പാലായിൽ നിഷ ജോസ് ?
കെഎം മാണിയുടെ വിയോഗ ശേഷം ഉപതെരഞ്ഞെടുപ്പ് ചര്‍ച്ച വന്നപ്പോഴൊക്കെ നിഷ ജോസ് എന്ന പേരാണ് കേരളം കോൺഗ്രസ്സ് ക്യാമ്പിൽ നിന്ന് ഉയർന്നു വന്നിരുന്നത്
തിരുവനന്തപുരം: കെഎം മാണിയുടെ മരണത്തോടെ ഒഴിവു വന്ന പാലാ മണ്ഡലത്തിൽ മരുമകൾ നിഷ സ്ഥാനാര്‍ത്ഥിയായേക്കും തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ടു പാലായിലെ സാമൂഹിക രാഷ്ട്രീയ മേഖലയിൽ ഏറെ നാളായി സജീവ സാന്നിദ്ധ്യമാണ് നിഷ ജോസ് . കെഎം മാണി മന്ത്രിയായിരുന്നപ്പോഴും പാലായിലെ വികസന കാര്യങ്ങളിലടക്കം നിര്‍ണ്ണായക സാന്നിദ്ധ്യമായി നിഷ ജോസ്
കെഎം മാണിയുടെ വിയോഗ ശേഷം ഉപതെരഞ്ഞെടുപ്പ് ചര്‍ച്ച വന്നപ്പോഴൊക്കെ നിഷ ജോസ് എന്ന പേരാണ് കേരളം കോൺഗ്രസ്സ് ക്യാമ്പിൽ നിന്ന് ഉയർന്നു വന്നിരുന്നത് . തെരഞ്ഞെടുപ്പ് രംഗത്തേക്ക് ഇല്ലെന്ന് നിഷ ജോസ് കെ മാണി പ്രതികരിച്ചിരുന്നു എങ്കിലും പാര്‍ട്ടി തീരുമാനം എടുത്താൽ മത്സര രംഗത്ത് ഉണ്ടാകുമെന്നു ഉറപ്പാണ് . ജോസ് കെ മാണി പാലായിൽ മത്സരിച്ചേക്കുമെന്ന അഭ്യൂഹമുണ്ടായിരുന്നെങ്കിലും രാജ്യസഭാ എംപി സ്ഥാനം ഉപേക്ഷിച്ച് മത്സരരംഗത്തേക്കിറങ്ങാൻ തൽക്കാലം സാധ്യതയില്ലെന്നതും നിഷയ്ക്ക് അനുകൂല ഘടകമാണ് .
അതേ സമയം സ്ഥാനാര്‍ത്ഥി സംബന്ധിച്ച ചര്‍ച്ചയോ തീരുമാനമോ കേരളാ കോണഗ്രസിനകത്ത് നടന്നിട്ടില്ലെന്നാണ് ജോസ് കെ മാണി പ്രതികരിച്ചത് . ഉപതെരഞ്ഞെടുപ്പ് പ്രതീക്ഷിച്ചതാണ്. ഒന്നരമാസമായി തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും നടക്കുന്നുണ്ട്. ബൂത്ത് തലത്തിൽ മുതൽ മുന്നണി യോഗങ്ങൾ നടന്നു കഴിഞ്ഞു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിൽ വലിയ ആത്മവിശ്വാസമാണ് കേരളാ കോൺഗ്രസിന് ഉള്ളതെന്നും ജോസ് കെ മാണി പറഞ്ഞു.
ജോസഫ് വിഭാഗം ഇടഞ്ഞു നിൽക്കുന്നതിനെ കുറിച്ച് സൂചിപ്പിച്ചപ്പോൾ എല്ലാവരേയും രമ്യമായി കൊണ്ടുപോകാൻ കഴിയുന്ന സ്ഥാനാര്‍ത്ഥി ഉണ്ടാകുമെന്നായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം.
