നിപ്പാ വൈറസ് ബാധ :ഓസ്ട്രേലിയയിൽ നിന്നും മരുന്നെത്തിക്കും
തിരുവനന്തപുരം: നിപ്പാ വൈറസ് ബാധ പടരുന്നതിനിടെ സംസ്ഥാനത്തിനു സഹായവുമായി ഓസ്ട്രേലിയ. ക്വീൻസ്ലൻഡിൽ വികസിപ്പിച്ചെടുത്ത മരുന്ന് നൽകാമെന്ന് ഓസ്ട്രേലിയൻ അധികൃതർ അറയിച്ചു. ഇന്ത്യൻ കൗണ്‍സിൽ ഫോർ മെഡിക്കൽ റിസർച്ചിന്റെ അഭ്യർഥനയെത്തുടർന്നാണ് ക്വീൻസ്ലൻഡ് ഈ ആന്റിബോഡി നൽകുന്നത്. അടുത്തയാഴ്ചയോടെ ആന്റിബോഡി ഇന്ത്യക്ക് നൽകുമെന്നും ക്വീൻസ്ലൻഡ് അധികൃതർ അറിയിച്ചു.
മലേഷ്യയിൽനിന്ന് എത്തിച്ച റൈബവൈറിൻ എന്ന മരുന്നാണ് നിലവിൽ രോഗികൾക്കു നൽകുന്നത്. എന്നാൽ ഇത് പൂർണമായി ഫലപ്രദമല്ലെന്നു കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ മരുന്ന് എത്തിക്കാൻ നടപടി സ്വീകരിച്ചത്. എന്നാൽ നിപ്പാ വൈറസിന് ഈ ആന്റിബോഡി പൂർണമായും പ്രയോജനപ്രദമാകുമോ എന്നത് സംബന്ധിച്ച് ഇതുവരെ ക്വീൻസ്ലൻഡ് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല.
ഓസ്ട്രേലിയയിൽ നിപ്പയ്ക്കു സമാനമായ ഹെൻഡ്ര വൈറസ് ബാധയുണ്ടായപ്പോൾ നൽകിയ ആന്റിബോഡിയാണ് ഇത്. 2013ലാണ് മരുന്ന് വികസിപ്പിച്ചെടുത്തത്. സംസ്ഥാനത്ത് 12 പേരാണ് നിപ്പാ വൈറസ് ബാധിച്ച് മരിച്ചത്. ഇതേ തുടർന്നാണ് ഇന്ത്യ ഓസ്ട്രേലിയയുടെ സഹായം തേടിയത്.