കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നിയമസഭയില്‍ പ്രമേയം, നിയമം കോർപറേറ്റുകളെ സംരക്ഷിക്കാൻ

കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കവെ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.മൂന്നു വിവാദ നിയമങ്ങളും പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

0

തിരുവനന്തപുരം: പുതിയ കാര്‍ഷിക നിയമങ്ങള്‍ കോര്‍പറേറ്റുകളുടെ താത്പര്യമാണ് സംരക്ഷിക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ന്യായ വില ഉറപ്പാക്കുന്നതില്‍ നിന്ന് കേന്ദ്രം ഒഴിഞ്ഞു മാറുകയാണ് എന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കവെ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.മൂന്നു വിവാദ നിയമങ്ങളും പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പ്രമേയത്തില്‍ കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനമാണ് മുഖ്യമന്ത്രി ഉന്നയിച്ചത്.

ഗ്രാമച്ചന്തകള്‍ (മണ്ഡി) തകര്‍ക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാറിന്റേത് എന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഗ്രാമച്ചന്തകള്‍ക്ക് പകരം കോര്‍പറേറ്റ് ഔട്ട്‌ലറ്റുകളാണ് വരിക. കോര്‍പറേറ്റുകളോട് യുദ്ധം ചെയ്യാനുള്ള ശേഷി കര്‍ഷകര്‍ക്കില്ല. കര്‍ഷകര്‍ക്ക് ന്യായ വില ലഭ്യമാക്കാനുള്ള ഉത്തരവാദിത്വത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ ഒഴിയുകയാണ്- അദ്ദേഹം കുറ്റപ്പെടുത്തി.പ്രതിപക്ഷത്തു നിന്ന് പ്രമേയത്തെ പിന്തുണച്ചു സംസാരിച്ച മുന്‍ മന്ത്രി കെസി ജോസഫ് ചില ഭേദഗതികള്‍ നിര്‍ദേശിച്ചു. കേന്ദ്ര നിയമത്തിനെതിരെ സംസ്ഥാനത്ത് പ്രത്യേക നിയമം കൊണ്ടു വരണമെന്ന് ജോസഫ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ഭരിക്കുന്ന മൂന്നു സംസ്ഥാനങ്ങളില്‍ ഇത്തരത്തില്‍ നിയമം കൊണ്ടുവന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

നേരത്തെ ഡിസംബര്‍ 23 ന് സമ്മേളനം ചേരാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നില്ല. പിന്നീട് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ എ. കെ ബാലന്‍, വി. എസ് സുനില്‍കുമാര്‍ എന്നിവര്‍ രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് ശേഷം കേന്ദ്ര സര്‍ക്കാരിന്‍റെ കാര്‍ഷിക നിയമ ഭേദഗതിക്കെതിരായ പ്രമേയം പാസാക്കേണ്ടതിന്‍റെ അടിയന്തര പ്രധാന്യമുണ്ടെന്ന് കാണിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് വീണ്ടും കത്ത് നല്‍കി. അതിന് ശേഷമാണ് ഗവര്‍ണറുടെ അനുമതി ലഭിച്ചത്.

അതേസമയം കാർഷികനിയമങ്ങൾ പിൻവലിക്കുന്നതിൽ തീരുമാനം പ്രധാനമന്ത്രിക്കു വിട്ടു. നിയമം നടപ്പാക്കുന്നത് മരവിപ്പിക്കാനാകുമോ എന്നും പ്രധാനമന്ത്രിയുടെ ഓഫീസ് നിശ്ചയിക്കും. താങ്ങുവിലയ്ക്ക് നിയമ സംരക്ഷണത്തിന് ഭരണഘടന വിദഗ്ധരുടെ സമിതിയാവാമെന്ന് സർക്കാർ. നിർദ്ദേശം കർഷകസംഘടനകൾ പരിശോധിക്കും. അതേസമയം കർഷക പ്രക്ഷോഭം ഇന്ന് മുപ്പത്തിയാറാം ദിവസത്തിലേക്ക് കടന്നു. വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന കർഷകരുടെ ആവശ്യത്തിൽ ഇന്നലെ കേന്ദ്ര സർക്കാർ വിളിച്ച ആറാമത്തെ യോഗത്തിലും സമവായമായിരുന്നില്ല.

കർഷകർ മുന്നോട്ടുവെച്ച വൈദ്യുതി നിയന്ത്രണ ബില്ല് പിൻവലിക്കുക, വയൽ അവശിഷ്ടങ്ങൾ കത്തിക്കുന്നതിന് എതിരെയുള്ള നടപടി റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചു. നിയമങ്ങൾ പിൻവലിക്കുന്ന കാര്യത്തിലും താങ്ങുവില ഉറപ്പാക്കാനുള്ള നിയമത്തിന്റെ കാര്യത്തിലും കൂടുതൽ ചർച്ചകൾ ജനുവരി നാലിന് നടക്കും. വിവാദ നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ സമരം അവസാനിപ്പിക്കില്ല എന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് കർഷക സംഘടനകൾ.

You might also like

-