വിസാ ചട്ടം ലംഘിച്ചതിന് ഡൽഹി നിസാമുദ്ദീനിലെ തബ്ലീഗ് മതസമ്മേളനത്തിൽ പങ്കെടുത്ത 156 വിദേശികൾക്കെതിരെ മഹാരാഷ്ട്ര പൊലസ് കേസെടുത്തു
വിദേശി നിയമത്തിലെ സെക്ഷൻ 14 ബി പ്രകാരവും ഐപിസി 188, 269, 270 സെക്ഷൻ പ്രകാരവും 15 കേസുകളാണ് രജിസ്റ്റർ ചെയ്തത്. മുംബൈ, താനെ, അമരാവതി, നാന്ദഡ്, നാഗ്പൂർ, പൂനെ, അഹമ്മദ് നഗർ, ചന്ദ്രപൂർ, ഗഡ്ചിരോളി ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്
ഡൽഹി :വിസാ ചട്ടം ലംഘിച്ചതിന് ഡൽഹി നിസാമുദ്ദീനിലെ തബ്ലീഗ് മതസമ്മേളനത്തിൽ പങ്കെടുത്ത 156 വിദേശികൾക്കെതിരെ മഹാരാഷ്ട്ര പൊലസ് കേസെടുത്തു. വിദേശി നിയമത്തിലെ സെക്ഷൻ 14 ബി പ്രകാരവും ഐപിസി 188, 269, 270 സെക്ഷൻ പ്രകാരവും 15 കേസുകളാണ് രജിസ്റ്റർ ചെയ്തത്. മുംബൈ, താനെ, അമരാവതി, നാന്ദഡ്, നാഗ്പൂർ, പൂനെ, അഹമ്മദ് നഗർ, ചന്ദ്രപൂർ, ഗഡ്ചിരോളി ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കസാഖിസ്ഥാനിൽ നിന്നുള്ള നാലുപേർ, ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ഒരാൾ, ബംഗ്ലാദേശിൽ നിന്നുള്ള 13 പേർ, ബ്രൂണെയിൽ നിന്നുള്ള നാലു പേർ, ഐവറികോസ്റ്റിൽ നിന്നുള്ള 9 പേർ, ഇറാനിൽ നിന്നുള്ള ഒരാൾ, ടോഗോയിൽ നിന്നുള്ള ആറുപേർ, മ്യാൻമറിൽ നിന്നുള്ള 18 പേർ, മലേഷ്യയിൽ നിന്നുള്ള എട്ടുപേർ, ഇന്തോനേഷ്യയിൽ നിന്നുള്ള 37 പേർ, ബെനിനിൽ നിന്നുള്ള ഒരാൾ, ഫിലിപ്പെയിൻസിൽ നിന്നുള്ള പത്ത് പേർ, അമേരിക്കയിൽ നിന്നുള്ള ഒരാൾ, ടാൻസാനിയയിൽ നിന്നുള്ള 11 പേർ, റഷ്യയിൽ നിന്നുള്ള രണ്ടുപേർ, ജിബൂട്ടിയിൽ നിന്നുള്ള അഞ്ചുപേർ, ഘാനയിൽ നിന്നുള്ള ഒരാൾ, കിർഗിസ്ഥാനിൽ നിന്നുള്ള 19 പേർ എന്നിവർക്കെതിരെയാണ് കേസെടുത്തത്. കോവിഡ് 19 നിരീക്ഷണത്തിന്റെ ഭാഗമായി ഇവർ എല്ലാവരും ക്വാറന്റൈനിലാണ്.
ജാർഖണ്ഡിൽ വിസാ ചട്ടങ്ങൾ ലംഘിച്ചതിന് 28 വിദേശികൾക്കെതിരെ കേസെടുത്തു. സന്ദർശക വിസയിൽ വന്ന് മതപരമായ പ്രവൃത്തികളിൽ ഏർപ്പെട്ടതിനാണ് കേസെടുത്തത്. ഇവരെല്ലാവരും നിലവിൽ ക്വാറന്റൈനിലാണ്. നിരീക്ഷണ കാലാവധി കഴിയുന്നതോടെ ഇവരെ കോടതിക്ക് മുന്നിൽ ഹാജരാക്കി ജയിലിൽ അടയ്ക്കും.- ഡിജിപി എം വി റാവു പറഞ്ഞു.കഴിഞ്ഞ ആഴ്ച വിസാ ചട്ടങ്ങൾ ലംഘിച്ച് തബ്ലിഗ് മതസമ്മേളനത്തിൽ പങ്കെടുത്തെന്ന് കണ്ടെത്തിയ 960 വിദേശികളെ കേന്ദ്ര സർക്കാർ കരിമ്പട്ടികയിൽപ്പെടുത്തുകയും ഇവരുടെ വിസ റദ്ദാക്കുകയും ചെയ്തിരുന്നു. ഡൽഹി പൊലീസിനോടും മറ്റ് സംസ്ഥാനങ്ങളിലെ പൊലീസിനോടും വിദേശി നിയമം, ദുരന്ത നിവാരണ നിയമം എന്നിവ പ്രകാരം കേസെടുക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദേശിച്ചിരുന്നു.