വീണ്ടും ചോദ്യം ചെയ്യും ശിവശങ്കരനെ എൻ.ഐ.എ
എൻ.ഐ.എ ദക്ഷിണ മേഖല ഡിഐജി കെ.ബി വന്ദനയുടെ മേൽനോട്ടത്തില്‍ കൊച്ചിയിലായിരുന്നു ചോദ്യം ചെയ്യല്‍
തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരനെ എൻ.ഐ.എ ഇന്നും ചോദ്യം ചെയ്യും. ഇന്നലെ ഇദ്ദേഹത്തെ 9 മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ശിവശങ്കരനോട് ഇന്ന് പത്ത് മണിക്ക് ഹാജരാവാനാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. എൻ.ഐ.എ ദക്ഷിണ മേഖല ഡിഐജി കെ.ബി വന്ദനയുടെ മേൽനോട്ടത്തില്‍ കൊച്ചിയിലായിരുന്നു ചോദ്യം ചെയ്യല്‍. സി.ആർ.പി.സി 160 പ്രകാരം നോട്ടീസ് നല്‍കിയാണ് ശിവശങ്കറിനെ എൻ.ഐ. എ വിളിച്ചുവരുത്തിയത്.
കൊച്ചിയിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കൊപ്പം എന്‍ഐഎ ദക്ഷിണേന്ത്യന്‍ മേധാവി കെ.ബി. വന്ദന, ബെംഗളൂരുവില്‍ നിന്നുള്ള എന്‍ഐഎ ഉദ്യോഗസ്ഥര്‍ എന്നിവരും ചോദ്യം ചെയ്യലില്‍ പങ്കെടുത്തിരുന്നു. തിരുവനന്തപുരത്ത് വച്ച് നടത്തിയ ചോദ്യം ചെയ്യലില്‍ നല്‍കിയ മൊഴികളിലെ വൈരുദ്ധ്യങ്ങളില്‍ വ്യക്തത തേടാനാണ് എന്‍.ഐ.എയുടെ പ്രധാന ശ്രമം. മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കാതെ സ്വന്തം വാഹനത്തില്‍ കൊച്ചിയിലെത്തിയാണ് ശിവശങ്കര്‍ ചോദ്യം ചെയ്യലിന് ഹാജരായത്.
കേസിലെ പ്രതികളായ സ്വപ്നയെയും സരിത്തിനെയും അറിയാമെന്നും സൗഹൃദം മാത്രമാണ് ഇവരോടുണ്ടായിരുന്നതെന്നുമാണ് ശിവശങ്കര്‍ നേരത്തേ തിരുവനന്തപുരത്തുനടന്ന ചോദ്യംചെയ്യലില്‍ എന്‍.ഐ.എ.യോട് പറഞ്ഞിരുന്നത്.സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരെ കസ്റ്റഡിയില്‍ കിട്ടണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് സമര്‍പ്പിച്ച അപേക്ഷ ഇന്ന് കോടതി പരിഗണിക്കും.