ദേശീയപാത നിർമ്മാണത്തിൽ കരാറുകാർ ക്രമക്കേട് കാട്ടിയെന്ന് എൻഎച്ച്എഐ,ഒരു കിലോ മീറ്റർ റോഡ് പൂർണ്ണമായും പുനർനിർമ്മിക്കാ ൻ ശുപാർശ

പ്രദേശത്തെ മണ്ണ് പരിശോധിച്ചു ഗുണനിലവാരം വിലയിരുത്തിയില്ല. നെല്‍പാടങ്ങളിലടക്കം ആവശ്യമായ സാങ്കേതിക പരിശോധന നടത്തിയില്ല.

ഡൽഹി| ദേശീയപാത നിർമ്മാണത്തിൽ കരാറുകാർ ക്രമക്കേട് കാട്ടിയെന്ന് എൻഎച്ച്എഐ. ടെൻഡർ വ്യവസ്ഥകളിൽ വെള്ളം ചേർത്തെന്ന് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി യോഗത്തിന് മുൻപാകെ അധികൃത‍ർ സമ്മതിച്ചു.മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞ സംഭവത്തില്‍ വിദഗ്ധ സമിതി കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു,പ്രദേശത്തെ മണ്ണ് പരിശോധിച്ചു ഗുണനിലവാരം വിലയിരുത്തിയില്ല. നെല്‍പാടങ്ങളിലടക്കം ആവശ്യമായ സാങ്കേതിക പരിശോധന നടത്തിയില്ല.
ഡിസൈനിങ്ങിലും കാര്യമായ തകരാര്‍ ഉണ്ടായി എന്നുമാണ് വിമര്‍ശനം. വെള്ളം കയറിയതിലൂടെ മണ്ണില്‍ ഉണ്ടായ സമ്മര്‍ദമാണ് റോഡ് തകരാന്‍ കാരണമായത് എന്നാണ് സമിതിയുടെ കണ്ടെത്തല്‍. കമ്പനി പാലം ഒഴിവാക്കി എംബാങ്ക് ഉപയോഗിച്ചത് ചെലവ് കുറക്കാന്‍ ആണെന്നും സമിതി വിലയിരുത്തുന്നു.കൂരിയാട് ദേശീയപാതയില്‍ സംരക്ഷണ ഭിത്തിയടക്കം തകര്‍ന്ന ഭാഗത്തെ ഒരു കിലോമീറ്ററോളം റോഡ് പൂര്‍ണമായും പുനര്‍നിര്‍മിക്കണമെന്നും,400 മീറ്റര്‍ നീളമുള്ള പാലം നിര്‍മ്മിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്യുന്നു. കൂരിയാട് അണ്ടര്‍പാസിനെ വയലിന്റെ മധ്യത്തിലുള്ള അണ്ടര്‍പാസുമായി ബന്ധിപ്പിച്ച് പാലം നിര്‍മ്മിക്കാനാണ് നിര്‍ദ്ദേശം.

40 ശതമാനം വരെ തുക കുറച്ചാണ് ഉപകരാറുകൾ നല്‍കിയത്. ഞെട്ടിപ്പിക്കുന്ന വിശദാംശങ്ങളാണ് പുറത്ത് വരുന്നതെന്ന് കെ സി വേണുഗോപാൾ പറഞ്ഞു . ദേശീയ പാത അതോറിറ്റി ചെയർമാൻ ശനിയാഴ്ച കേരളത്തിലെത്തും. കോഴിക്കോട് മുതൽ കാസർഗോഡ് വരെയുള്ള ദേശീയപാത നിർമ്മാണം പരിശോധിക്കാൻ വിദഗ്ധ സമിതിക്ക് കേന്ദ്ര നിർദേശം നല്‍കി. കൂരിയാട് ഒരു കിലോ മീറ്റർ റോഡ് പൂർണ്ണമായും പുനർനിർമ്മിക്കാനാണ് ശുപാർശ
ദേശീയപാത നിർമ്മാണത്തിൽ വ്യാപക അഴിമതി നടന്നതായി സംശയിക്കുന്നെന്ന് കെ സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തിന്‍റെ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായിട്ടുള്ള നിര്‍മാണമല്ല നടക്കുന്നതെന്ന് പ്രതിപക്ഷം നേരത്തെ പറഞ്ഞതാണ്. ഡിസൈന്‍ തീരുമാനിക്കുന്നത് കരാറുകാരാണ്. ദേശീയപാത തകര്‍ന്ന സ്ഥലങ്ങളില്‍ പരിശോധന നടത്തണമെന്ന് ആവശ്യപ്പെടുമെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. കരാർ, ഡിസൈൻ എന്നിവ പരിശോധിക്കാൻ സിഎജിക്ക് പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി നിർദ്ദേശിച്ചു. മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു.
അതിനിടെ, ദേശീയപാത കരാർ കമ്പനിയായ മേഘയുടെ നിർമ്മാണത്തിൽ വീണ്ടും തകരാറുകൾ കണ്ടെത്തി. കാസർകോട് മാവുങ്കാൽ മേൽപ്പാലത്തിലെ കോൺക്രീറ്റ് തകർന്ന് കമ്പികൾ പുറത്ത് വന്നു. പാലത്തിൻ്റെ സ്പാനറുകൾ ഘടിപ്പിച്ച മധ്യഭാഗത്തെ വിടവിൽ കോൺക്രീറ്റിൽ ടാർ ചെയ്ത ഭാഗത്താണ് കമ്പികൾ പുറത്ത് കാണുന്നത്.അതേസമയം, ദേശീയപാത 66ല്‍ മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനി നടത്തുന്ന അശാസ്ത്രീയമായ നിര്‍മ്മാണത്തിനെതിരെ കാസര്‍ഗോഡ് ഡിസിസിയുടെ നേതൃത്വത്തില്‍ കമ്പനിയുടെ മയിലാട്ടിയിലെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ദേശീയപാതയില്‍ ചെര്‍ക്കള മുതല്‍ കാലിക്കടവ് വരെയുള്ള രണ്ടും മൂന്നും റീച്ചുകളിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. ചെര്‍ക്കളയില്‍ മേഘ കമ്പനി നിര്‍മ്മിച്ച പാലം മുന്‍പ് തകര്‍ന്നു വീണിട്ടും കമ്പനിക്കെതിരെ അന്ന് നടപടി എടുക്കാത്തതാണ് ദേശീയപാതയില്‍ ഇന്ന് കാണുന്ന പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി ചൂണ്ടിക്കാട്ടി. മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടും അക്കാര്യം സര്‍ക്കാര്‍ മുഖവിലയ്‌ക്കെടുത്തില്ലെന്ന് എംപി പറഞ്ഞു. ജനദ്രോഹപരമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ തുടര്‍ സമരങ്ങള്‍ നടത്താനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

You might also like

-