കൈവെട്ട് കേസ് പ്രതി സവാദിന്റെ തിരിച്ചറിയൽ പരേഡ് വേഗത്തിൽ പൂര്‍ത്തിയാക്കാൻ എൻഐഎ നീക്കം

തിരിച്ചറിയൽ പരേഡ് പൂര്‍ത്തിയാക്കി സവാദിനെ വേഗത്തിൽ കസ്റ്റഡിയിൽ വാങ്ങുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.ജനുവരി 24 വരെ റിമാന്റിലാണ് സവാദ്.

0

കൊച്ചി| ചോദ്യപേപ്പറിൽ മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളജ് മലയാളം അധ്യാപകനായിരുന്ന പ്രൊഫ ടിജെ ജോസഫിന്റെ കൈ വെട്ടിയ കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി സവാദിന്റെ തിരിച്ചറിയൽ പരേഡ് വേഗത്തിൽ പൂര്‍ത്തിയാക്കാൻ എൻഐഎ നീക്കം തുടങ്ങി. ഇതിനായി മജിസ്ട്രേറ്റ് കോടതിയിൽ എൻഐഎ അന്വേഷണ സംഘം ഉടൻ അപേക്ഷ നൽകും. തിരിച്ചറിയൽ പരേഡ് പൂര്‍ത്തിയാക്കി സവാദിനെ വേഗത്തിൽ കസ്റ്റഡിയിൽ വാങ്ങുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.ജനുവരി 24 വരെ റിമാന്റിലാണ് സവാദ്. ഇയാളിപ്പോൾ എറണാകുളം സബ് ജയിലിലാണ് തടവിൽ കഴിയുന്നത്. പ്രതിയുടെ കൈയ്യില്‍ നിന്ന് പിടിച്ചെടുത്ത രണ്ട് മൊബൈല്‍ ഫോണുകളില്‍ വിശദമായ ഫൊറന്‍സിക്ക് പരിശോധന നടത്തും. സവാദിനെ ചോദ്യം ചെയ്ത് കേസിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സഹായത്തോടെയാണ് സവാദ് 13 വര്‍ഷം ഒളിവില്‍ കഴിഞ്ഞതെന്നും എന്‍ഐഎ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

സവാദ് കണ്ണൂരിലുണ്ടെന്ന സൂചന എൻഐഎയ്ക്ക് നേരത്തേ ലഭിച്ചിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി പരിശോധന നടത്തിയെങ്കിലും പിടിക്കപ്പെടാതെ പോകാൻ കാരണമായത് നാട്ടിലെല്ലാം അറിയപ്പെട്ടിരുന്ന ഷാജഹാൻ എന്ന പേരായിരുന്നു. ഇതിനിടെയാണ് മട്ടന്നൂരിനു സമീപം ബേരത്ത് ഇയാൾ ഒളിവിൽ കഴിയുന്നതായി വിവരം ലഭിച്ചത്.ഈ പ്രദേശത്തു നടത്തിയ പ്രാഥമികാന്വേഷണത്തിലും സവാദ് എന്നൊരാൾ ഇല്ലെന്ന് വ്യക്തമായി. ഇതിനിടെ ഉണ്ടായ സംശയത്തിന്റെ അടിസ്ഥാനത്തിൽ മട്ടന്നൂർ മുനിസിപ്പാലിറ്റിയിൽ ഇളയ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് പരിശോധിച്ചാണ്, ഷാജഹാനെന്ന പേരിൽ കഴിയുന്നത് കുപ്രസിദ്ധമായ കൈവെട്ടു കേസിലെ പ്രതി സവാദാണെന്ന് അന്വേഷണ സംഘം ഉറപ്പിച്ചത്.

You might also like

-