സംസ്ഥാനത്ത് 4 പേര്‍ക്ക് കൂടി ഒമിക്രോണ്‍ ,സംസ്ഥാനത്ത് 15 പേര്‍ക്ക് ഒമിക്രോണ്‍
തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ഒമിക്രോണ്‍ സ്ഥിരീകരിച്ച 17 വയസുകാരനോടൊപ്പം യുകെയില്‍ നിന്നെത്തിയ മാതാവ് (41), പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള അമ്മൂമ്മ (67), യുകെയില്‍ നിന്നുമെത്തിയ യുവതി (27), നൈജീരിയയില്‍ നിന്നുമെത്തിയ യുവാവ് (32) എന്നിവര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
തിരുവനന്തപുരം: സംസ്ഥാനത്ത് 4 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഈ നാല് പേരും തിരുവനന്തപുരം ജില്ലയിലാണുള്ളത്. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ഒമിക്രോണ്‍ സ്ഥിരീകരിച്ച 17 വയസുകാരനോടൊപ്പം യുകെയില്‍ നിന്നെത്തിയ മാതാവ് (41), പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള അമ്മൂമ്മ (67), യുകെയില്‍ നിന്നുമെത്തിയ യുവതി (27), നൈജീരിയയില്‍ നിന്നുമെത്തിയ യുവാവ് (32) എന്നിവര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
27 വയസുകാരി വിമാനത്തിലെ സമ്പര്‍ക്കപ്പട്ടികയിലുള്ളയാളാണ്. ഇവര്‍ ഡിസംബര്‍ 12-നാണ് യുകെയില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. തുടര്‍ന്ന് ക്വാറന്റൈനിലായ ഇവരെ 16ന് പരിശോധിച്ചപ്പോഴാണ് കോവിഡ് പോസിറ്റീവായത്. 32 വയസുകാരന്‍ ഡിസംബര്‍ 17ന് നൈജീരിയയില്‍ നിന്നും എത്തിയതാണ്. എയര്‍പോര്‍ട്ട് പരിശോധനയില്‍ കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രത്യേക വാര്‍ഡില്‍ പ്രവേശിപ്പിച്ചു.
കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ അയച്ച സാമ്പിളുകളുടെ പരിശോധനാ ഫലത്തിലാണ് ഇവര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ ആകെ 15 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.