അറസ്റ്റില്ല …ആയിഷ സുല്‍ത്താനയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

രണ്ട് മണിക്കൂറില്‍ അധികം പൊലീസിന്റെ ചോദ്യം ചെയ്യല്‍ നീണ്ടു. നാല് ദിവസം കൂടി കവരത്തിയില്‍ തുടരാന്‍ പൊലീസ് ആയിഷയോട് ആവശ്യപ്പെട്ടു. അതിനിടയില്‍ ഒരു ദിവസം ഒരു പ്രാവശ്യം കൂടി ചോദ്യം ചെയ്‌തേക്കും.

0

കവരത്തി :ചാനൽ ചർച്ചക്കിടെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോട്ട പട്ടേലിനെ ബയോ വെപ്പണ്‍ പരാമര്‍ശം നടത്തിയതിന് കവരത്തി ചുമത്തിയ രാജ്യദ്രോഹക്കേസിൽ സിനിമാപ്രവര്‍ത്തക ആയിഷ സുല്‍ത്താനയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. മൂന്ന് മണിക്കൂര്‍ നേരം ചോദ്യം ചെയ്യല്‍ നീണ്ടു. അന്വേഷണ സംഘം ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെങ്കിലും ആവശ്യമെങ്കില്‍ ചോദ്യം ചെയ്യാന്‍ വീണ്ടും വിളിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. നാല് ദിവസം കൂടി കവരത്തിയില്‍ തുടരാന്‍ പൊലീസ് ആയിഷയോട് ആവശ്യപ്പെട്ടു. അതിനിടയില്‍ ഒരു ദിവസം ഒരു പ്രാവശ്യം കൂടി ചോദ്യം ചെയ്‌തേക്കും. അപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തിയേക്കാമെന്നാണ് സൂചന.ഞായറാഴ്ച വൈകീട്ട് നാല് മണിയോടെ അഭിഭാഷകര്‍ക്കൊപ്പമാണ് ആയിഷ കവരത്തി പോലീസ് ഹെഡ്ക്വാട്ടേസില്‍ ഹാജരായത്. ചോദ്യം ചെയ്യലിന് ഹാജരാകാനായി കഴിഞ്ഞ ദിവസമാണ് ആയിഷ കൊച്ചിയില്‍ നിന്ന് ലക്ഷദ്വീപിലെത്തിയത്.

തിരിച്ചും മറിച്ചും പൊലീസ് ചോദ്യം ചെയ്‌തെന്നും എന്നാല്‍ ബയോ വെപ്പണ്‍ പരാമര്‍ശം രാജ്യദ്രോഹപരമല്ലെന്ന പ്രസ്താവനയില്‍ ഉറച്ചുനിന്നെന്നും ആയിഷ സുല്‍ത്താന പറഞ്ഞു. കവറത്തി പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ ആയിരുന്നു ചോദ്യം ചെയ്യല്‍.സേവ് ലക്ഷദ്വീപ്’ സമരത്തിന്റെ ഭാഗമായി നടത്തിയ ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ ‘ബയോ വെപ്പണ്‍’ പരാമര്‍ശം നടത്തിയതിനെതിരെ ലക്ഷദ്വീപ് ബിജെപി അധ്യക്ഷന്‍ സി അബ്ദുള്‍ ഖാദര്‍ ഹാജി നല്‍കിയ പരാതിയിലാണ് ആയിഷക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ലക്ഷദ്വീപ് പൊലീസ് കേസെടുത്തത്. വ്യാഴാഴ്ച ആയിഷ സുല്‍ത്താനയ്ക്ക് കേരള ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ജൂണ്‍ 20-നകം പൊലീസിന് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിര്‍ദേശിച്ച ശേഷമായിരുന്നു കോടതി ആയിഷ സുല്‍ത്താനയ്ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയത്.

ബയോവെപ്പൺ പരാമര്‍ശങ്ങളുടെ പേരില്‍ ബിജെപി ലക്ഷദ്വീപ് ഘടകം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആയിഷക്കെതിരെ രാജ്യദ്രോഹക്കേസ് എടുത്തത്. താന്‍ വിമര്‍ശനമാണ് ഉന്നയിച്ചതെന്ന വാദഗതിയാണ് ആയിഷ ചോദ്യം ചെയ്യലില്‍ പോലീസിനോടും ആവര്‍ത്തിച്ചതെന്നാണ് സൂചന. കേസില്‍ അറസ്റ്റ് ചെയ്താല്‍ ആയിഷയ്ക്ക് ഇടക്കാല ജാമ്യം നല്‍കണമെന്ന് ഹൈക്കോടതി നേരത്തെ കവരത്തി പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു. ഒരാഴ്ചയാണ് കോടതിയുടെ ഇടക്കാല ഉത്തരവിന്റെ കാലാവധി.ജൈവായുധ പരാമര്‍ശം നടത്തിയത് അബദ്ധത്തിലാണെന്നും അത് തെറ്റാണെന്ന് മനസിലായപ്പോള്‍ തന്നെ ആയിഷ മാപ്പു പറഞ്ഞിരുന്നതായും ആയിഷയുടെ അഭിഭാഷകന്‍ നേരത്തെ കോടതിയില്‍ പറഞ്ഞിരുന്നു. ഭരണകൂടത്തെ വിമര്‍ശിക്കുകയാണ് ചെയ്തത്. അല്ലാതെ വിദ്വേഷ പ്രചരണമല്ല തന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളത്. ജനങ്ങളെ രാജ്യത്തിനെതിരേ അക്രമകത്തിന് പ്രേരിപ്പിച്ചിട്ടില്ലെന്നും ആയിഷ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

You might also like

-