നിപാ കേരളം കനത്ത ജാഗ്രത ഭയപ്പെടേണ്ടതില്ല
കോഴിക്കോട‌്: നിപാ വൈറസിനെതിരെ കനത്ത ജാഗ്രത തുടരുന്നു. വൈറസ‌് പടരുന്നത‌് സംബന്ധിച്ച ആശങ്കയ‌്ക്ക‌് വിരാമമാവുകയാണ‌്. ബുധനാഴ‌്ച മരണം റിപ്പോർട്ട‌് ചെയ്യാത്തത‌് രക്ഷാപ്രവർത്തനത്തിൽ ആശ്വാസമായി. ഇതുവരെ 23 പേരുടെ പരിശോധന ഫലം പുറത്തുവന്നപ്പോൾ മരണമടഞ്ഞ 10 പേരുൾപ്പെടെ 13 പേർക്കാണ‌് നിപാ വൈറസ‌് സ്ഥിരീകരിച്ചത‌്.
കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിൽ ഐസിയുവിൽ കഴിയുന്ന രണ്ടുപേരുടെ നിലയിൽ കാര്യമായ മാറ്റമുണ്ടായിട്ടില്ല. എന്നാൽ, മെഡിക്കൽ കോളേജ‌് ഐസിയുവിലുള്ള യുവാവിന്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടു. രണ്ട‌് കുട്ടികൾ ഉൾപ്പെടെ ഏഴു പേർ മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലാണ‌്.
മലപ്പുറം ജില്ലയിൽ നിപാ ബാധിച്ച‌് മരിച്ച തിരൂരങ്ങാടി തെന്നല മണ്ണനാത്തുപടിക്കൽ ഷിജിതയുടെ ഭർത്താവ‌് ഉബീഷിന‌് രോഗം സ്ഥിരീകരിച്ചു. മരിച്ച മൂന്നിയൂർ മേച്ചേരി സിന്ധുവിന്റെ ഭർത്താവ‌് സുബ്രഹ്മണ്യനെയും സമാന രോഗലക്ഷണവുമായി ബുധനാഴ‌്ച കോഴിക്കോട‌് മെഡിക്കൽ കോളേജ‌് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗികൾക്കായി 8000 ‘റിബ വൈറിൻ’ ഗുളികകൾ കോഴിക്കോട‌് മെഡിക്കൽ കോളേജ‌് ആശുപത്രിയിലെത്തിച്ചു. മലേഷ്യയിൽ നിപാ ഉണ്ടായ സമയത്ത‌് നൽകിയ മരുന്നാണിത‌്.
പാർശ്വഫലങ്ങളുണ്ടാകാൻ സാധ്യതയുള്ളതിനാൽ രോഗികളുടെ ആരോഗ്യസ്ഥിതി പരിഗണിച്ചാകും മരുന്നുനൽകുകയെന്ന‌് ആരോഗ്യ വകുപ്പ‌് ഡയറക്ടർ ഡോ. ആർ എൽ സരിത വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നിപ വൈറസ് ബാധ നിയന്ത്രിക്കുന്നതിന് സംസ്ഥാന സർക്കാർ എടുത്ത നടപടികൾ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം വിലയിരുത്തി.
ജാഗ്രത തുടരാനും സൂക്ഷ്മ നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്താനും നിർദേശം നൽകിയിട്ടുണ്ട്. സ്ഥിതിഗതികൾ ചീഫ്സെക്രട്ടറിതല സമിതി നിരന്തരമായി വിലയിരുത്തും. സർക്കാർ മുഖേന എത്തിച്ച മരുന്നുകൾ വിതരണം ആരംഭിച്ചു കഴിഞ്ഞു. വൈറസ് ബാധയേറ്റ മറ്റ് പ്രദേശങ്ങളിലും മരുന്ന് വിതരണംചെയ്യാൻ നിർദേശിച്ചിട്ടുണ്ട്.
സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ 25 ന് ഉച്ചയ്ക്ക് 2 മണിക്ക് രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, എം.പി.മാർ, എംഎൽഎമാർ എന്നിവരുടെ യോഗം കോഴിക്കോട് കലക്ടറേറ്റിൽ ചേരും. മന്ത്രിമാരായ കെ.കെ. ശൈലജ ടീച്ചർ, ടി.പി. രാമകൃഷ്ണൻ, എ കെ. ശശീന്ദ്രൻ എന്നിവർ പങ്കെടുക്കും. അന്ന് വൈകിട്ട് നാല് മണിക്ക് കോഴിക്കോട് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികളുടെ യോഗവും കലക്ടറേറ്റിൽ ചേരുന്നതാണ്.
നിപാ വൈറസുമായി ബന്ധപ്പെട്ട ബോധവൽക്കരണം നടത്താനും മുൻകരുതൽ നടപടികൾ ശക്തമാക്കാനും യോഗം തീരുമാനിച്ചു. നിലവിൽ സർക്കാർ എടുത്ത നടപടികളിൽ കേന്ദ്ര സംഘവും മറ്റു സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരും സംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.