കന്യാസ്ത്രീയുടെ മൃതദേഹം കിണറ്റില്‍; അസ്വാഭാവിക മരണത്തിന് കേസെടുത്തു .ആത്മഹത്യയെന്ന് മഠം

കിണറിന് സമീപവും മുറിയിലും രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. ഇത് മുറിച്ച കൈത്തണ്ടയില്‍ നിന്ന് പടര്‍ന്നതാണെന്നാണ് പ്രാഥമിക നിഗമനം. മുടി മുറിച്ച നിലയിലായിരുന്നു

0

കൊട്ടാരക്കര :പത്തനാപുരം മൗണ്ട് താബൂര്‍ ദേറ കോണ്‍വെന്റിലെ കിണറ്റില്‍ കന്യാസ്ത്രീയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു. പത്തനാപുരം സി.ഐയും പുനലൂര്‍ ഡി.വൈ.എസ്.പിയും കേസ് അന്വേഷിക്കും. മൃതദേഹം കണ്ടെത്തിയത് ഇരുകൈതണ്ടകളും മുറിച്ച നിലയില്‍. ആത്മഹത്യയെന്ന് സംശയിക്കുന്നതായി കോണ്‍വെന്റ് അധികൃതര്‍ പൊലീസിന് മൊഴി നല്‍കി.ഇന്ന് രാവിലെ 10 മണിയോടെയാണ് കോണ്‍വെന്റിന് സമീപത്തെ കിണറ്റില്‍ കന്യാസ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. 12 വര്‍ഷമായി പത്തനാപുരം സെന്റ് സ്റ്റീഫന്‍ സ്‌കൂളിലെ അധ്യാപികയായ കൊല്ലം കല്ലട സ്വദേശി സൂസന്‍ പി.ഇയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കിണറ്റില്‍ കമഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.

കിണറിന് സമീപവും മുറിയിലും രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. ഇത് മുറിച്ച കൈത്തണ്ടയില്‍ നിന്ന് പടര്‍ന്നതാണെന്നാണ് പ്രാഥമിക നിഗമനം. മുടി മുറിച്ച നിലയിലായിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് പോസ്റ്റ് മോര്‍ട്ടത്തിനായി കൊണ്ടുപോയി. പത്തനാപുരം സിഐയും പുനലൂര്‍ ഡിവൈഎസ്പിയുടെയും നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല.
രണ്ടാഴ്ചയായി പരിമല ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സിസ്റ്റർ സൂസമ്മ വെള്ളിയാഴ്ചയാണ് തിരികെയെത്തിയത്. എന്നാല്‍ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉച്ചയോടെ സ്‌കൂളില്‍ നിന്ന് മടങ്ങിയിരുന്നു.

You might also like

-