അതേസമയം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ കോട്ടയം ജില്ലയില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. ഇതോടെ തെരഞ്ഞെടുപ്പ് കഴിയും വരെ ജില്ലയില്‍ സര്‍ക്കാര്‍ പരിപാടികളില്‍ മുഖ്യമന്ത്രിയോ മന്ത്രിമാരോ മറ്റു ജനപ്രതിനിധികളോ പങ്കെടുക്കില്ല. നിര്‍ണായകമായ ഭരണതീരുമാനങ്ങളും മാറ്റങ്ങളും നടപ്പാക്കാന്നതും തല്‍കാലികമായി നിര്‍ത്തി വയ്ക്കേണ്ടി വരും.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതോടെ ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചാരണവും നേതാക്കളുടെ പ്രസംഗങ്ങളും പൊതുയോഗങ്ങളുമെല്ലാം തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിരീക്ഷകര്‍ സൂഷ്മമായി വിലയിരുത്തും. എതിര്‍സ്ഥാനാര്‍ഥികളേയും അവരുടെ പാര്‍ട്ടിയേയും ആരോഗ്യകരമായ രീതിയില്‍ വിമര്‍ശിക്കാമെങ്കിലും അതിര് വിട്ടാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കും. പണം കൊടുത്ത് വോട്ടര്‍മാരെ സ്വാധീനിക്കാനോ ഉറപ്പില്ലാതെ വിവരങ്ങള്‍ അടിസ്ഥാനമാക്കി ആരോപണം ഉന്നയിക്കാനോ പാടില്ല.
ജാതി-വര്‍ഗ്ഗീയ വേര്‍തിരിവോടെ നടത്തുന്ന പ്രസ്താവനകളും നടപടി വിളിച്ചുവരുത്തും. പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുന്നതിന് മുന്‍പ് പൊലീസിന്‍റെ അനുമതി തേടണം. രാത്രി പത്ത് മണിക്ക് ശേഷം തെരഞ്ഞെടുപ്പ് പ്രചാരണം പാടില്ല. എതിരാളികളുടെ കോലങ്ങള്‍ നിര്‍മ്മിക്കാനോ കത്തിക്കാനോ അനുവദിക്കുന്നതല്ല. ഒരേ റൂട്ടില്‍ രണ്ട് എതിര്‍ പാര്‍ട്ടിക്കാര്‍ റാലി നടത്താന്‍ നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ പരസ്പരം അഭിമുഖീകരിക്കാത്ത തരത്തില്‍ വേണം റാലി നടത്താന്‍.
സര്‍ക്കാരുകളുടെ ഭരണനേട്ടങ്ങള്‍ ഒരു തരത്തിലും പൊതു മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കാന്‍ പാടുള്ളതല്ല. എം.പിമാരുടെയും മന്ത്രിമാരുടെയും ഔദ്യോഗിക സന്ദര്‍ശനങ്ങള്‍ ഒരിക്കലും പ്രചരണ പരിപാടികള്‍ക്കോ പാര്‍ട്ടി പരിപാടികള്‍ക്കോ ഉപയോഗിക്കാന്‍ പാടുള്ളതല്ല. സര്‍ക്കാരിന്റെ ഒരു വിധ കാര്യങ്ങളും പ്രചരണത്തിന് ഉപയോഗിക്കാനും പാടില്ല. മന്ത്രിമാരും മറ്റു അധികാരികളോ ഒരു തരത്തിലുമുള്ള പ്രഖ്യാപനങ്ങളോ സാമ്പത്തികമായ ഗ്രാന്‍ഡുകളോ ഉറപ്പുകളോ നല്‍കാന്‍ പാടുള്ളതല്ല. പൊതുവിടങ്ങള്‍ മറ്റു പാര്‍ട്ടികാര്‍ക്ക് കൂടി ഉപയോഗിക്കാന്‍ തരത്തില്‍ വേണം ക്രമീകരിക്കാന്‍. അധികാര പാര്‍ട്ടി ഒരിക്കലും ഏകപക്ഷീയമായി അവരുടെ അധികാരം ഉപയോഗിച്ച് പിടിച്ചെടുക്കാന്‍ പാടില്ല.