കേന്ദ്ര സർക്കാരിനെതിരായ പ്രമേയത്തെ അനുകൂലിച്ചു ഓ രാജഗോപാൽ വെട്ടിലാക്കി ബി ജെ പി യെ
സഭയിലെ പൊതു അഭിപ്രായത്തെ മാനിച്ചാണു പ്രമേയത്തെ താൻ പിന്തുണച്ചതെന്നു പറഞ്ഞ രാജഗോപാൽ, കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.
തിരുവനന്തപുരം: നിയമസഭ പാസാക്കിയ കാർഷിക നിയമഭേദഗതിക്കെതിരായ പ്രമേയത്തെ അനുകൂലിച്ചു സംസ്ഥാനത്തെ ഏക ബിജെപി എംഎൽഎ ഒ. രാജഗോപാൽ. പ്രമേയം പാസാക്കിയത് ഏകകണ്ഠമെന്നും അദ്ദേഹം മാധ്യമങ്ങളോടു വ്യക്തമാക്കി.
അതേസമയം സഭയിൽ സംസാരിക്കാൻ അവസരം ലഭിച്ചപ്പോൾ കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമത്തെ അനുകൂലിച്ചാണു രാജഗോപാൽ സംസാരിച്ചത്. കർഷകർക്കു നേട്ടമുണ്ടാകുന്നതിനു വേണ്ടിയാണ് നിയമങ്ങളെന്നും അദ്ദേഹം പറഞ്ഞു. നിയമം എല്ലാവിധ കർഷകരേയും സംരക്ഷിക്കാനുള്ളതാണെന്നും നിയമത്തെ എതിർക്കുന്നവർ കർഷകരുടെ താൽപര്യങ്ങൾക്ക് എതിര് നിൽക്കുന്നവരാണ് എന്നുമായിരുന്നു സഭയില്‍ ഒ. രാജഗോപാല്‍ പറഞ്ഞിരുന്നത്. സഭയിൽ നടക്കുന്ന നിയമത്തിന് എതിരായ പരാമർശങ്ങളെ എതിർക്കുന്നുവെന്നും അദ്ദേഹം സഭയില്‍ പറഞ്ഞിരുന്നു എന്നാൽ പ്രമേയം വോട്ടിനിട്ടപ്പോൾ രാജഗോപാൽ എതിർത്തില്ല. പ്രമേയം എതിർപ്പില്ലാതെ പാസായെന്നു സ്പീക്കർ ശ്രീരാമകൃഷ്ണൻ അറിയിക്കുകയും ചെയ്തു.
പിന്നീട് മാധ്യമങ്ങളോടു സംസാരിക്കവെയാണു താൻ പ്രമേയത്തെ അനുകൂലിച്ചതായി ഒ. രാജഗോപാൽ വെളിപ്പെടുത്തിയത്. സഭയിലെ പൊതു അഭിപ്രായത്തെ മാനിച്ചാണു പ്രമേയത്തെ താൻ പിന്തുണച്ചതെന്നു പറഞ്ഞ രാജഗോപാൽ, കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.