന് പാർലമെന്റ് സാക്ഷ്യം വഹിച്ചത്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലില്‍ നിയമമന്ത്രി ഹൃസ്വ വിവരണം നല്‍കിയെങ്കിലും ബിൽ ലോകസഭയിൽ അവതരിപ്പിക്കുന്നതിൽ വോട്ടിംഗ് വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇലക്ട്രോണിക് വോട്ടിംഗില്‍ 369 വോട്ടുകളാണ് സാധുവായത്. അതില്‍ 220 പേര്‍ പിന്തുണച്ചു. 149 പേര്‍ എതിര്‍ത്തു. തുടര്‍ന്ന് സ്ളിപ്പ് വിതരണം ചെയ്ത് വീണ്ടും വോട്ടിംഗ് നടന്നു. 467 പേരില്‍ 269 പേര്‍ പിന്തുണച്ചു. 198 പേര്‍ എതിര്‍ത്തു. ഭൂരിപക്ഷ പിന്തുണയില്‍ മന്ത്രി അര്‍ജ്ജുന്‍ റാം മേഘ് വാള്‍ ബിൽ സഭയിൽ അവതരിപ്പിച്ചു. ലോക് സഭ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താനുള്ള ഭരണഘടന ഭേദഗതി ബില്ലും, ജമ്മുകശ്മീര്‍, ദില്ലി തുടങ്ങിയ കേന്ദ്രഭരണ പ്രദേശങ്ങള്‍ക്ക് ബാധകമാക്കാന്‍ രണ്ടാമത്തെ ബില്ലും 129-ാം ഭരണഘടന ഭേദഗതിയെന്ന പേരില്‍ സഭയിലെത്തി.

ഒരേ സമയം തിരഞ്ഞെടുപ്പ് എന്ന പ്രക്രിയ 2034 വരെ നടക്കില്ല. ഭരണഘടനയിലെ 82ാം വകുപ്പ് (A)(ലോക്‌സഭയിലേക്കും എല്ലാ നിയമസഭകളിലേക്കും ഒരേ സമയം തിരഞ്ഞെടുപ്പ് നടത്തുക) കൂട്ടിച്ചേർക്കാനും 83(പാർലമെന്റ് സഭകളുടെ കാലാവധി), 172, 327 വകുപ്പുകൾ(നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യവസ്ഥകൾ ഉണ്ടാക്കാനുള്ള പാർലമെന്റിന്റെ അധികാരം) ഭേദഗതി ചെയ്യാനും ബിൽ നിർദേശിക്കുന്നു. ഇതിൽ നാല് ഭേദഗതികളാണ് വ്യവസ്ഥ ചെയ്യുന്നത്.
2029ൽ ലോക്‌സഭ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും പ്രഖ്യാപിക്കുക. ലോക്‌സഭയുടെ കലാവധി തീരുന്നതിന് ഒപ്പം സംസ്ഥാന നിയമസഭകളുടെയും കലാവധി തീരുന്നതായി രാഷ്ട്രപതി വിജ്ഞാപനം ഇറക്കുന്നതടക്കമുള്ളവയാണ് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്. കൂടാതെ കേന്ദ്രഭരണ പ്രദേശങ്ങളിലെ തെരഞ്ഞെടുപ്പ് ഒറ്റഘട്ടത്തിൽ നടത്തുന്നതാണ് വ്യവസ്ഥ ചെയ്യുന്നതാണ് രണ്ടാമത്തെ ബില്ല്. നിലവിൽ 2024-ലെ പൊതുതെരഞ്ഞെടുപ്പിനുശേഷമുള്ള ആദ്യ സിറ്റിങ് കഴിഞ്ഞതിനാൽ ഇനി 2029-ലെ പൊതു തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ ആദ്യ ലോക്‌സഭാ സിറ്റിങ്ങിന്റെ നിയമനതീയതി വിജ്ഞാപനം ചെയ്യാനാകൂ. 2034-ൽ മാത്രമേ നിയമസഭയിലേക്കും പാർലമെന്റിലേക്കും ഒറ്റ തിരഞ്ഞെടുപ്പ് നടത്താനാകുകയുള്ളുവെന്നാണ് അതിനർത്ഥം.

82 എ (1) എന്ന പുതിയ വ്യവസ്ഥ പ്രകാരം പൊതുതെരഞ്ഞെടുപ്പിന് ശേഷം ലോക്‌സഭയുടെ ആദ്യ സിറ്റിങ്ങിന്റെ തീയതി രാഷ്ട്രപതി വിജ്ഞാപനം ചെയ്യേണ്ടതുണ്ട്. ‘നിയമന തീയതി’ എന്നാണ് ഇത് അറിയപ്പെടുക. 82 എ (2) എന്ന വ്യവസ്ഥ പ്രകാരം പ്രസ്തുത ‘നിയമന തീയതി’ക്ക് ശേഷം തെരഞ്ഞെടുക്കപ്പെട്ട എല്ലാ നിയമസഭകൾക്കും അടുത്ത പാർലമെന്ററി തെരഞ്ഞെടുപ്പു വരെ മാത്രമേ കാലാവധി ഉണ്ടാകുകയുള്ളു. അതായത് അവയുടെ കാലാവധി വെട്ടിച്ചുരുക്കപ്പെടും. രണ്ട് ഘട്ടങ്ങളായാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പാക്കുക. ആദ്യഘട്ടത്തിൽ ലോക്‌സഭ, നിയമസഭാ തിരഞ്ഞെടുപ്പുകളും രണ്ടാം ഘട്ടത്തിൽ പൊതു തിരഞ്ഞെടുപ്പ് കഴിഞ്ഞ് 100 ദിവസത്തിനുള്ളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പും നടക്കും.

You might also like

-