വിധികാത്തിരിക്കാൻ ഇനിയില്ല; എസ്.കെ ശർമ അന്തരിച്ചു
ലേബര്‍ കോണ്‍ട്രാക്ടര്‍ ആയിരുന്ന അദ്ദേഹം റഷ്യന്‍ സ്‌പെയ്‌സ് ഏജന്‍സിയിലെ അന്നത്തെ ഇന്ത്യന്‍ പ്രതിനിധി ചന്ദ്രശേഖറുമായുള്ള സൗഹൃദത്തിന്റെ പേരിലാണ് ചാരക്കേസില്‍ തെറ്റായി പ്രതിചേര്‍ക്കപ്പെട്ടത്. 1998 ല്‍ അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു. നഷ്ടപരിഹാരത്തിനുവേണ്ടി നിയമയുദ്ധം നടത്തുന്നതിനിടെയാണ് ശര്‍മയുടെ മരണം
ബംഗളൂരു: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ കുടുക്കിയതിനെത്തുടര്‍ന്ന് വേട്ടയാടപ്പെട്ട ആറുപേരിൽ ഒരാളായ എസ്.കെ ശര്‍മ (62) ബംഗളൂരുവില്‍ അന്തരിച്ചു. അന്നനാളത്തില്‍ ക്യാന്‍സര്‍ ബാധിച്ചതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ലേബര്‍ കോണ്‍ട്രാക്ടര്‍ ആയിരുന്ന അദ്ദേഹം റഷ്യന്‍ സ്‌പെയ്‌സ് ഏജന്‍സിയിലെ അന്നത്തെ ഇന്ത്യന്‍ പ്രതിനിധി ചന്ദ്രശേഖറുമായുള്ള സൗഹൃദത്തിന്റെ പേരിലാണ് ചാരക്കേസില്‍ തെറ്റായി പ്രതിചേര്‍ക്കപ്പെട്ടത്. 1998 ല്‍ അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു. നഷ്ടപരിഹാരത്തിനുവേണ്ടി നിയമയുദ്ധം നടത്തുന്നതിനിടെയാണ് ശര്‍മയുടെ മരണം. പൊലീസ് തന്നെ ക്രൂരമായി മര്‍ദ്ദിക്കുകയും പീഡിപ്പിക്കുകയും ചാരനായി മുദ്രകുത്തുകയും ചെയ്തുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
1994 നവംബര്‍ 22 ന് 34 വയസുള്ളപ്പോഴാണ് ശര്‍മയെ ആദ്യമായി രണ്ടു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. അദ്ദേഹത്തിന്റെ ജീവിതംതന്നെ അത് മാറ്റിമറിച്ചു. ചന്ദ്രശേഖറിന്റെ നല്ല സുഹൃത്തായിരുന്നു അദ്ദേഹം. തിരുവനന്തപുരം വിമാനത്താവളത്തില്‍വച്ച് പരിചയപ്പെട്ട മാലി വനിതകളില്‍ ഒരാളുടെ കുട്ടിക്ക് സ്‌കൂള്‍ പ്രവേശം നേടുന്നതിന് ശര്‍മയുടെ സഹായം ചന്ദ്രശേഖര്‍ അഭ്യർത്ഥിച്ചിരുന്നു. പരിചയമുള്ള സ്‌കൂള്‍ പ്രിന്‍സിപ്പലുമായി സംസാരിച്ച് ശര്‍മ അഡ്മിഷന്‍ ശരിയാക്കി കൊടുക്കുകയും ചെയ്തിരുന്നു. രാജ്യത്തെ പിടിച്ചുകുലുക്കിയ വിവാദത്തിന്റെ ഭാഗമാകാന്‍ ഈ സംഭവം ഇടയാക്കുമെന്ന് അദ്ദേഹം അന്ന് കരുതിയില്ല
ശര്‍മയുടെ കുടുംബം പിന്നീട് നിരീക്ഷണത്തിലായി. ബംഗളൂരുവില്‍നിന്ന് രണ്ട് ദിവസത്തേക്ക് കസ്റ്റഡിയിലെടുത്ത അദ്ദേഹത്തോട് വിശദമായ മൊഴിയെടുക്കാന്‍ തിരുവനന്തപുരത്ത് എത്തണമെന്ന് പൊലീസ് നിര്‍ദ്ദേശിച്ചു. അഭിഭാഷകനൊപ്പം മൊഴി നല്‍കാനെത്തിയ അദ്ദേഹത്തിന് ദിവസങ്ങള്‍ കഴിഞ്ഞാണ് മടങ്ങാനായത്. സിനിമകളില്‍ മാത്രം കണ്ടിട്ടുള്ളതുപോലെ പാര്‍ക്കിലും കവലകളിലും പത്രംകൊണ്ട് മുഖം മറച്ചവര്‍ തന്നെ അന്ന് നിരന്തരം നിരീക്ഷിച്ചിരുന്നുവെന്ന് അദ്ദേഹം പിന്നീട് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
ഡിസംബര്‍ ഒന്നിന് ചോദ്യംചെയ്യാന്‍ വിളിച്ചുവരുത്തിയ അദ്ദേഹത്തെ കേരള പൊലീസും ഇന്റലിജന്‍സ് ബ്യൂറോയും ചേര്‍ന്ന് അറസ്റ്റുചെയ്തു. പിന്നീട് ക്രൂരമായി മര്‍ദ്ദിച്ചുവെന്നും ഭക്ഷണവും പ്രമേഹത്തിന്റെ മരുന്നും നല്‍കാതിരുന്നുവെന്നും നിലത്തിരിക്കാന്‍ പോലും അനുവദിക്കാതെ പീഡിപ്പിച്ചുവെന്നും ശര്‍മ വെളിപ്പെടുത്തിയിരുന്നു.
നമ്പിനാരായണന്റെ പോരാട്ടം സുപ്രീംകോടതിയിൽ വിജയം കണ്ടതോടെ തന്റെ നിയമപോരാട്ടവും ഫലപ്രാപ്തിയിലെത്തുമെന്ന് എസ്.കെ ശർമ ഉറച്ച് വിശ്വസിച്ചിരുന്നു. 1994ൽ പ്രതിവർഷം 50 ലക്ഷം സമ്പാദിച്ചിരുന്നു ശർമ കേസിൽ പെട്ടതോടെ മാനസികമായും സാമ്പത്തികമായും തകർന്നു. ഭാര്യയും മൂന്നു മക്കളുമുണ്ട്