“വകതിരിവില്ലാത്ത സമരം “നൊബേൽ സമ്മാന ജേതാവ് മൈക്കിൾ ലെവിറ്റും ഭാര്യയും സമരാനുകൂലികൾ തടഞ്ഞു.
ആലപ്പുഴ ആർ ബ്ലോക്കിൽ വെച്ച് സമരാനുകൂലികളുടെ പ്രതിഷേധത്തെ തുടർന്ന് ബോട്ട് യാത്ര നിർത്തി.
ആലപ്പുഴ :ദേശീയ പണിമുടക്ക് ദിവസം ആലപ്പുഴയിൽ നൊബേൽ സമ്മാന ജേതാവ് മൈക്കിൾ ലെവിറ്റും ഭാര്യയും യാത്ര ചെയ്ത ബോട്ട് സമരാനുകൂലികൾ തടഞ്ഞു. സർക്കാരിന്റെ അതിഥിയായി കേരള സർവകലാശാലയുടെ പരിപാടിയിൽ പങ്കെടുക്കാനാണ് മൈക്കിൾ ലെവിറ്റ് സംസ്ഥാനത്തെത്തിയത്.
ഇന്നലെയാണ് കുമരകത്ത് നിന്നും ലേക് വ്യൂ റിസോർട്ടിന്റെ ഹൗസ് ബോട്ട് പുറപ്പെട്ടത്. ഇന്ന് രാവിലെ 11ന് ആലപ്പുഴ ആർ ബ്ലോക്കിൽ വെച്ച് സമരാനുകൂലികളുടെ പ്രതിഷേധത്തെ തുടർന്ന് ബോട്ട് യാത്ര നിർത്തി. ശേഷം തീരത്തടുപ്പിച്ചു കെട്ടിയിട്ടു. രണ്ട് മണിക്കൂറിന് ശേഷമാണ് ബോട്ട് വിട്ടയച്ചത്. 2013 ൽ രസതന്ത്രത്തിന് നോബേൽ സമ്മാനം നേടിയ മൈക്കിൾ ലെവിറ്റും ഭാര്യയും ഈ സമയം ബോട്ടിലുണ്ടായിരുന്നു. സംസ്ഥാന സർക്കാരിന്റെ അതിഥിയായി ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ സെമിനാറിൽ പങ്കെടുക്കാനാണ് ലെവിറ്റ് എത്തിയത്. കേരളത്തിനും ഇന്ത്യക്കും യോജിക്കാത്ത നടപടിയെന്ന് അദ്ദേഹം സന്ദേശമയച്ചു. സാമൂഹ്യ വിരുദ്ധരായ ആരോ ആണ് സമരസമിതിയുടെ പേരിൽ യാത്ര തടസ്സപ്പെടുത്തിയതെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കർശനമായ നടപടിയെടുക്കുമെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു.
വിനോദ സഞ്ചാര മേഖലയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കുമെന്ന് നേരത്തെ ട്രേഡ് യൂണിയൻ നേതാക്കൾ വ്യക്തമാക്കിയിരുന്നു. എന്നാൽ അത് പാലിക്കപ്പെട്ടില്ലെന്ന് ബോട്ട് ഉടമകൾ പറഞ്ഞു.